ബാഴ്‌സയ്‌ക്ക് ‘ഇന്റർലോക്ക്’ ; ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ സെമി സമനിലയിൽ പിരിഞ്ഞു

ബാഴ്സലോണയ്--ക്കെതിരെ ഇന്റർ മിലാന്റെ ഡെൻസൽ ഡംഫ്രിസ് (നടുവിൽ) ഗോൾ നേടുന്നു

Sports Desk
Published on May 03, 2025, 03:45 AM | 1 min read
ബാഴ്‌സലോണ :
ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ സ്വന്തംതട്ടകത്തിൽ ജയംകൊതിച്ച ബാഴ്‌സലോണയെ തളച്ച് ഇന്റർ മിലാൻ. ആദ്യപാദ സെമിയിൽ 3–-3ന് ഇന്ററിനോട് കുരുങ്ങി. സ്‌പാനിഷ് കിങ്‌സ് കപ്പിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ച് ചാമ്പ്യൻ പകിട്ടുമായെത്തിയ ബാഴ്‌സയ്‌ക്ക് അവസാന മൂന്ന് കളിയും തോറ്റെത്തിയ ഇന്ററിനെ മറികടക്കാനായില്ല. പ്രതിരോധത്തിലെ വിള്ളലുകളാണ് ജയം തടഞ്ഞത്. ഇന്ററിനായി ഡെൻസൽ ഡംഫ്രിസ് ഇരട്ടഗോൾ നേടി. മറ്റൊന്ന് മാർകസ് തുറാമും. ബാഴ്സയ്‌ക്കായി കൗമാരവിസ്‌മയം ലമീൻ യമാൽ, ഫെറാൻ ടോറസ് എന്നിവർ ലക്ഷ്യംകണ്ടു. മറ്റൊന്ന് ഇന്റർ ഗോൾകീപ്പർ യാൻ സോമെറുടെ പിഴവുഗോളായിരുന്നു. മിലാനിൽ ചൊവ്വാഴ്‌ചയാണ് രണ്ടാംപാദ സെമി.
ആറ് ഗോൾ വീണ മത്സരം ആവേശകരമായിരുന്നു. കൊണ്ടും കൊടുത്തും ഇരുടീമുകളും കളംനിറഞ്ഞു. വിസിൽ മുഴങ്ങി 30–-ാം സെക്കൻഡിൽതന്നെ തുറാമിന്റെ കൗശലത്തിലൂടെ ഇന്റർ മുന്നിലെത്തി. ഗോൾമുഖത്ത് വന്ന പന്ത് അപ്രതീക്ഷിതമായി പിൻകാൽകൊണ്ട് ഫ്രഞ്ചുകാരൻ വലയിലേക്ക് തട്ടിയിട്ടു.
ചാമ്പ്യൻസ് ലീഗ് സെമി ചരിത്രത്തിലെ വേഗമേറിയ ഗോളാണിത്. ഞെട്ടലിൽനിന്ന് മാറുംമുമ്പേ ഡംഫ്രിസ് സിസർ കട്ടിലൂടെ അടുത്ത പ്രഹരം ബാഴ്‌സയ്‌ക്ക് സമ്മാനിച്ചു. 21 മിനിറ്റിൽ ഇന്ററിന് രണ്ട് ഗോൾ ലീഡ്. എന്നാൽ പതിനേഴുകാരൻ യമാലിന്റെ അത്യുഗ്രൻ ഗോൾ സന്ദർശകരെ തിരിച്ചുകൊണ്ടുവന്നു. വലതുഭാഗത്തുനിന്ന് ഗോൾമുഖത്തേക്ക് ഓടിയടുത്ത യമാൽ അഞ്ച് എതിർ താരങ്ങളെ മറികടന്ന് ഇടംകാലടി തൊടുത്തു. പന്ത് വലയിലേക്ക് ഊർന്നിറങ്ങുന്നത് നോക്കിനിൽക്കാനെ ഗോളിക്ക് കഴിഞ്ഞുള്ളു.
ഇടവേളയ്‌ക്ക് പിരിയുംമുമ്പ് ടോറസ് ബാഴ്‌സയ്‌ക്ക് സമനില നൽകി. ഇന്റർ നിരയിൽ തകർത്തുകളിച്ച ഡംഫ്രിസ് 63–-ാം മിനിറ്റിൽ വീണ്ടും ടീമിന് ലീഡ് നൽകി. എന്നാൽ രണ്ട് മിനിറ്റിനുള്ളിൽ ബാഴ്‌സ തിരിച്ചടിച്ചു. റഫീന്യയുടെ 25 വാര അകലെനിന്നുള്ള ഷോട്ട് പോസ്റ്റിൽ തട്ടിയതിനുപിന്നാലെ ഗോളി സോമെറിന്റെ ദേഹത്തുകൊണ്ട് വലയ്‌ക്കകത്തായി. ഹെൻറിക് ഖിതാര്യൻ ഗോളടിച്ചെങ്കിലും ഓഫ്‌സൈഡായി.









0 comments