പാരീസ് വേഗം, ഇറ്റാലിയൻ പൂട്ട് ; ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ഫൈനൽ ഇന്ന്


Sports Desk
Published on May 31, 2025, 03:14 AM | 1 min read
മ്യൂണിക്
ചാമ്പ്യൻസ് ലീഗിന്റെ ചരിത്ര ഫൈനലിൽ ഇന്ന് ഫ്രഞ്ച് x ഇറ്റാലിയൻ മുഖാമുഖം. ജർമനിയിലെ മ്യൂണിക്കിൽ നടക്കുന്ന ഫൈനലിൽ ഫ്രഞ്ച് ലീഗ് ചാമ്പ്യൻമാരായ പിഎസ്‌ജിയും ഇറ്റലിയിലെ വമ്പൻമാരായ ഇന്റർ മിലാനും ഏറ്റുമുട്ടുന്നു. മ്യൂണിക്കിലെ അലയൻസ് അരീനയിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് കളി. ഘടനയിൽ മാറ്റം വരുത്തിയശേഷമുള്ള ആദ്യ ചാമ്പ്യൻസ് ലീഗിന്റെ വിജയകരമായ പതിപ്പിനാണ് പരിസമാപ്‌തിയാകുന്നത്.
രണ്ട് ധ്രുവങ്ങളിലാണ് പിഎസ്‌ജിയും ഇന്ററും. ലീഗ് ഘട്ടത്തിൽ പിഎസ്‌ജി ചിത്രത്തിലുണ്ടായിരുന്നില്ല. ഇന്റർ ആദ്യ എട്ട് സ്ഥാനങ്ങളിൽ ഇടംപിടിച്ച് പ്രീ ക്വാർട്ടറിലേക്ക് നേരിട്ട് യോഗ്യത നേടുകയായിരുന്നു. 15–-ാം സ്ഥാനത്തായ പിഎസ്‌ജിക്ക് പ്ലേ ഓഫ് കളിക്കേണ്ടിവന്നു. ബ്രെസ്‌റ്റിനെ ഇരുപാദങ്ങളിലുമായി പത്ത് ഗോളിന് തകർത്തായിരുന്നു പ്രീ ക്വാർട്ടറിലേക്കുള്ള മുന്നേറ്റം. പ്രീ ക്വാർട്ടറിൽ ഇംഗ്ലീഷ് കരുത്തരായ ലിവർപൂളിനെ ഷൂട്ടൗട്ടിൽ തീർത്തു. ആവേശകരമായ ക്വാർട്ടറിൽ ആസ്‌റ്റൺ വില്ലയെ 5–-4ന് മറികടന്നു. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ ഇരുപാദങ്ങളിലുമായി കീഴടക്കിയെത്തിയ അഴ്‌സണലായിരുന്നു സെമിയിൽ. ഇരുപാദവും സ്വന്തമാക്കി 3–-1ന് ഫൈനലിലേക്ക്.
എസി മിലാനെ പ്ലേ ഓഫിൽ മടക്കിയ ഫെയ്‌നൂർദിനെയാണ് ഇന്റർ പ്രീ ക്വാർട്ടറിൽ തോൽപ്പിച്ചത്. ഇരുപാദങ്ങളിലുമായി 4–-1. ക്വാർട്ടറിൽ കരുത്തരായ ബയേൺ മ്യൂണിക്കിനെ 4–-3ന് മടക്കി. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ സെമിയിൽ ബാഴ്‌സലോണയെ ഇരുപാദങ്ങളിലുമായി 7–-6ന് മറികടന്നായിരുന്നു കിരീടപ്പോരിലേക്കുള്ള മുന്നേറ്റം.
പിഎസ്‌ജി ഫ്രഞ്ച് ലീഗ് ഉൾപ്പെടെ ആഭ്യന്തര കിരീടങ്ങളെല്ലാം സീസണിൽ സ്വന്തമാക്കി. ലൂയിസ് എൻറിക്വെയെന്ന തന്ത്രശാലിയായ പരിശീലകൻ പാരീസുകാരുടെ കളിരീതി തന്നെ മാറ്റിയെടുത്തു. കിലിയൻ എംബാപ്പെയെന്ന സൂപ്പർ താരത്തിൽ മാത്രം കേന്ദ്രീകരിച്ചുള്ള കളി മാറി. പന്ത് നഷ്ടമായാൽ പിടിച്ചെടുക്കാനും എതിരാളികളിൽ സമ്മർദമുണ്ടാക്കി പിഴവ് വരുത്തിക്കാനും മികവുള്ള മധ്യനിരയാണ് കരുത്ത്. ഗോൾ കീപ്പർ ജിയാൻല്യൂജി ദൊന്നരുമ്മയുടെ അസാമാന്യ മികവ് പിഎസ്‌ജിക്ക് മുതൽക്കൂട്ടാണ്.
മറുവശത്ത് സിമോണി ഇൻസാഗിയുടേത് പരമ്പരാഗത ശൈലിയാണ്. പ്രതിരോധത്തിൽ ഉറച്ച് പ്രത്യാക്രമണം നടത്തും. ഫ്രാൻസെസ്‌കോ അകെർബി, അലെസാൻഡ്രോ ബസ്‌റ്റോണി, സ്‌റ്റെഫാൻ ഡി വ്രിജ് എന്നിവരാണ് പ്രതിരോധ ഹൃദയത്തിൽ. മുന്നേറ്റനിരയിൽ ലൗതാരോ മാർട്ടിനെസും മാർകസ് തുറാമുമുണ്ട്. ഗോൾകീപ്പർ യാൻ സോമ്മെർ മികച്ച ഫോമിലാണ്.









0 comments