റയലിന് ലിവർപൂൾ, സിറ്റി: ചാമ്പ്യൻസ് ലീഗ് കടുക്കും

മൊണാകോ:
ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ പുതിയ സീസണിലെ ആദ്യ റൗണ്ട് മുതൽ കടുത്ത പോരാട്ടങ്ങൾ. നിലവിലെ ജേതാക്കളായ പിഎസ്‌ജിക്കും 15 തവണ ചാമ്പ്യനായ റയൽ മാഡ്രിഡിനും കാര്യങ്ങൾ എളുപ്പമാകില്ല. ആകെ 36 ടീമുകളാണ് ലീഗ് ഘട്ടത്തിൽ മത്സരിക്കുക. ഒരു ടീമിന് എട്ട് എതിരാളികൾ. സ്വന്തം തട്ടകത്തിലും എതിർ തട്ടകത്തിലും മത്സരങ്ങളുണ്ട്. ഇതിൽനിന്ന് മികച്ച എട്ട് ടീമുകൾ നേരിട്ട് പ്രീ ക്വാർട്ടറിലേക്ക് മുന്നേറും.
ഒമ്പതുമുതൽ 24വരെ സ്ഥാനങ്ങളിലുള്ള ടീമുകൾ പ്ലേ ഓഫ-് കളിക്കും. ഇതിൽ എട്ട് ടീമുകൾകൂടി പ്രീ ക്വാർട്ടറിലെത്തും. 24മുതൽ 36വരെ സ്ഥാനങ്ങളിലുള്ള ടീമുകൾ പുറത്താകും. സെപ്‌തംബർ 16ന് ലീഗ് മത്സരങ്ങൾക്ക് തുടക്കമാകും.
പിഎസ്‌ജിക്ക് ബയേൺ മ്യൂണിക്, ബാഴ്‌സലോണ, ടോട്ടനം ഹോട്‌സ്‌പർ, ന്യൂകാസിൽ യുണൈറ്റഡ്, ബയേർ ലെവർകൂസൻ തുടങ്ങിയ ടീമുകളാണ് പ്രധാന എതിരാളികൾ. റയലിന് മാഞ്ചസ്‌റ്റർ സിറ്റി, ലിവർപൂൾ, യുവന്റസ് ടീമുകൾ വെല്ലുവിളിയാകും.
സിറ്റിക്ക് റയലും ബൊറൂസിയ ഡോർട്‌മുണ്ടും നാപോളിയുമാണ് പ്രധാന എതിരാളികൾ. ബയേൺ മ്യൂണിക്കിന് ചെൽസി, പിഎസ്‌ജി, അഴ്‌സണൽ ടീമുകളുമായി കളിക്കണം. റയൽ, അത്‌ലറ്റികോ മാഡ്രിഡ്, ഇന്റർ മിലാൻ ടീമുകളാണ് ലിവർപൂളിന്റെ ഗ്രൂപ്പിൽ. ചെൽസിക്കൊപ്പം ബാഴ്‌സ, ബയേൺ, നാപോളി ടീമുകളുണ്ട്. ബാഴ്‌സയുടെ ഗ്രൂപ്പിൽ പിഎസ്‌ജി, ചെൽസി, ന്യൂകാസിൽ ടീമുകളും ഉൾപ്പെട്ടു.









0 comments