ബ്രസീൽ ഫുട്ബോൾ ടീമിന്റെ പരിശീലകൻ; തീരുമാനം 25ന്: ആൻസെലോട്ടി

മാഡ്രിഡ് : സ്‌പാനിഷ് ലീഗ് കഴിഞ്ഞാലുടൻ ഭാവി തീരുമാനിക്കുമെന്ന് റയൽ മാഡ്രിഡ് കോച്ച് കാർലോ ആൻസെലോട്ടി. ബ്രസീൽ ദേശീയ ടീമിന്റെ ചുമതലയേൽക്കുമെന്ന വാർത്തകൾക്കിടെയാണ് അറുപത്തഞ്ചുകാരൻ നയം വ്യക്തമാക്കിയത്. ‘മെയ് 25ന് ലീഗ് കഴിയുന്ന ദിവസം എല്ലാം പറയാം. റയലുമായുള്ളത് ആത്മബന്ധമാണ്. അത് എന്നും തുടരും. ഇന്നായാലും നാളെയായാലും സന്തോഷവാനായാണ് ക്ലബ്ബിന്റെ പടിയിറങ്ങുക’–-ആൻസെലോട്ടി പറഞ്ഞു.
ബ്രസീലുമായി ആൻസെലോട്ടി വാക്കാൽ ധാരണയിലെത്തിയിരുന്നു. എന്നാൽ റയൽ മാനേജ്‌മെന്റ് ഈ നടപടിയിൽ തൃപ്തരായിരുന്നില്ല. ലീഗ് കഴിഞ്ഞ് ഭാവി തീരുമാനിക്കാം എന്നാണ് അവർ പരിശീലകന് നൽകിയ വാഗ്‌ദാനം. ഇത് ഇറ്റലിക്കാരൻ ബ്രസീൽ ഫെഡറേഷനെ അറിയിച്ചിട്ടുണ്ട്. ഈ മാസം അവസാനംവരെ ആൻസെലോട്ടിക്കായി കാത്തിരിക്കാൻ ബ്രസീൽ തയ്യാറാണ്. ജൂൺ ആദ്യവാരം ടീമിന് ലോകകപ്പ് യോഗ്യതാ മത്സരമുണ്ട്.
രണ്ടാംവരവിൽ റയലിന് 11 ട്രോഫികൾ സമ്മാനിച്ച ആൻസെലോട്ടി ഈ സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു. മികച്ച താരങ്ങളുണ്ടായിട്ടും മുന്നേറാനായില്ല. സ്‌പാനിഷ് ലീഗിൽ അഞ്ച് കളി ശേഷിക്കെ നാല് പോയിന്റിന് ബാഴ്‌സലോണയ്‌ക്ക് പിറകിൽ രണ്ടാംസ്ഥാനത്താണ്. ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടറിൽ പുറത്തായി. കിങ്‌സ് കപ്പ് ഫൈനലിൽ ബാഴ്‌സയോട് തോറ്റു.
ലീഗിനുശേഷം പരിശീലകനുമായി പിരിയാനുള്ള തയ്യാറെടുപ്പിലാണ് റയൽ. മുൻതാരം സാബി അലോൺസോയാണ് പകരക്കാരനായെത്തുക.









0 comments