print edition ആറടിച്ച് കാലിക്കറ്റ് കുതിച്ചു

എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ ഫോഴ്സ കൊച്ചി എഫ് സിക്കെതിരെ കാലിക്കറ്റ് എഫ്സിയുടെ മുഹമ്മദ് അജ്സൽ (നടുവിൽ) ഗോൾ നേടുന്നു. (ഫോട്ടോ: വി കെ അഭിജിത്)
കൊച്ചി: തകർപ്പൻ ജയത്തോടെ കാലിക്കറ്റ് എഫ്‌സി കുതിച്ചുകയറി. സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ ഫോഴ്സ കൊച്ചി എഫ്സിയെ 6–2ന് തോൽപ്പിച്ചു. ആറ് കളിയിൽ 11 പോയന്റുമായി കാലിക്കറ്റ് ഒന്നാംസ്ഥാനത്തെത്തി. കൊച്ചിയുടെ തുടർച്ചയായ ആറാം തോൽവിയാണ്.
എറണാകുളം മഹാരാജാസ് കോളേജ് സ്‌റ്റേഡിയത്തിൽ കാലിക്കറ്റിനായി യുവതാരം മുഹമ്മദ് അജ്സൽ ഹാട്രിക്ക് നേടി. വിജയികൾക്കായി ക്യാപ്റ്റൻ പ്രശാന്ത് രണ്ടും സിമിൻലെൻ ഡെങ്കൽ ഒരു ഗോളുമടിച്ചു. കൊച്ചിയുടെ രണ്ട് ഗോളും ഡച്ചുകാരൻ റൊണാൾഡ് വാൻ കെസലിന്റേതായിരുന്നു.
കളി തുടങ്ങി അഞ്ച് മിനിറ്റിനിടെ നാല് അവസരങ്ങൾ സൃഷ്‌ടിച്ചാണ് കലിക്കറ്റ് തുടങ്ങിയത്. 19–ാം മിനിറ്റിൽ ആദ്യ ഗോൾ വന്നു. ഇടതു വിങിൽ നിന്ന് ക്യാപ്റ്റൻ പ്രശാന്ത് നൽകിയ പന്ത് അണ്ടർ 23 താരമായ മുഹമ്മദ് അജ്സൽ വലയിലാക്കി. മധ്യനിരയിൽ നിന്ന് ആസിഫ് കൈമാറിയ പന്ത് ലക്ഷ്യത്തിലെത്തിച്ച് അജ്സൽ ലീഡുയർത്തി. ആറ് മിനിറ്റിനകം കാലിക്കറ്റ് വീണ്ടും ഗോളടിച്ചു. മുഹമ്മദ് റിയാസിന്റെ ക്രോസിൽ പ്രശാന്തിന്റെ ഫിനിഷ്. ഇടവേളക്ക് പിരിയുംമുമ്പ് അജ്സൽ ഹാട്രിക് തികച്ചു. ലീഗിൽ അഞ്ച് ഗോളുമായി അജ്സൽ ഒന്നാമതാണ്.രണ്ടാംപകുതിയിൽ രണ്ട് ഗോൾകൂടി നേടി കാലിക്കറ്റ് പട്ടികപൂർത്തിയാക്കി. കൊച്ചിയും രണ്ടടിച്ച് പരാജയഭാരം കുറച്ചു.
ഇന്ന് കണ്ണൂർ ജവഹർ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ രാത്രി 7.30 ന് കണ്ണൂർ വാരിയേഴ്‌സ് എഫ്സി തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ നേരിടും. സോണി ടെൻ 2, ഡി ഡി മലയാളം, സ്-പോർട്സ്.കോം എന്നിവയിൽ തത്സമയം കാണാം.
പോയിന്റ് പട്ടിക
ടീം | കളി | ജയം | സമനില | തോൽവി | പോയിന്റ് |
കലിക്കറ്റ് | 6 | 3 | 2 | 1 | 11 |
തൃശൂർ | 5 | 3 | 1 | 1 | 10 |
മലപ്പുറം | 5 | 2 | 3 | 0 | 9 |
കണ്ണൂർ | 5 | 2 | 3 | 0 | 9 |
തിരുവനന്തപുരം | 5 | 1 | 1 | 3 | 4 |
കൊച്ചി | 6 | 0 | 0 | 6 | 0 |









0 comments