ഉവെെസിന് അരങ്ങേറ്റം , ജിതിനും ആഷിഖും ടീമിൽ , ടൂർണമെന്റ് 29ന്
കാഫ നേഷൻസ് കപ്പ് ഫുട‍്ബോൾ ; ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ

മുഹമ്മദ് ഉവെെസ് (നടുവിൽ) ഇന്ത്യൻ പരിശീലന ക്യാമ്പിൽ

Sports Desk
Published on Aug 26, 2025, 03:11 AM | 2 min read
ബംഗളൂരു
യുവനിരയ്‌ക്ക് പ്രാധാന്യം നൽകി കാഫ നേഷൻസ് കപ്പ് ഫുട്‌ബോളിനുള്ള ഇന്ത്യൻ ടീമിനെ പുതിയ പരിശീലകൻ ഖാലിദ് ജമീൽ പ്രഖ്യാപിച്ചു. 23 അംഗ ടീമിൽ മുഹമ്മദ് ഉവൈസ്, എം എസ് ജിതിന്‍, ആഷിഖ് കുരുണിയൻ എന്നീ മലയാളി താരങ്ങളും ഇടംപിടിച്ചു.
പ്രതിരോധക്കാരൻ ഉവൈസ് ഉൾപ്പെടെ മൂന്ന് പുതുമുഖങ്ങളാണ് ടീമിൽ. ഗോൾകീപ്പർ ഹൃതിക് തിവാരി, മുന്നേറ്റക്കാരൻ മൻവീർ സിങ് ജൂനിയർ എന്നിവരും ആദ്യമായാണ് ദേശീയ കുപ്പായമിടുന്നത്. ബംഗളൂരുവിൽ നടന്ന പരിശീലന ക്യാമ്പിനുശേഷമാണ് അന്തിമ ടീമിനെ പ്രഖ്യാപിച്ചത്. 35 അംഗങ്ങളായിരുന്നു സാധ്യതാ ടീമിൽ. ഏഴ് മലയാളികൾ ആദ്യ പട്ടികയിലുണ്ടായിരുന്നു.
മനോലോ മാർക്വസിന് പകരം ചുമതലയേറ്റ ഖാലിദിന് കീഴിൽ ആദ്യ ടൂർണമെന്റിനാണ് ഇന്ത്യ ഒരുങ്ങുന്നത്. 29ന് തജിക്കിസ്ഥാനിലാണ് കാഫ നേഷൻസ് കപ്പ് തുടങ്ങുന്നത്. മലയാളിയായ ഫിറോസ് ഷരീഫാണ് ഇന്ത്യയുടെ ഗോൾകീപ്പർ കോച്ച്.
ഇന്ത്യൻ ടീം
ഗോൾകീപ്പർമാർ–ഗുർപ്രീത് സിങ്, അമരീന്ദർ സിങ്, ഹൃതിക് തിവാരി.
പ്രതിരോധക്കാർ–രാഹുൽ ബെക്കെ, രോഷൻ സിങ്, അൻവർ അലി, സന്ദേശ് ജിങ്കൻ, ചിൻഗ്ലെൻസന സിങ്, വാൽപുയ, മുഹമ്മദ് ഉവൈസ്.
മധ്യനിരക്കാർ–നിഖിൽ പ്രഭു, സുരേഷ് സിങ്, ഡാനിഷ് ഫറൂഖ്, ജീക്‌സൺ സിങ്, ബോറിസ് സിങ്, ആഷിഖ് കുരുണിയൻ, ഉദാന്ത സിങ്, മഹേഷ് സിങ്.
മുന്നേറ്റക്കാർ–ഇർഫാൻ യാദവ്, മൻവീർ സിങ് ജൂനിയർ, എം എസ് ജിതിൻ, ലാലിയൻസുവാല ചാങ്‌തെ, വിക്രം പ്രതാപ് സിങ്.
ഇന്ത്യയുടെ മത്സരങ്ങൾ
29–തജിക്കിസ്ഥാൻ
സെപ്‌തംബർ 1–ഇറാൻ
4–അഫ്‌ഗാനിസ്ഥാൻ
മോഹൻ ബഗാൻ താരങ്ങളില്ല
ഇന്ത്യൻ ടീമിലേക്ക് കളിക്കാരെ വിട്ടുനൽകാതെ ഐഎസ്‌എൽ ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2നായി ഒരുങ്ങുന്നതിനാലാണ് കളിക്കാരെ ദേശീയ ടീമിലേക്ക് അയക്കാതിരുന്നത്. ഇതോടെ മലയാളി താരം സഹൽ അബ്‌ദുൾ സമദ് ഉൾപ്പെടെ ഏഴ് ബഗാൻ താരങ്ങൾക്ക് അവസരം നഷ്ടമായി. അണ്ടർ 23 ടീമിലേക്കും ബഗാൻ കളിക്കാരെ കൈമാറിയില്ല. ഇതിനിടെ സെപ്‌തംബർ 16ന് തുടങ്ങുന്ന ചാമ്പ്യൻസ് ലീഗ് 2ൽ പങ്കെടുക്കുന്ന മറ്റൊരു ഇന്ത്യൻ ക്ലബ്ബായ എഫ്‌സി ഗോവ കളിക്കാരെ വിട്ടുനൽകിയിട്ടുണ്ട്.
അണ്ടർ 23 ടീമിന് തോൽവി
ഇറാഖിനെതിരായ സൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ അണ്ടർ 23 ടീമിന് 2–1 തോൽവി. മലയാളി താരം മുഹമ്മദ് സനാനാണ് ഇന്ത്യക്കായി ഗോളടിച്ചത്. നൗഷാദ് മൂസ പരിശീലിപ്പിക്കുന്ന സംഘത്തിൽ സനാനെ കൂടാതെ മുഹമ്മദ് സഹീഫ്, വിബിൻ മോഹനൻ, മുഹമ്മദ് ഐമേൻ, എം എസ് ശ്രീകുട്ടൻ എന്നീ മലയാളികളുമുണ്ട്. അടുത്ത മാസം നടക്കുന്ന ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിനുള്ള ഒരുക്കമാണ് ഇന്ത്യക്ക്. 28ന് ഇറാഖുമായിതന്നെ അടുത്ത സൗഹൃദ മത്സരം കളിക്കും.









0 comments