അർജന്റീനയ്‌ക്കെതിരായ തോൽവി: ബ്രസീൽ പരിശീലകനെ പുറത്താക്കി

റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയോട് 4–1ന് തോറ്റതിന് പിന്നാലെ പരിശീലകൻ ഡൊറിവാൾ ജൂനിയറിനെ പുറത്താക്കി ബ്രസീൽ ഫുട്ബാൾ ടീം. ടീമിന്റെ ചുമതലയിൽ ഡൊറിവാൾ ഉണ്ടാകില്ലെന്ന് ബ്രസീലിയൻ ഫുട്‌ബോൾ കോൺഫെഡറേഷൻ അറിയിച്ചു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ടീം മോശം പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് നടപടി.
2002 ലോകകപ്പ് കഴിഞ്ഞ് ടിറ്റെ പടിയിറങ്ങിയശേഷം രണ്ടുപേരെയാണ് ബ്രസീൽ ചുമതലയേൽപ്പിച്ചത്. ഫെർണാണ്ടോ ഡിനിസിനായിരുന്നു ആദ്യ കോച്ച്. ഒരുവർഷ കരാർ. കഴിഞ്ഞ സീസൺ കോപയ്‌ക്കുമുമ്പ് ആൻസെലോട്ടി സ്ഥാനമേറ്റെടുക്കുമെന്ന് കോൺഫെഡറേഷൻ പ്രസിഡന്റ് എഡ്‌നാൾഡോ റോഡ്രിഗസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ റയലിന്റെ നീക്കം ഇതിന് തടസ്സമായി. ആൻസെലോട്ടി വരില്ലെന്ന് ഉറപ്പായതോടെയാണ് ഡൊറിവാളിനെ നിയമിച്ചത്.
അതേസമയം കാർലോ ആൻസെലോട്ടിയെ ടീം പരിശീലകസ്ഥാനത്തേക്ക് വീണ്ടും പരിഗണിക്കുന്നെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ ആൻസെലോട്ടിയുമായി ബ്രസീൽ ഏറെക്കുറെ ധാരണയിലെത്തിയിരുന്നു. കോപ അമേരിക്ക ഫുട്‌ബോളിനുമുമ്പ് സ്ഥാനമേൽക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ റയൽ മാഡ്രിഡ് കരാർ നീട്ടി. അടുത്ത വർഷം ജൂൺവരെയാണ് അറുപത്തഞ്ചുകാരന്റെ സ്‌പാനിഷ് ക്ലബ്ബിലെ കാലാവധി. എന്നാൽ ഉടൻതന്നെ ആൻസെലോട്ടിയെ കൂടാരത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ബ്രസീൽ കോൺഫെഡറേഷൻ.
അടുത്തവർഷം അരങ്ങേറുന്ന ലോകകപ്പ് ലക്ഷ്യമിട്ടാണ് ബ്രസീൽ ആൻസെലോട്ടിയെ നോട്ടമിടുന്നത്. ഈ ജൂലൈയിൽ ക്ലബ് ലോകകപ്പിനുശേഷം കോച്ചിനെ റാഞ്ചാനാണ് ശ്രമം. അഞ്ച് ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ 20 ട്രോഫികൾ നേടിയിട്ടുണ്ട്.









0 comments