ബ്ലാസ്റ്റേഴ്‌സ് കോർപ്പറേറ്റ് കപ്പ്: ആവേശപ്പോരാട്ടത്തിനൊടുവിൽ ടിസിഎസിനും യുഎസ്ടിക്കും കിരീടം

കൊച്ചി: സിംപിൾ എനർജി ബ്ലാസ്റ്റേഴ്‌സ് കോർപ്പറേറ്റ് കപ്പ് 2025 ന് കൊടിയിറങ്ങി. ലുലു ഫോറെക്‌സും ആക്ടിവ്ബേസും ചേർന്ന് സ്പോൺസർ ചെയ്ത ടൂർണമെൻ്റ്, കാക്കനാട്ടെ ആക്ടിവ്ബേസ് സ്പോർട്സ് സെന്ററിനെ പോരാട്ടങ്ങളുടെ വേദിയാക്കി. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സംഘടിപ്പിച്ച കപ്പിലൂടെ പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരെ ഫുട്ബോളിൻ്റെ പേരിൽ ഒന്നിപ്പിക്കുകയായിരുന്നു ലക്ഷ്യം.
വാശിയേറിയ ഫൈനലിൽ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) പുരുഷ വിഭാഗം കിരീടം നേടി. എച്ച് ആന്റ് ആർ ബ്ലോക്കിനെതിരെ 2-1 എന്ന സ്കോറിനാണ് ടിസിഎസിൻ്റെ വിജയം. വനിതാ വിഭാഗത്തിൽ യുഎസ്ടിയാണ് കിരീടം ചൂടിയത്. വിപ്രോയെ 1-0 എന്ന നേരിയ വ്യത്യാസത്തിലാണ് യുഎസ്ടി പരാജയപ്പെടുത്തിയത്. ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും തിങ്ങിനിറഞ്ഞ ഗാലറിയുടെ ആരവങ്ങൾക്കിടയിലായിരുന്നു ഫൈനൽ മത്സരങ്ങൾ. ഒക്ടോബർ 18-ന് തുടങ്ങിയ ടൂർണമെൻ്റിൽ 12 പുരുഷ ടീമുകളും 4 വനിതാ ടീമുകളുമാണ് പങ്കെടുത്തത്. നാല് വാരാന്ത്യങ്ങളിലായി നടന്ന 7എ സൈഡ് മത്സരങ്ങളിൽ സംസ്ഥാനത്തെ 250-ൽ അധികം കളിക്കാർ മാറ്റുരച്ചു. നിരവധി മത്സരങ്ങൾ അവസാന നിമിഷം വരെ ആവേശം നിറഞ്ഞതായിരുന്നു.
പുരുഷ വിഭാഗത്തിൽ ടിസിഎസിലെ റീജോ ജോർജ് പ്ലെയർ ഓഫ് ദി ടൂർണമെൻ്റ് പുരസ്‌കാരം നേടി. ടിസിഎസിൻ്റെ തന്നെ ജൂബിൻ അഗസ്റ്റിനാണ് ഗോൾഡൻ ഗ്ലൗ സ്വന്തമാക്കിയത്. ടൂർണമെൻ്റിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്‌കാരം എക്സ്പീരിയണിലെ അഹമ്മദ് മുർഷാദിന് ലഭിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച യുഎസ്ടിയിലെ സൂര്യ പോൾ വനിതാ വിഭാഗം പ്ലെയർ ഓഫ് ദി ടൂർണമെൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോൾകീപ്പിങ്ങിന് യുഎസ്ടിയിലെ വിജയലക്ഷ്മി വിൽസൺ ഗോൾഡൻ ഗ്ലൗവും, ടോപ് സ്കോററായി വിപ്രോയിലെ അഞ്ജന ബേബി ഗോൾഡൻ ബൂട്ട് പുരസ്‌കാരവും കരസ്ഥമാക്കി.
ബ്ലാസ്റ്റേഴ്‌സ് താരം ശ്രീകുട്ടൻ എം എസ്., ഗോൾകീപ്പർ അൽസാബിത്ത് എസ് ടി എന്നിവരുടെ സാന്നിധ്യം താരങ്ങൾക്കും ആവേശം പകർന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സിഇഒ അഭിക് ചാറ്റർജി, കൊമേഴ്‌സ്യൽ & റെവന്യൂ മേധാവി രഘു രാമചന്ദ്രൻ, സിംപിൾ എനർജി മാർക്കറ്റിംഗ് മാനേജർ ഷിനോയ് തോമസ്, ആക്ടിവ്ബേസ് മാനേജിംഗ് ഡയറക്ടർ ഡോ. അനസ് കൊല്ലഞ്ചേരി തുടങ്ങി നിരവധി വിശിഷ്ടാതിഥികൾ സമാപന ചടങ്ങിൽ പങ്കെടുത്തു. സിംപിൾ എനർജി, ലുലു ഫോറെക്സ്, ആക്ടിവ്ബേസ്, വിപിഎസ് ലേക്‌ഷോർ, തനിഷ്‌ക് എടപ്പള്ളി, പിസ്സ ഹട്ട്, ക്രാവിൻ എന്നിവരാണ് ടൂർണമെൻ്റിന് പിന്തുണ നൽകിയത്.









0 comments