26 വർഷം മുമ്പ് ഇന്ത്യക്ക് കളിച്ച താരം , ഇപ്പോൾ പരിശീലകറോളിൽ
ഗോളിന് കൊച്ചി സല്യൂട്ട് ; മാളവികയ്‌ക്ക് അഭിനന്ദനവുമായി ബെന്റില

എറണാകുളം അംബേദ്‌കർ സ്--റ്റേഡിയത്തിൽ ബെന്റില ഡിക്കോത്ത (നടുവിൽ) കുട്ടികൾക്ക് പരിശീലനം നൽകുന്നു
എസ് ശ്രീലക്ഷ്‌മി
Published on Jun 24, 2025, 12:17 AM | 1 min read
കൊച്ചി
അങ്ങകലെ തായ്‌ലൻഡിൽ മാളവിക ഇന്ത്യക്കായി ഗോളടിക്കുമ്പോൾ ബെന്റില ഡിക്കോത്ത ഇവിടെ കൊച്ചിയിൽ മൈതാനത്തായിരുന്നു. പെൺകുട്ടികളുടെ എറണാകുളം ജില്ലാ ജൂനിയർ ടീമിനൊപ്പം പരിശീലനത്തിൽ. "മാളവികയുടെ നേട്ടത്തിൽ അതിയായ സന്തോഷമുണ്ട്. മാളവിക ഇന്ത്യൻ ടീമിനായി കളിക്കുന്നതും ഗോൾ നേടുന്നതുമെല്ലാം കേരളത്തിനാകെ അഭിമാനമാണ്. അത് വരും തലമുറയ്‌ക്കും പ്രചോദനമാകും. മുന്നോട്ടുള്ള യാത്രയിൽ എല്ലാ ആശംസകളും'–- ബെന്റില പറഞ്ഞു.
മാളവികയ്‌ക്ക് മുമ്പ് ബെന്റിലയാണ് അവസാനം ഇന്ത്യക്കായി ബൂട്ടണിഞ്ഞ മലയാളി താരം. അതും 26 വർഷം മുമ്പ്. ഫുട്‌ബോൾ കളിക്കാരിയായും റഫറിയായും കേരളത്തിന്റെ അഭിമാനമായ അമ്പത്താറുകാരി പരിശീലകറോളിൽ തിളങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
എറണാകുളം മുളവുകാട് സ്വദേശിയാണ് ബെന്റില. മുളവുകാട്ടെ ഫുട്ബോൾ ക്ലബ്ബുകളിൽ തുടങ്ങി ഇന്ത്യൻ ടീമിലെത്തിയ മിഡ്‌ഫീൽഡർ. പിന്നീട് ഫിഫയുടെ ആദ്യ അംഗീകൃത ഇന്ത്യൻ വനിതാ റഫറിയായ അഭിമാനകരമായ നേട്ടങ്ങളുടെ ഉടമ. അവസരങ്ങൾ കുറവായിരുന്ന കാലത്ത് ആൺകുട്ടികളുടെ ടീമിനൊപ്പമായിരുന്നു കളിച്ചുതുടങ്ങിയത്. 1989ൽ ആദ്യമായി കേരള ടീമിനായി ഗ്രൗണ്ടിലിറങ്ങി. പഞ്ചാബിനെതിരെ നേടിയ ഗോളും മികച്ച പ്രകടനവും ഇന്ത്യൻ ടീമിലേക്ക് വഴിതുറന്നു. മൂന്ന് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഒരു ഏഷ്യൻ ഗെയിംസിലുമുൾപ്പെടെ രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു.
1998ൽ ട്രെയിൻ യാത്രയിൽ കണ്ട പത്രവാർത്തയിലാണ് എറണാകുളത്ത് പ്രൊഫ. പീറ്റർ തൊമ്മൻ നടത്തുന്ന റഫറീസ് ക്ലിനിക്കിനെക്കുറിച്ച് അറിയുന്നത്. അവിടെയെത്തിയ ഫിഫ റഫറി മൈക്കിൾ ആൻഡ്രൂസാണ് റഫറിയാകുന്നതിൽ പ്രചോദനമായതെന്ന് ബെന്റില പറഞ്ഞു. 2001 മുതൽ 2010 വരെ രാജ്യാന്തരതലത്തിൽ വനിതാ ടീമുകളുടെ മത്സരങ്ങൾ നിയന്ത്രിച്ചു. ചൈനയിൽ നടന്ന ഫോറിനേഷൻ കപ്പ് മത്സരത്തിലായിരുന്നു തുടക്കം. 2004 ഏതൻസ് ഒളിമ്പിക്‌സിലും റഫറിയായി. പിന്നീട് റഫറി ഇൻസ്‌ട്രക്‌ടറുമായി. കൃഷി വകുപ്പിൽനിന്നും അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി അടുത്തിടെയാണ് വിരമിച്ചത്. ഇനി പരിശീലനരംഗത്ത്
സജീവമാകാനാണ് തീരുമാനമെന്ന് ബെന്റില പറഞ്ഞു. ഭർത്താവ് അർജുനൻ അജ്ജഗൗഡർ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ സോണൽ റഫറീസ് ഡെവലപ്‌മെന്റ് ഓഫീസറാണ്.









0 comments