ലാ ലിഗയിൽ വിജയവഴിയിൽ ബാഴ്സലോണ; വലൻസിയയെ തോൽപ്പിച്ചത് 7-1ന്

ബാഴ്സലോണ : ലാ ലിഗയിൽ വിജയവഴിയിൽ തിരിച്ചെത്തി ബാഴ്സലോണ. വലൻസിയയെ 7-1ന് തോല്‌പ്പിച്ചാണ് കറ്റാലൻ പടയുടെ വിജയം. വിജയത്തോടെ 47 പോയിന്റുമായി പട്ടികയിൽ മൂന്നാംസ്ഥാനത്ത് തുടരുകയാണ് ബാഴ്സ. ഒന്നാംസ്ഥാനത്തുള്ള റയലുമായുള്ള വ്യത്യാസം 7 പോയിന്റായി കുറയ്ക്കുകയും ചെയ്തു. അത്ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.
കളിയിൽ കറ്റാലൻ പടയുടെ സമ്പൂർണ ആധിപത്യമായിരുന്നു. 24 മിനിറ്റിനുള്ളിൽ തന്നെ ബാഴ്സ പട നാല് ഗോളുകൾ വലൻസിയ വലയിലെത്തിച്ചു. മൂന്നാം മിനിറ്റിൽ ആദ്യ ഗോൾ നേടി ഫ്രാങ്കി ഡിയോങ്ങാണ് ഗോൾ വേട്ട തുടങ്ങിയത്. പിന്നീട് ഫെറാൻ ടോറസ് (8), റഫീഞ്ഞ്യ (14), ഫെർമിൻ ലോപസ് (24) എന്നിവർ വല കുലുക്കി. ആദ്യ പകുതിയുടെ അധിക സമയത്ത് ഫെർമിൻ രണ്ടാം ഗോൾ നേടി.
രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ റോബർട്ട് ലെവൻഡോവ്‌സ്‌കിയും 66-ാം മിനിറ്റിൽ സ്‌കോർ ചെയ്തു. സീസർ തരേഗയുടെ സെൽഫ് ഗോളോടെ ബാഴ്‌സ പട്ടിക പൂർത്തിയാക്കി. ഹ്യൂഗോ ഡ്യൂറോയുടെ വകയായിരുന്നു വലൻസിയയുടെ ആശ്വാസ ഗോൾ.









0 comments