പിടിമുറുക്കി ബാഴ്‌സ

barcelona
വെബ് ഡെസ്ക്

Published on Feb 24, 2025, 01:02 AM | 1 min read

ബാഴ്‌സലോണ: പകരക്കാരുടെ മികവിൽ ബാഴ്‌സലോണയുടെ കുതിപ്പ്‌. ലാ പൽമാസിനെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ച്‌ സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ ബാഴ്‌സ ഒന്നാംസ്ഥാനത്ത്‌ തുടർന്നു. പകരക്കാരായി എത്തിയ ഡാനി ഓൽമോയും ഫെറാൻ ടോറെസുമാണ്‌ ലക്ഷ്യംകണ്ടത്‌. 25 കളിയിൽ 54 പോയിന്റായി ഹാൻസി ഫ്ലിക്കിന്റെ സംഘത്തിന്‌. ജിറോണയെ രണ്ട് ഗോളിന് തോൽപ്പിച്ച റയൽ മാഡ്രിഡ് രണ്ടാമത് തുടർന്നു. വലെൻസിയയെ മൂന്ന്‌ ഗോളിന്‌ തോൽപ്പിച്ച്‌ അത്‌ലറ്റികോ മാഡ്രിഡ്‌ മൂന്നാമതുണ്ട്.

നവംബറിൽ സ്വന്തം തട്ടകത്തിൽ ഞെട്ടിച്ച പൽമാസിനെതിരെ കരുതിയാണ്‌ ബാഴ്‌സ ഇറങ്ങിയത്‌. ആദ്യഘട്ടത്തിൽ അവർ പ്രതിരോധത്തിൽ പിടിച്ചുനിന്നു. പ്രത്യാക്രമണത്തിലൂടെ ബാഴ്‌സ പ്രതിരോധത്തെ ചിതറിക്കാനും കഴിഞ്ഞു. ഇടവേളയ്‌ക്കുമുമ്പ്‌ ബാഴ്‌സയ്‌ക്ക്‌ ഒരു അവസരമാണ്‌ കൃത്യമായി കിട്ടിയത്‌. ഫെർമിൻ ലോപെസ്‌ നൽകിയ പന്ത്‌ ലമീൻ യമാലിന്‌ ലക്ഷ്യത്തിലെത്തിക്കാനായില്ല.

ഇടവേളയ്‌ക്കുശേഷം ഫ്ലിക്ക്‌ തന്ത്രംമാറ്റി. ലോപെസിന്‌ പകരം ഓൽമോ കളത്തിലെത്തി. പത്തു മിനിറ്റിൽ അതിനുള്ള ഫലവും കിട്ടി. യമാലാണ്‌ അവസരമൊരുക്കിയത്‌. ത്രൂപാസ്‌ പിടിച്ചെടുത്ത്‌ ഓൽമോ ഇടംകാൽകൊണ്ട്‌ അടിതൊടുത്തു. ക്രോസ്‌ബാറിൽ തട്ടിയ പന്ത്‌ അകത്തുവീണു.

കളിയുടെ അവസാന നിമിഷം ബാഴ്‌സ ജയമുറപ്പാക്കി. കളത്തിലെത്തി മിനിറ്റുകൾക്കുള്ളിൽ ടോറെസ്‌ ലക്ഷ്യം കാണുകയായിരുന്നു. റഫീന്യയാണ്‌ അവസരമൊരുക്കിയത്‌.

വലെൻസിയക്കെതിരെ അർജന്റീനക്കാരൻ ജൂലിയൻ അൽവാരെസിന്റെ ഇരട്ടഗോളിലായിരുന്ന അത്‌ലറ്റികോയുടെ ജയം. ആദ്യ ഗോളിന്‌ ജിയോവാനി സിമിയോണിയും രണ്ടാമത്തേതിന്‌ ഫ്രഞ്ച്‌ സൂപ്പർ താരം ഒൺടോയ്‌ൻ ഗ്രീസുമാനും അവസരമൊരുക്കി. മൂന്നാംഗോൾ ഏഞ്ചൽ കൊറിയയുടെ വകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home