യമാലിനൊപ്പം നിക്കോയുമെത്തും; സൂപ്പർതാരം ബാഴ്സയിലേക്ക്

മാഡ്രിഡ്: സ്പെയിനിലെ കൂട്ടുകാരൻ ലമീൻ യമാലിനൊപ്പം പന്തുതട്ടാൻ നിക്കോ വില്യംസും ബാഴ്സലോണയിലെത്തുന്നു. ഇറ്റാലിയൻ സ്പോർട്സ് ജേർണലിസ്റ്റ് ഫബ്രീസിയോ റൊമാനോയാണ് ട്രാൻസഫർ വാർത്ത പുറത്തുവിട്ടത്. 2031 ജൂൺ വരെ ആറ് വർഷത്തെ കരാറിൽ ഒപ്പുവെച്ചെന്നാണ് റിപ്പോർട്ട്. നേരിട്ടുള്ള കൈമാറ്റമാണോ നടക്കുക എന്നകാര്യത്തിൽ വ്യക്തതയില്ല.
യൂറോ കപ്പിൽ സ്പെയിനിനെ കിരീടജേതാക്കളാക്കുന്നതിൽ നിർണായക പങ്കു വഹിച്ചവരിൽ ഒരാളായ ഇരുപത്തിരണ്ടുകാരൻ നിലവിൽ ലാ ലിഗ ക്ലബ് അത്‌ലറ്റിക് ബിൽബാവോയുടെ താരമാണ്. കഴിഞ്ഞ സീസണിൽ ടീമിനായി മികച്ച പ്രകടനമാണ് നിക്കോ വില്യംസ് കാഴ്ചവെച്ചത്. യൂറോപ്പിലെ മികച്ച യുവ വിംഗർമാരിൽ ഒരാളായാണ് താരം കണക്കാക്കപ്പെടുന്നത്. സ്പാനിഷ് ടീമിന്റെ വിങ്ങുകളിൽ അണിനിരന്ന ലമീൻ യമാലും നിക്കോയും എതിർ ടീമുകളുടെ പേടിസ്വപ്‌നമായിരുന്നു. ഇരുവരും ചേരുന്നതോടെ ബാഴ്‌സയുടെ ആക്രണ നിരയ്ക്ക് ഊർജമാകും.
യൂറോ കപ്പ് നേട്ടത്തിന് പിന്നാലെ തന്നെ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ നിക്കോ വില്യംസിനായി രംഗത്തെത്തിയിരുന്നു. താരത്തിനായി ഇംഗ്ലീഷ് ക്ലബ്ബുകളടക്കം രംഗത്തെത്തിയതോടെ താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾക്ക് ബാഴ്സ വേഗം കൂട്ടുകയായിരുന്നു.
അതേസമയം ലമീൻ യമാൽ 2031 വരെ ബാഴ്‌സലോണ കുപ്പായത്തിൽ തുടരും. ഏഴാം വയസുമുതൽ ക്ലബിലുള്ള വിങ്ങർ 2023ലാണ് സീനിയർ കുപ്പായത്തിൽ അരങ്ങേറിയത്. ചെറിയ പ്രായത്തിനുള്ളിൽ ബാഴ്‌സയ്‌ക്കായി നൂറ് കളിയിൽ പന്തുതട്ടി. 2024-25 സീസണിൽ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. ലാ ലിഗ, കോപ്പ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് എന്നിവ ക്ലബിന് നേടിക്കൊടുത്തു. ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനൽ വരെ എത്തിച്ചു. 55 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടുകയും 25 അസിസ്റ്റുകളും നൽകി. ഇപ്രാവശ്യത്തെ ബാലൻഡിയോർ സാധ്യത പട്ടികയിലും താരം മുന്നിലുണ്ട്.









0 comments