ചാമ്പ്യൻസ് ലീഗിൽ ബ്രുജിനോട് 3–3
print edition ബാഴ്‌സ കുരുങ്ങി

ബാഴ്സലോണയ്--ക്കെതിരെ ഗോൾ നേടിയപ്പോൾ ക്ലബ് ബ്രുജ് താരങ്ങളുടെ ആഘോഷം
ബ്രുജെസ് (ബൽജിയം)
ലമീൻ യമാലിന്റെ മനോഹര ഗോളിനും ബാഴ്‌സലോണയ്‌ക്ക് ജയം നൽകാനായില്ല. ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ സ്‌പാനിഷ് വന്പൻമാരെ ബൽജിയത്തിന്റെ ക്ലബ് ബ്രുജ് 3–3ന് തളച്ചു. മൂന്നുതവണയും പിന്നിൽപ്പോയശേഷം ബാഴ്‌സ തിരിച്ചുവരികയായിരുന്നു. മറ്റ് മത്സരങ്ങളിൽ മാഞ്ചസ്‌റ്റർ സിറ്റി 4–1ന് ബൊറൂസിയ ഡോർട്ട്‌മുണ്ടിനെ തകർത്തു. ഇന്റർ മിലാൻ 2–1ന് കയ്‌റാത്ത് അൽമാത്തിയെയും ന്യൂകാസിൽ യുണൈറ്റഡ് 2–0ന് അത്‌ലറ്റികോ ബിൽബാവോയെയും കീഴടക്കി. ചെൽസിയെ ക്വാറാബഗ് 2–2ന് തളച്ചു.
എതിർ തട്ടകത്തിൽ അനായാസം ഗോൾ വഴങ്ങുന്നത് കണ്ടാണ് ബാഴ്‌സ ഉണർന്നത്. കളി തുടങ്ങി ആറ് മിനിറ്റിൽ ബ്രുജ് ലക്ഷ്യം കണ്ടു. നിക്കോളോ ട്രെസോൾഡിയാണ് ലക്ഷ്യം കണ്ടത്. രണ്ട് മിനിറ്റിൽ ഫെർമിൻ ലോപെസിന്റെ ക്രോസിൽ ഫെറാൻ ടോറെസ് ബാഴ്‌സയെ ഒപ്പമെത്തിച്ചു. പക്ഷേ, ആദ്യപകുതി കഴിയുന്പോഴേക്കും കാർലോസ് ഫോബ്‌സ് ബ്രുജിന് 2–1ന്റെ ലീഡൊരുക്കി. ഇതിനിടെ ബാഴ്‌സയുടെ മൂന്ന് ശ്രമങ്ങൾ ക്രോസ് ബാറിൽ തട്ടിത്തെറിച്ചു.
ഇടവേളയ്‌ക്കുശേഷമായിരുന്നു യമാലിന്റെ മനോഹരഗോൾ. രണ്ട് പ്രതിരോധക്കാരെ വെട്ടിയൊഴിഞ്ഞ് മുന്നേറിയ സ്‌പാനിഷുകാരൻ ഡാനി ഒൽമോയുമായി പന്ത് കൈമാറി ബോക്‌സിൽ കയറി. ശേഷം മറ്റൊരു പ്രതിരോധക്കാരനെയും മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു. പക്ഷേ, ബാഴ്‌സയുടെ ആഘോഷത്തിന് ആയുസ്സുണ്ടായില്ല. ഫോബ്‌സ് മറ്റൊരു ഗോളിലൂടെ ബ്രുജിനെ വീണ്ടും മുന്നിലെത്തിച്ചു. ബാഴ്‌സ നിരന്തരം ആക്രമിച്ചു. ഒടുവിൽ യമാലിന്റെ അടി തടയാൻ ശ്രമിക്കുന്നതിനിടെ ബ്രുജ്‌താരം ക്രിസ്‌റ്റസ് സോളിസിന്റെ കാലിൽതട്ടി പന്ത് സ്വന്തം വലയിൽ കയറി. ബാഴ്‌സ സമനില പിടിച്ചു.
പരിക്കുസമയത്ത് റോമിയോ വെർമനന്റ് ബ്രുജിന്റെ വിജയഗോൾ നേടിയെന്ന് തോന്നിയെങ്കിലും വാർ പരിശോധനയിൽ ഫ-ൗളാണെന്ന് തെളിഞ്ഞു. നാല് കളിയിൽ ഏഴ് പോയിന്റുമായി പട്ടികയിൽ പതിനൊന്നാമതാണ് ബാഴ്‌സ.
ഡോർട്ട്‌മുണ്ടിനെതിരെ ഫിൽ ഫോദന്റെ ഇരട്ടഗോളിലായിരുന്നു സിറ്റിയുടെ ജയം. എർലിങ് ഹാലണ്ടും റയാൻ ചെർക്കിയും മറ്റ് ഗോൾ നേടി. മൂന്നാം ജയത്തോടെ പട്ടികയിൽ നാലാമതെത്തി സിറ്റി.
ക്വാറാബഗിനെതിരെ അലെസാൻഡ്രോ ഗർണാച്ചോയുടെ ഗോളിലാണ് ചെൽസി സമനിലയുമായി രക്ഷപ്പെട്ടത്. മറ്റൊരു ഗോൾ എസ്‌തെവായോ നേടി. മറ്റൊരു മത്സരത്തിൽ വിക്ടർ ഒസിമന്റെ ഹാട്രിക് മികവിൽ ഗലറ്റസറി മൂന്ന് ഗോളിന് അയാക്‌സിനെ തകർത്തു.









0 comments