ഗോളടിച്ച് ബാഴ്സ തുടങ്ങി


Sports Desk
Published on Aug 18, 2025, 12:30 AM | 1 min read
മാഡ്രിഡ്
സ്‌പാനിഷ് ലീഗ് ഫുട്‌ബോളിൽ കിരീടം നിലനിർത്താൻ ഇറങ്ങുന്ന ബാഴ്‌സലോണയ്‌ക്ക് സീസണിലെ ആദ്യ കളിയിൽ ആധികാരിക ജയം. മയ്യോർക്കയെ മൂന്ന് ഗോളിന് കീഴടക്കി. ഒരു ഗോളടിച്ചും അവസരമൊരുക്കിയും യുവതാരം ലമീൻ യമാൽ തിളങ്ങി. റഫ-ീന്യയും ഫെറാൻ ടോറെസും ലക്ഷ്യംകണ്ടു. കളിയുടെ പകുതിയിൽകൂടുതൽ സമയം മയ്യോർക്ക ഒമ്പതുപേരുമായാണ് കളിച്ചത്. മനു മൊർലാനെസ്, വേദത് മുറിക്വി എന്നിവർ ചുവപ്പ് കാർഡ് കണ്ട് പുറത്താകുകയായിരുന്നു.
കഴിഞ്ഞ സീസണിൽ ബാഴ്‌സയുടെ മുന്നേറ്റനിരയെ നയിച്ച റഫീന്യയും യമാലും മികവ് തുടർന്നു. കളി തുടങ്ങി പത്ത് മിനിറ്റ് തികയുംമുമ്പ് ലീഡായി. റഫീന്യയാണ് ഗോൾ നേടിയത്. യമാലിന്റെ ക്രോസിൽ ബ്രസീലുകാരൻ തലവച്ചു. അരമണിക്കൂർ തികയുംമുമ്പ് ബാഴ്‌സ നേട്ടം രണ്ടാക്കി. ബോക്‌സിന് പുറത്തുനിന്നുള്ള ഫെ-റാന്റെ കരുത്തുറ്റ ഷോട്ട് വലയിൽ കയറി. ഇൗ സമയം മയ്യോർക്ക ക്യാപ്‌റ്റൻ അന്റോണിയോ റയ്‌ല്ലോ തലയ്‌ക്ക് പരിക്കേറ്റ് കളത്തിൽ കിടക്കുകയായിരുന്നു. യമാലിന്റെ ഷോട്ട് തടയുന്നതിനിടെയായിരുന്നു പരിക്ക്. കളി തുടരാൻ അനുവദിച്ച റഫറിയോട് കളിക്കാർ തർക്കിക്കുകയും ചെയ്‌തു. ഇതിനുപിന്നാലെയാണ് രണ്ടാം മഞ്ഞക്കാർഡും വഴങ്ങി മൊർലാനെസ് പുറത്താകുന്നത്. ഇടവേളയ്‌ക്ക് പിരിയുന്നതിനുതൊട്ടുമുമ്പ് മുറിക്വിയെയും അവർക്ക് നഷ്ടമായി. ബാഴ്‌സ ഗോൾ കീപ്പർ ജെയാൻ ഗാർഷ്യയെ ഫൗൾ ചെയ്‌തതിനായിരുന്നു കാർഡ്. പതിനെട്ടുകാരൻ ഗാർഷ്യയുടെ അരങ്ങേറ്റ മത്സരമായിരുന്നു.
കളിയുടെ അവസാനഘട്ടത്തിലാണ് യമാൽ ഗോളടിച്ചത്. ഗാവി അവസരമൊരുക്കി.
ഇംഗ്ലീഷുകാരൻ മാർകസ് റാഷ്‌ഫഡ് പകരക്കാരനായി കറ്റാലൻമാർക്ക് വേണ്ടി ഇറങ്ങി. 1989നുശേഷം ആദ്യമായാണ് ഒരു ഇംഗ്ലീഷുകാരൻ ബാഴ്‌സയ്‌ക്കായി കളിക്കുന്നത്. സാമ്പത്തിക പ്രതിന്ധിയിലായതിനാൽ ബാഴ്‌സയ്‌ക്ക് റാഷ്‌ഫഡിനെയും ഗാർഷ്യയെയും കളി തുടങ്ങുന്നതിന് മണിക്കൂറുകൾക്കുമുമ്പ് മാത്രമാണ് രജിസ്‌റ്റർചെയ്യാനായത്.









0 comments