ഗോൾ ക്ലാസിക്; വിജയക്കുതിപ്പിൽ ബാഴ്സ

ബാഴ്‌സലോണ : വീണിട്ടും തളരാത്ത ബാഴ്‌സലോണയുടെ ചിറകടിയിൽ റയൽ മാഡ്രിഡ് വിരണ്ടു. സ്‌പാനിഷ് ഫുട്‌ബോൾ ലീഗിലെ ആവേശകരമായ പോരാട്ടത്തിൽ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷം നാലെണ്ണം തിരിച്ചടിച്ചായിരുന്നു ബാഴ്‌സയുടെ ജയം (4–-3).
ജയത്തോടെ പോയിന്റ് പട്ടികയിൽ ഏഴ് പോയിന്റ് ലീഡ് നേടിയ ഹാൻസി ഫ്‌ളിക്കിന്റെ സംഘം ലീഗ് കിരീടത്തിലേക്ക് അടുത്തു. മറുവശത്ത് കിലിയൻ എംബാപ്പെയുടെ മിന്നുന്ന ഹാട്രിക് വെറുതെയായി. സീസണിൽ നാല് ക്ലാസിക്കോ പോരിലും ബാഴ്‌സ റയലിനെ തുരത്തി. സീസണോടെ ക്ലബ് വിടാനൊരുങ്ങുന്ന റയൽ പരിശീലകൻ കാർലോ ആൻസെലോട്ടിയുടെ അവസാന ക്ലാസിക്കോയായിരുന്നു ഇത്.
ബാഴ്‌സയ്‌ക്ക് വേണ്ടി റഫീന്യ ഇരട്ടഗോളടിച്ചു. എറിക് ഗാർഷ്യയും പതിനേഴുകാരൻ ലമീൻ യമാലുമാണ് മറ്റ് ഗോളുകൾ നേടിയത്.
ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ സെമിയിൽ ഇന്റർ മിലാനോട് തോറ്റതിന്റെ നിരാശ മാറാതെയാണ് ബാഴ്‌സ ഇറങ്ങിയത്. സ്വന്തം തട്ടകത്തിൽ മികച്ച തുടക്കവുമായിരുന്നില്ല. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ പെനൽറ്റി വഴങ്ങി. എംബാപ്പെയെ ഗോൾകീപ്പർ വോജിയെ സെസ്‌നി വീഴ്‌ത്തി. കിക്ക് എടുത്ത ഫ്രഞ്ചുകാരന് പിഴച്ചില്ല. പത്ത് മിനിറ്റിൽ എംബാപ്പെയുടെ അടുത്ത പ്രഹരം. വിനീഷ്യസ് ജൂനിയറിന്റെ ത്രൂബോൾ പിടിച്ചെടുത്ത ഇരുപത്താറുകാരൻ ബാഴ്‌സ പ്രതിരോധത്തെ കാഴ്‌ചക്കാരാക്കി. റയൽ ആഘോഷത്തിലായി.
എന്നാൽ ആ ആവേശത്തിന് അധികം ആയുസ് ബാഴ്‌സ നൽകിയില്ല. ഇരുപത്താറ് മിനിറ്റിൽ നാല് ഗോൾ തൊടുത്തുകൊണ്ടായിരുന്നു കറ്റാലൻമാരുടെ മറുപടി.
ആദ്യത്തേത് ഗാർഷ്യ. ഫെറാൻ ടോറെസിന്റെ കോർണർ കിക്ക് തലകൊണ്ട് ശക്തമായി കുത്തിയിട്ട് ഒരെണ്ണം മടക്കി. അരമണിക്കൂർ കഴിയുമ്പോഴേക്കും യമാലിന്റെ മനോഹര ഗോൾ ഒപ്പമെത്തിച്ചു. റയലിന് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുമ്പോഴേക്കും തിബൗ കുർടോയുടെ വലയിൽ രണ്ടെണ്ണം കൂടി പതിച്ചു. അതുവരെ മികച്ചുനിന്ന റയൽ ഗോൾകീപ്പർക്ക് ബാഴ്‌സയുടെ കൂട്ടായ ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. റഫീന്യയാണ് രണ്ട് ഗോളും തൊടുത്തത്. ബ്രസീലുകാരൻ കളംനിറഞ്ഞു.
ഇടവേളയ്‌ക്കുശേഷം യമാൽ കളം ഭരിച്ചു. റഫീന്യയ്‌ക്ക് എണ്ണം പറഞ്ഞ അവസരങ്ങളൊരുക്കി. രണ്ട് തവണ ഹെഡർ ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
ഇതിനിടെ ബാഴ്‌സയെ ഞെട്ടിച്ച് എംബാപ്പെ വീണ്ടും കുതിച്ചു. വിനീഷ്യസും ഫ്രഞ്ചുകാരും ചേർന്ന് ഒരിക്കൽക്കൂടി ബാഴ്‌സയുടെ പ്രതിരോധം പൊട്ടിച്ചു. ബ്രസീലുകാരന്റെ നീക്കത്തിൽ എംബാപ്പെ ഹാട്രിക് പൂർത്തിയാക്കുകയും ചെയ്‌തു. സീസണിൽ 39 ഗോളായി റയൽ മുന്നേറ്റക്കാരന്. ലീഗിൽ 27 ഗോളുമായി ഗോൾ വേട്ടക്കാരൻ റോബർട്ട് ലെവൻഡോവ്‌സ്‌കിയെ മറികടന്ന് ഒന്നാമനായി.
അവസാന നിമിഷങ്ങളിൽ റയലിന് പെനൽറ്റി കിട്ടിയെങ്കിലും ഓഫ് സൈഡ് പരിശോധനയിൽ റദ്ദാക്കി. ബാഴ്‌സയുടെ പെനൽറ്റി വാദം റഫറി പിന്നാലെ അംഗീകരിച്ചില്ല. അവസാന നിമിഷം മനോഹര ഷോട്ടിലൂടെ ഫെർമിൻ ലോപെസ് ബാഴ്‌സയ്‌ക്കായി ലക്ഷ്യം കണ്ടെങ്കിലും തൊട്ടുമുമ്പ് ഗാവിയുടെ കൈയിൽ തട്ടിയതിനാൽ ഗോൾ അനുവദിച്ചില്ല.
അടുത്ത മത്സരത്തിൽ എസ്‌പാന്യോളിനെ തോൽപ്പിച്ചാൽ ബാഴ്‌സയ്‌ക്ക് ചാമ്പ്യൻമാരാകാം. റയൽ മയ്യോർക്കയോട് തോറ്റാലും മതി.









0 comments