മാക്‌സ്‌വെൽ മാജിക്കിൽ ഓസീസ്

File Photo
ക്വീൻസ്‌ലാൻഡ്
ഗ്ലെൻ മാക്‌സ്‌വെലിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം മൂന്നാം ട്വന്റി 20 ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റ് ജയമൊരുക്കി. ഇതോടെ ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പര 2–1ന് ഓസീസ് സ്വന്തമാക്കുകയും ചെയ്‌തു. 173 റൺ ലക്ഷ്യം ഒരു പന്ത് ശേഷിക്കെ ഓസീസ് മറികടക്കുകയായിരുന്നു. 36 പന്തിൽ 62 റണ്ണുമായി പുറത്താകാതെനിന്ന മാക്‌സ്‌വെൽ ജയമൊരുക്കി. ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 172 റണ്ണെടുത്തത്. ഓസീസിന് രണ്ടോവറും നാല് വിക്കറ്റും ശേഷിക്കെ 12 റൺമാത്രമായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ കോർബിൻ ബോഷ് എറിഞ്ഞ പത്തൊമ്പതാം ഓവറിൽ രണ്ട് റണ്ണെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് ഓസീസിന് നഷ്ടമായി. അവസാന ഓവറിൽ പത്ത് റണ്ണായി ലക്ഷ്യം. ലുൻഗി എൻഗിഡി എറിഞ്ഞ ഓവറിന്റെ ആദ്യരണ്ട് പന്തില്‍ മാക്‌സ്‌വെൽ ആറ് റണ്ണെടുത്തു. അടുത്ത രണ്ട് പന്തിൽ റണ്ണില്ല. അഞ്ചാം പന്തിൽ എൻഗിഡിയെ ബൗണ്ടറി പായിച്ച് ഓസീസ് ഓൾ റൗണ്ടർ ജയം പൂർത്തിയാക്കുകയായിരുന്നു. രണ്ട് സിക്‌സറും എട്ട് ഫോറുമായിരുന്നു ഇന്നിങ്‌സിൽ. ക്യാപ്‌റ്റൻ മിച്ചെൽ മാർഷ് (37 പന്തിൽ 54)മാത്രമാണ് ഓസീസ് മുൻനിരയിൽ തിളങ്ങിയത്. 12 റണ്ണിനിടെ നാല് വിക്കറ്റ് വീണതിനുശേഷമായിരുന്നു മാക്‌സ്‌വെലിലൂടെ ഓസീസിന്റെ തിരിച്ചുവരവ്. 26 പന്തിൽ 53 റണ്ണെടുത്ത ഡെവാൾഡ് ബ്രെവിസാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലെത്തിച്ചത്. ആറ് സിക്‌സറും ഒരു -ഫോറുമായിരുന്നു ഇന്നിങ്‌സിൽ.









0 comments