കൊളംബിയൻ പൂട്ടിൽ നിന്ന് കരകയറി അർജന്റീന; അവസാനം സമനില

Selección Argentina in English/facebook.com/photo
ബ്യൂണസ് ഐറിസ്: ലാറ്റിനമേരിക്കൻ ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ അർജന്റീനയക്ക് സമനില. കൊളംബിയയും അർജന്റീനയും ഓരോ ഗോൾ നേടി. യോഗ്യത ഉറപ്പിച്ച ലോകചാമ്പ്യൻമാർ ആദ്യ പകുതിയിൽ പിന്നിൽ നിന്ന ശേഷമാണ് സമനില പിടിച്ചത്. കൊളംബിയക്കായി ലൂയിസ് ഡയസും അർജന്റീനയ്ക്കായി തിയാഗോ അൽമാഡയും ഗോൾ കണ്ടെത്തി.
കളിയുടെ ആദ്യപകുതിയിൽ തന്നെ കൊളംബിയ അർജന്റീനയ്ക്കെതിരെ ഗോൾ നേടി. 24-ാം മിനിറ്റിൽ ലൂയിസ് ഡയസാണ് ടീമിനെ മുന്നിലെത്തിച്ചത്. നിരവധി പ്രതിരോധക്കാരെ ഡ്രിബിൾ ചെയ്താണ് ലിവർപൂൾ താരം കൊളംബിയയ്ക്കായി ഗോൾ കണ്ടെത്തിയത്. കസ്റ്റാനോയണ് ഗോളിന് വഴിയൊരുക്കിയത്. ഇതോടെ ആദ്യപകുതി കൊളംബിയൻ ലീഡിൽ അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിലും ഇരു ടീമുകളും മുന്നേറ്റം നടത്തിയെങ്കിലും ഗോൾ വീണില്ല. 70-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ അർജന്റീന പത്തുപേരായി ചുരുങ്ങി. 78-ാം മിനിറ്റിൽ ക്യാപ്റ്റൻ മെസിയെ പിൻവലിക്കുകയും ചെയ്തു. 81-ാം മിനിറ്റിൽ തിയാഗോ അൽമാഡയാണ് അർജന്റീനയ്ക്കായി ഗോൾ മടക്കിയത്. രണ്ട് പ്രതിരോധക്കാരെ ഡ്രിബിൾ ചെയ്ത് മുന്നേറിയ താരം കൊളംബിയൻ വലയിൽ പന്തെത്തിക്കുകയായിരുന്നു. മെസിക്ക് പകരക്കാരനായി കളത്തിലെത്തി എസക്കിയേൽ പലാസിയോസിന്‍റെ അസിസ്റ്റിൽനിന്നാണ് താരം സമനില ഗോൾ നേടിയത്. യോഗ്യതാ റൗണ്ടിൽ 16 കളിയിൽ 35 പോയന്റുമായി അർജന്റീന ഒന്നാമതാണ്. 16 മത്സരങ്ങളിൽനിന്ന് 22 പോയന്‍റുമായി ആറാം സ്ഥാനത്താണ് കൊളംബിയ.









0 comments