കൊച്ചി കലൂർ സ്റ്റേഡിയം വേദി , നവീകരണം തുടങ്ങി , സീറ്റുകൾ പുതുക്കും , എതിരാളി ഓസ്‌ട്രേലിയ
കൊച്ചി ഒരുങ്ങുന്നു ; അർജന്റീന ഫുട്ബോൾ ടീം നവംബർ 15ന് എത്തും

അർജന്റീന ഫുട്ബോൾ ടീമിന്റെ സന്ദർശനത്തിന് മുന്നോടിയായി കൊച്ചി കലൂർ ജവാഹർ ലാൽ നെഹ്‌റു സ്റ്റേഡിയം ഗ്രൗണ്ടിൽ നവീകരണ പ്രവൃത്തി പുരോഗമിക്കുന്നു / ഫോട്ടോ: സുനോജ് നെെനാൻ മാത്യു

എസ് ശ്രീലക്ഷ്മി
Published on Oct 04, 2025, 12:15 AM | 1 min read
കൊച്ചി
ലയണൽ മെസിയെയും ലോകകപ്പ് ജേതാക്കളായ അർജന്റീന ഫുട്‌ബോൾ ടീമിനെയും വരവേൽക്കാൻ കൊച്ചിയിൽ ഒരുക്കം തുടങ്ങി. ചരിത്രമുഹൂർത്തത്തിന് വേദിയാകുന്ന കലൂർ ജവാഹർലാൽ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിൽ നവീകരണ പ്രവൃത്തികൾ ആരംഭിച്ചു.
മൈതാനം അറ്റകുറ്റപ്പണി തീർത്ത് ഉന്നതനിലവാരത്തിലാക്കും. അർജന്റീന ടീം നവംബർ 15ന് കൊച്ചിയിലെത്തും. 16ന് വിശ്രമത്തിനുശേഷം 17ന് കളിക്കാൻ ഇറങ്ങുമെന്നാണ് സൂചന. ഓസ്‌ട്രേലിയയായിരിക്കും എതിരാളി. 18ന് ടീം മടങ്ങും. ഒൗദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും.
സ്‌റ്റേഡിയത്തിൽ തകരാറിലായ ഇരിപ്പിടങ്ങളെല്ലാം മാറ്റിസ്ഥാപിക്കും. 1997ൽ ഇന്ത്യയും ഇറാഖും തമ്മിലുള്ള നെഹ്‌റുകപ്പ് ഫുട്‌ബോൾ മത്സരം ഒരുലക്ഷത്തോളം പേർ കണ്ടതായാണ് അനൗദ്യോഗിക കണക്ക്. 2017ൽ നടന്ന അണ്ടർ 17 ലോകകപ്പിൽ സുരക്ഷാകാരണങ്ങളാൽ കാണികളെ ഉൾക്കൊള്ളാവുന്ന ശേഷി 40,000 ആയി കുറച്ചിരുന്നു. തുടർന്ന് ഐഎസ്‌എൽ മത്സരങ്ങളും ഇതേനിലയിലായിരുന്നു. സുരക്ഷാസംവിധാനങ്ങൾ വിശദമായി പരിശോധിച്ചാകും എത്ര പേർക്ക് അർജന്റീനയുടെ കളി കാണാനാകുമെന്ന് തീരുമാനിക്കുക. മത്സരസമയവും പിന്നീട് നിശ്‌ചയിക്കും. ഐഎസ്‌എൽ മത്സരങ്ങൾ 7.30ന് ആണ് തുടങ്ങാറ്.
അർജന്റീന ടീം വരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് സ്‌പോർട്‌സ് കേരള ഫൗണ്ടേഷനാണ്(എസ്‌കെഎഫ്). റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ് കമ്പനിയാണ് മുഖ്യ സ്‌പോൺസർ.








0 comments