2026 ലോകകപ്പ് ഫുട്ബോൾ യോഗ്യത

അലയിൽ അടങ്ങി ; അർജന്റീന ബ്രസീലിനെ കീഴടക്കി

Argentina Football Team
വെബ് ഡെസ്ക്

Published on Mar 27, 2025, 12:14 AM | 3 min read

ബ്യൂണസ്‌ ഐറിസ്‌ : ആഞ്ഞടിക്കുകയായിരുന്നു അർജന്റീന. ഒന്നിനുപിറകെ ഒന്നായി, അലകൾപോലെ. ബ്രസീലിന്റെ പടയും പടക്കോപ്പുകളും അതിൽ മുങ്ങിപ്പോയി. ഒരുനിമിഷംകൊണ്ട്‌ ബ്രസീൽ തകർന്നടിഞ്ഞു. ബ്യൂണസ്‌ ഐറിസിലെ മൊണുമെന്റൽ സ്‌റ്റേഡിയത്തിൽ ആരവം മുഴങ്ങി ഒലേ... ഒലേ...


ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ റൗണ്ടായിരുന്നു വേദി. ലാറ്റിനമേരിക്കയിലെ വമ്പൻമാർ തമ്മിലുള്ള മുഖാമുഖം. നാല്‌ ഗോൾകൊണ്ടായിരുന്നു അർജന്റീനയുടെ പ്രഹരം. ഒറ്റഗോൾ പിടിവള്ളിയിൽ ബ്രസീൽ പിടിച്ചുകയറാൻ ശ്രമിച്ചതാണ്‌. പക്ഷേ, അർജന്റീനയുടെ നിർഭയമായ ആക്രമണത്തിൽ സ്‌കോർ 4–-1ൽ അവസാനിച്ചു. ലോകകപ്പ്‌ യോഗ്യതയിൽ ബ്രസീലിന്റെ ഏറ്റവും കൊടിയ തോൽവിയാണിത്‌. കഴിഞ്ഞ ആറ്‌ വർഷത്തിനിടെ അർജന്റീനയ്‌ക്കെതിരെ ഒരിക്കൽപോലും ജയമില്ല.


ക്യാപ്‌റ്റൻ ലയണൽ മെസിയില്ലാതെയാണ്‌ ലോക ചാമ്പ്യൻമാർ ഇറങ്ങിയത്‌. ലൗതാരോ മാർട്ടിനെസും മുന്നേറ്റത്തിലുണ്ടായില്ല. ബ്രസീൽ നിരയിൽ നെയ്‌മറുമുണ്ടായില്ല.

കളത്തിലിറങ്ങുംമുമ്പെ 2026 ലോകകപ്പിന്‌ യോഗ്യത ഉറപ്പാക്കിയിരുന്നു അർജന്റീന. ഉറുഗ്വേ ബൊളീവിയയോട്‌ സമനില വഴങ്ങിയതോടെ ലയണൽ സ്‌കലോണിയുടെ സംഘം യോഗ്യത നേടുകയായിരുന്നു.


ബ്രസീലിനെതിരെ ഒരിഞ്ച്‌ വിട്ടുകൊടുത്തില്ല. പന്തിൽ പരിപൂർണ നിയന്ത്രണം നൽകുന്ന പാസുകളിൽ, തൊടുക്കുന്ന ക്രോസുകളിൽ എല്ലാം കൃത്യത. അനായാസം പന്തൊഴുക്കി. ഒന്നാന്തരം ടീം ഗെയിം. നേടിയ നാല്‌ ഗോളിനും കൂട്ടായ്‌മയുടെ സൗന്ദര്യമുണ്ടായിരുന്നു.

ജൂലിയൻ അൽവാരസ്‌, എൺസോ ഫെർണാണ്ടസ്‌, അലെക്‌സിസ്‌ മക്‌ അല്ലിസ്‌റ്റർ, ജുലിയാനോ സിമിയോണി എന്നീ യുവ താരങ്ങളായിരുന്നു ഗോളടിച്ചവർ. മറുപടിയിൽ മത്തിയുസ്‌ കുന്യ ബ്രസീലിന്‌ നേരിയ ആശ്വാസംപകർന്നു. വിനീഷ്യസ്‌ ജൂനിയറും റഫീന്യയും റോഡ്രിഗോയും ഉൾപ്പെട്ട ബ്രസീലിന്റെ ലോകോത്തര നിര കളത്തിൽ നിശ്ശബ്‌ദരായി.


ആദ്യ ഗോൾ കളിയുടെ നാലാം മിനിറ്റിലെത്തി. പ്രതിരോധത്തിൽ ക്രിസ്‌റ്റ്യൻ റൊമേറോ തുടങ്ങിയ നീക്കം. മധ്യവരയ്‌ക്ക്‌ തൊട്ടുമുന്നിൽ റോഡ്രിഗോ ഡി പോൾ ഒന്നാന്തരമായി ഇടതുവശത്തേക്ക്‌ ഒന്നാന്തരം ക്രോസ്‌ തൊടുത്തു. നിക്കോളാസ്‌ താഗ്ലിയാഫിക്കോ അതിൽ തലവച്ചു. പന്ത്‌ തിയാഗോ അൽമാഡയ്‌ക്ക്‌. പന്ത്‌ പ്രതിരോധത്തിനിടയിലൂടെ ബോക്‌സിലേക്ക്‌. രണ്ട്‌ പ്രതിരോധക്കാർക്കിടയിൽനിന്ന്‌ അൽവാരസ്‌ കാൽവച്ചപ്പോൾ ഗോൾ കീപ്പർ ബെന്റൊയ്‌ക്കും ഒന്നുംചെയ്യാനുണ്ടായില്ല.


എട്ട്‌ മിനിറ്റിൽ അടുത്ത പ്രഹരം. ഇക്കുറിയും പ്രതിരോധത്തിൽനിന്ന്‌ റൊമേറോ തുടങ്ങി. ഡിപോൾ ഏറ്റെടുത്തു. ഇടതുവശത്ത്‌ എൺസോ വെട്ടിച്ച്‌ മുന്നേറി. ബോക്‌സിലേക്ക്‌ അൽമാഡയ്‌ക്ക്‌. ബോക്‌സിന്‌ പുറത്തുനിന്ന ഡിപോളിലേക്ക്‌ അൽമാഡ തിരിച്ചിട്ടു. ഡി പോൾ വലതുപാർശ്വത്തിൽ നഹുവേൽ മൊളീനയ്‌ക്ക്‌. കുറിയ ക്രോസൊന്ന്‌ മൊളീനോ ബോക്‌സിലേക്ക്‌ തൊടുത്തു. പറന്നെത്തിയ എൺസോ, ബ്രസീൽ പ്രതിരോധക്കാരൻ വെസ്‌ലി ഫ്രാങ്കോയുടെ നീക്കത്തെ ദുർബലമാക്കി വലംകാൽവച്ചു.


പന്ത്രണ്ടാം മിനിറ്റിൽതന്നെ ബ്രസീൽ വിയർത്തൊഴുകി. ഇതിനിടെ ബോക്‌സിന്‌ മുന്നിൽനിന്ന്‌ പന്ത്‌ കാലിൽവച്ച്‌ അലസതകാട്ടിയ റൊമേറയുടെ പിഴവ്‌ ബ്രസീലിന്‌ പിടിവള്ളി നൽകി. പന്ത്‌ റാഞ്ചിയെടുത്ത കുന്യ ബ്രസീലിന്‌ ആശ്വാസംപകർന്നു. പക്ഷേ, ഇടവേളയ്‌ക്കുശേഷം ശേഷിച്ച വീര്യവും കെട്ടു. മറ്റൊരു ടീം ഗോളിൽ അർജന്റീന കുതിച്ചു. എൺസോയുടെ മനോഹര ക്രോസിൽ ബെന്റൊയുടെ തൊട്ടുമുന്നിൽവച്ച്‌ മക്‌ അലിസ്‌റ്റർ പന്ത്‌ തട്ടിയിടുകയായിരുന്നു. പകരക്കാരനായെത്തിയ ജിയുലിയാനോ താഗ്ലിയാഫിക്കോയുടെ ക്രോസിൽ കാൽവച്ചതോടെ ബ്രസീൽ പതനം പൂർണമായി. ഗോൾ കീപ്പർ ബെന്റൊയുടെ പ്രകടനമാണ്‌ കൂടുതൽ ഗോൾ വഴങ്ങുന്നതിൽനിന്ന്‌ ബ്രസീലിനെ കാത്തത്‌.


ബ്രസീൽ കോച്ച്‌ പുറത്തേക്ക്‌

ദയനീയ തോൽവിക്ക്‌ പിന്നാലെ ബ്രസീൽ പരിശീലകൻ ഡൊറിവാൾ ജൂനിയർ പുറത്തേക്ക്‌. കഴിഞ്ഞ വർഷം ജനുവരിയിൽ ടീമിന്റെ ചുമതലയേറ്റ അറുപത്തിരണ്ടുകാരന്‌ കീഴിൽ മോശം പ്രകടനമാണ്‌ ടീം നടത്തുന്നത്‌. 16 കളിയിൽ ഏഴിൽ മാത്രമാണ്‌ ജയിക്കാനായത്‌. ആറ്‌ സമനിലയും മൂന്ന്‌ തോൽവിയുമുണ്ട്‌. നിർണായക മത്സരങ്ങളിൽ ജയിക്കാനാകുന്നില്ല. സ്ഥിരതയുള്ള ടീമിനെ ഒരുക്കാനുമായിട്ടില്ല. കളിക്കാരെ മാറ്റി പരീക്ഷിക്കുന്നത്‌ തുടർന്നു. 2022 ലോകകപ്പിനുശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെയ്‌ക്ക്‌ ശേഷം ബ്രസീൽ നിയമിക്കുന്ന രണ്ടാമത്തെ പരിശീലകനാണ്‌ ഡൊറിവാൾ. ഫെർണാണ്ടോ ഡിനിസിനെ പുറത്താക്കിയിരുന്നു. റയൽ മാഡ്രിഡിന്റെ കാർലോ ആൻസെലൊട്ടി, ഫ്ലമെങ്ങോയുടെ ഫിലിപെ ലൂയിസ്‌ എന്നിവരാണ്‌ പരിഗണനയിൽ.


വാതിൽ 
തുറന്നുതന്നെ

അർജന്റീനയോട്‌ തകർന്നടിഞ്ഞെങ്കിലും ബ്രസീലിന്റെ ലോകകപ്പ്‌ യോഗ്യതാ പ്രതീക്ഷ അവസാനിക്കുന്നില്ല. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ നിലവിൽ 21 പോയിന്റുമായി നാലാമതാണ്‌. ആദ്യ ആറ്‌ സ്ഥാനക്കാർക്ക്‌ നേരിട്ട്‌ യോഗ്യതയുണ്ട്‌. നാല്‌ റൗണ്ടാണ്‌ ഇനി ബാക്കിയുള്ളത്‌. ഇതിൽ തോൽക്കാതിരുന്നാൽ മതി. ഇക്വഡോർ, പരാഗ്വേ, ചിലി, ബൊളീവിയ എന്നിവരെയാണ്‌ നേരിടാനുള്ളത്‌. 22 ലോകകപ്പും കളിച്ച ഏക ടീമാണ്‌ അഞ്ചുതവണ ചാമ്പ്യൻമാരായ ബ്രസീൽ. 2002ലായിരുന്നു അവസാന കിരീടം.


ബ്രസീലിന്റെ 
മത്സരങ്ങൾ

ഇക്വഡോർ (ജൂൺ 4)

പരാഗ്വേ (ജൂൺ 9)

ചിലി (സെപ്‌തംബർ 9)

ബൊളീവിയ 
(സെപ്‌തംബർ 14).


ആറ്‌ വർഷമായി ബ്രസീലിന്‌ ജയമില്ല

അർജന്റീനയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ്‌ ബ്രസീൽ നടത്തുന്നത്‌. ആറ്‌ വർഷമായി ഒരു ജയം നേടിയിട്ട്‌. അവസാന അഞ്ച്‌ കളിയിലും നിരാശ. നാലിലും ദയനീയമായി തോറ്റു. ഒന്ന്‌ സമനില. 2019 ജൂലൈയിൽ കോപ അമേരിക്ക ഫുട്‌ബോൾ സെമിയിലാണ്‌ ബ്രസീൽ ഒടുവിൽ അർജന്റീനയെ വീഴ്‌ത്തിയത്‌. അന്ന്‌ രണ്ട്‌ ഗോളിനായിരുന്നു കാനറികളുടെ ജയം. പിന്നീട്‌ ഒരിക്കലും ആഘോഷിക്കാനായിട്ടില്ല. ഇതിനിടെ അർജന്റീന ലോകകപ്പ്‌ നേടി. രണ്ടുവട്ടം കോപയും ഒരു ഫൈനലിസിമ ട്രോഫിയും ഉയർത്തി. ബ്രസീലിന്റെ ശേഖരത്തിൽ ഒന്നുമില്ല.





deshabhimani section

Related News

View More
0 comments
Sort by

Home