മെസിയും ടീം അർജൻ്റീനയും കളിക്കുക കൊച്ചിയിൽ

argentina-football-team
വെബ് ഡെസ്ക്

Published on Sep 19, 2025, 01:51 PM | 1 min read

കോഴിക്കോട്: കേരളത്തിലെത്തുന്ന ലോകകപ്പ് ജേതാക്കളായ അർജൻ്റീന ഫുട്ബോൾ ടീം കൊച്ചിയിൽ കളിക്കും. ലയണൽ മെസി അടക്കമുള്ള സംഘമാണ് വരുന്നത്. വിദഗ്‌ധ സമിതിയുടെ പരിശോധനയെ തുടർന്നാണ് വേദി നെഹ്റു സ്റ്റേഡിയമെന്ന് തീരുമാനിച്ചത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ് നേരത്തെ ആലോചിച്ചിരുന്നത്.


ക്രിക്കറ്റ് സ്‌റ്റേഡിയമായതിനാൽ കുറഞ്ഞ സമയത്തിനുള്ളിൽ ഇവിടെ ഫുട്ബോൾ മത്സരത്തിന് സജ്ജമാക്കുന്നത് എളുപ്പമല്ല. തുടർന്നാണ് ഐഎസ്എൽ മത്സരങ്ങൾ നടത്തുന്ന കൊച്ചിയെ കേരളം കാത്തിരിക്കുന്ന കളിക്കായി തെരഞ്ഞെടുത്തത്.


നവംബർ 15നും 18നും ഇടയിലായിരിക്കും അർജൻ്റീന എത്തുന്നത്. 16നും 17നുമാണ് കളി ആലോചിക്കുന്നത്. ഓസ്ട്രേലിയ ആയിരിക്കും എതിരാളി. രണ്ട് കളി നടത്താനുള്ള ചർചയാണ് നടക്കുന്നത്. അർജൻ്റീനക്കും ഓസ്ട്രേലിയക്കും പുറമെ ഒരു ടീം കൂടി കളിക്കാനുള്ള സാധ്യത ചർച ചെയ്യുന്നു. കൊച്ചിയിലെ സ്‌റ്റേഡിയം മത്സരത്തിന് സജ്ജമാക്കാൻ ജിസിഡിഎയും സർക്കാരും ആലോചന നടക്കുന്നു.


2022 ഖത്തർ ലോകകപ്പിൽ അർജന്റീന ചാമ്പ്യൻമാരായതിന്‌ പിന്നാലെയാണ്‌ കേരള സന്ദർശനമെന്ന ആശയമുദിച്ചത്‌. കിരീടനേട്ടത്തിൽ ലോകമെങ്ങുമുള്ള ആരാധകർക്ക്‌ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ(എഎഫ്‌എ) നന്ദി അറിയിച്ചിരുന്നു. അതിൽ കേരളവും ഇടംപിടിച്ചു. സന്തോഷമറിയിച്ച്‌ കായികമന്ത്രി വി അബ്ദുറഹിമാൻ എഎഫ്‌എക്ക്‌ മെയിൽ സന്ദേശമയച്ചു. അതിനുള്ള മറുപടിയിലാണ്‌ കേരള സന്ദർശനത്തിനുള്ള സന്നദ്ധത അറിയിച്ചത്‌.


ഇച്ഛാശക്തിയോടെ സർക്കാരും വകുപ്പും മുന്നിട്ടിറങ്ങിയതോടെ സ്വപ്നം സാഫല്യമായി. സ്‌പോൺസറുടെ പിന്തുണയും പ്രധാനമായി. രണ്ടാംതവണയാണ്‌ മെസിയും അർജന്റീനയും ഇന്ത്യയിലേക്ക്‌ വരുന്നത്‌. 2011ൽ കൊൽക്കത്തയിൽ വെനസ്വേലയ്‌ക്കെതിരെ സ‍ൗഹൃദ മത്സരം കളിച്ചിരുന്നു.


മലയാളികൾ കാത്തിരുന്ന സ്വപ്നം


മനുഷ്യായുസ്സിൽ ഒരിക്കൽപോലും നേരിട്ട്‌ കാണുമെന്ന്‌ പ്രതീക്ഷിക്കാത്ത മെസിയും കൂട്ടരും കേരളത്തിലെത്തുമ്പോൾ അത്‌ ഇ‍ൗ നാടിനും ആരാധകർക്കുമുള്ള അംഗീകാരമാണ്‌. സ്വപ്നത്തിൽ പോലും ഇങ്ങനെയൊരു ദിനമെത്തുമെന്ന്‌ ആരും കരുതിയതല്ല. ലോകത്തെ ഏത്‌ വേദിയും അർജന്റീനയ്‌ക്ക്‌ അന്യമല്ല. പണമെറിഞ്ഞ്‌ ലോകചാമ്പ്യൻമാരെ കളത്തിലെത്തിക്കാൻ കാത്തിരിക്കുന്നവർ ഏറെയുണ്ട്‌. കേരളമെന്ന കുഞ്ഞുനാട്ടിൽ കളിക്കാൻ ലാറ്റിനമേരിക്കൻ ടീം തീരുമാനമെടുത്തത്‌ മലയാളികളുടെ ഉപാധികളില്ലാത്ത സ്‌നേഹമാണ്‌. മുമ്പ്‌ പലവട്ടം അതവർക്ക്‌ ബോധ്യപ്പെട്ടിട്ടുണ്ട്‌. മാറഡോണയെ കണ്ട്‌ ത്രസിച്ച, മെസിയുടെ മായാജാലത്തിൽ മതിമറന്ന നാടിന്‌ ഇനി അർജന്റീനയുടെ കളി നേരിട്ട്‌ കാണാം, ആർപ്പുവിളിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Home