ആന്റണി തകർക്കുന്നു; നാല് കളിയിൽ മൂന്ന് പ്ലയർ ഓഫ് ദ മാച്ച്

ആന്റണി. PHOTO: Instagram/Antony
സെവിയ്യ: സ്‌പാനിഷ് ക്ലബ്ബ് സെവിയ്യക്ക് വേണ്ടിയുള്ള ബ്രസീലിയൻ താരം ആന്റണിയുടെ തകർപ്പൻ പ്രകടനം തുടരുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് കഴിഞ്ഞ ട്രാൻസ്‌ഫർ വിൻഡോയിൽ റയൽ ബെറ്റിസിലേക്കെത്തിയ ആന്റണി ക്ലബ്ബിനായി വീണ്ടും തിളങ്ങി. സ്‌പാനിഷ് ലീഗായ ലാലിഗയിലെ റയൽ സോസിഡിനെതിരായ മത്സരത്തിൽ തകർപ്പൻ വോളിയിലൂടെ ഗോൾ കണ്ടെത്തിയ ആന്റണിയെ മത്സരത്തിലെ മികച്ച കളിക്കാരനായും തെരഞ്ഞെടുത്തു.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ ഇല്ലാത്ത സാഹചര്യത്തിലായിരുന്നു ക്ലബ്ബ് ആന്റണിലെ സ്‌പെയ്‌നിലേക്ക് ലോണിൽ അയച്ചത്. എന്നാൽ ബെറ്റിസിലെത്തിയ ആന്റണി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ബെറ്റിസാനായി ഇതുവരെ നാല് മത്സരങ്ങളിൽ ഇറങ്ങിയപ്പോൾ മൂന്ന് ഗോളും ഒരു അസിസ്റ്റും നേടാൻ ബ്രസീലിയൻ താരത്തിനായി. ഒപ്പം മൂന്ന് കളികളിൽ പ്ലയർ ഓഫ് ദ മാച്ച് പുരസ്‌കാരവും.
സീസൺ തുടക്കം മുതൽ ജനുവരി വരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടർന്ന ആന്റണിക്ക് ഒരു മത്സരത്തിൽ പോലും ക്ലബ്ബിനായി സ്റ്റാർട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല. യുണൈറ്റഡിനായി 400 മിനുട്ടികളിലധികം ഗ്രൗണ്ടിലിറങ്ങിയ ആന്റണി ഒരു ഗോൾ മാത്രമാണ് കണ്ടെത്തിയത്. അതും പെനാൽറ്റിയിലൂടെ. കഴിഞ്ഞ സീസണിൽ 1910 മിനുട്ടുകൾ കളിച്ചപ്പോൾ ആന്റണി നേടിയതാവട്ടെ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റും മത്രമാണ്. ഈ സാഹചര്യമാണ് ആന്റണിയെ ബെറ്റിസിലെത്തിച്ചത്.
മാഞ്ചസ്റ്റർ യുണൈറ്റഡും അവരുടെ സമീപ കാലത്തെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഈ കാലയളവിൽ മൂന്ന് പരിശീലകർ ക്ലബ്ബിനെ നയിച്ചു എന്നത് മറ്റൊരു യാഥാർഥ്യം.
സോസിഡാഡിനെതിരായ ഗോൾ തകർപ്പൻ വോളിയിലൂടെ
റയൽ സോസിഡിനെതിരായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ആധികാരിക ജയമാണ് ബെറ്റിസ് നേടിയത്. ആന്റണിയിലൂടെ അക്കൗണ്ട് തുറന്ന ബെറ്റിസ് മാർക് റോക നേടിയ ഇരട്ട ഗോളിലൂടെ പട്ടിക തികച്ചു.
ബെറ്റിസിനായി തകർപ്പൻ ഗോളാണ് ആന്റണി നേടിയത്. 51–ാം മിനുട്ടിൽ റയൽ ബൈറ്റിസിനലുകൂലമായി കിട്ടിയ ഫ്രികിക്കിന്റെ റീ ബൗണ്ടിൽ നിന്നും ആന്റണി ഗോൾ കണ്ടെത്തുകയായിരുന്നു. സോസിഡാഡ് ബോക്‌സിനുള്ളിലേക്ക് വന്ന കോർണർ അവിടെയുണ്ടായിരുന്ന കൂട്ടപ്പൊരിച്ചലിൽ പുറത്തേക്ക് പോവുകയായിരുന്നു. ബോക്‌സിന് പുറത്ത് നിലയുറപ്പിച്ചിരുന്ന ആന്റണി തകർപ്പൻ വോളിയിലൂടെ ഇത് ഗോളാക്കുകയും ചെയ്തു.
യുണൈറ്റഡ് വീണ്ടും തോറ്റു
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്‌സ്‌പറിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് യുണൈറ്റഡ് പരാജയപ്പെട്ടത്. ജയിംസ് മാഡിസന്റെ വകയായിരുന്നു ടോട്ടൻഹാമിന്റെ ഗോൾ.
സീസണിൽ മൂന്നാം തവണയാണ് യുണൈറ്റഡ് ടോട്ടൻഹാമിനോട് പരാജയപ്പെടുന്നത്. പ്രീമിയർ ലീഗിലെ ഈ സീസണിലെ ഇരു ക്ലബ്ബുകളും തമ്മിലുള്ള ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ടോട്ടൻഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ഇത് കൂടാതെ കാർബഡോ കപ്പിലും യുണൈറ്റഡിനെതിരെ ടോട്ടൻ ജയം പിടിച്ചു. മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു അന്ന് ടോട്ടൻഹാമിന്റെ ജയം.
പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ 25 മത്സരങ്ങളിൽ നിന്നും 29 പോയിന്റുമായി 15–ാം സ്ഥാനത്താണ് യുണൈറ്റഡിപ്പോൾ. രണ്ട് സ്ഥാനം കൂടി നഷ്‌ടപ്പെട്ടാൽ ക്ലബ്ബ് തരംതാഴ്‌ത്തൽ ഭീഷണിയിലേക്ക് കൂപ്പുകുത്തും.
ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് കിരീടങ്ങൾ ഷെൽഫിലുള്ള യുണൈറ്റഡ് അതിദാരുണമായ ഫോമിലൂടെയാണ് നിലവിൽ കടന്നു പോകുന്നത്. സീസൺ തുടക്കത്തിൽ എറിക് ടെൻ ഹാഗ് ആയിരുന്നു ക്ലബ്ബ് പരിശീലകനെങ്കിൽ മോശം ഫോമിനെ തുടർന്ന് ഡച്ചുകാരനെ പുറത്താക്കുകയായിരുന്നു. തുടർന്നാണ് ഇപ്പോഴത്തെ പരിശീലകൻ റൂബൻ അമോറിനെ ആ സ്ഥാനത്ത് ക്ലബ്ബ് നിയമിക്കുന്നത്. ഇതിനിടയിൽ മുൻ യുണൈറ്റഡ് താരം കൂടിയായ റൂഡ് വാൻ നിസ്റ്റർലൂയി ക്ലബ്ബിന്റെ ഇടക്കാല പരിശീലകനായി ഓൾഡ് ട്രാഫോർഡിലുണ്ടായിരുന്നു.









0 comments