സൂപ്പർ കപ്പ് സെപ്‌തംബറിൽ നടത്താമെന്ന നിർദേശവുമായി എഐഎഫ്‌എഫ്; ഐഎസ്‌എല്ലിൽ തീരുമാനമായില്ല


Sports Desk
Published on Aug 07, 2025, 05:24 PM | 1 min read
ന്യൂഡൽഹി: ഐഎസ്‌എൽ ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൂപ്പർ കപ്പ് സെപ്‌തംബർ മാസത്തിൽ സംഘടിപ്പിക്കാമെന്ന നിർദേശവുമായി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്). ഐഎസ്‌എലിന്റെ പുതിയ സീസൺ അനിശ്ചിതത്വത്തിലായതോടെ ക്ലബ്ബുകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന മീറ്റിങ്ങിലാണ് എഐഎഫ്‌എഫ് നിർദേശം മുന്നോട്ട് വച്ചത്. മീറ്റിങ്ങിൽ ഐഎസ്‌എൽ എപ്പോൾ നടത്തുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
‘സെപ്‌തംബർ മാസം രണ്ടാമത്തെയൊ മൂന്നാമത്തെയോ ആഴ്‌ച സൂപ്പർ കപ്പ് തുടങ്ങാമെന്ന നിർദേശമാണ് എഐഎഫ്‌എഫ് നൽകിയത്. സൂപ്പർ കപ്പ് തുടങ്ങാനായാൽ ഐഎസ്‌എല്ലിൽ പങ്കെടുക്കുന്ന ക്ലബ്ബുകൾക്ക് നല്ല മത്സരങ്ങൾ കളിക്കാൻ സാധിക്കും. രാജ്യത്തിന്റെ താൽപര്യം മുൻനിർത്തിയാണ് എഐഎഫ്എഫും 13 ഐഎസ്എൽ ക്ലബ്ബുകളും ചേർന്ന് ഇങ്ങനെ ഒരു തീരുമാത്തിലെത്തിയത്. ഏഴ് മുതൽ 10 ദിവസത്തിനുള്ളിൽ ഞങ്ങൾ വീണ്ടും യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും.’– എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെ പറഞ്ഞു.
‘ഐഎസ്‌എൽ നടത്താനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സീസൺ അൽപ്പം വൈകിയേക്കാം എങ്കിലും ഫോർമാറ്റിലോ മറ്റ് കാര്യങ്ങളിലോ ചില മാറ്റങ്ങൾ വരുത്തി ഞങ്ങൾക്ക് അത് സംഘടിപ്പിക്കാൻ കഴിയും. അത് പിന്നീടായിരിക്കും തീരുമാനിക്കുക.’- ഐഎസ്‌എല്ലുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തെക്കുറിച്ച് ചൗബെ പറഞ്ഞു. ഐഎസ്‌എൽ സീസൺ കഴിഞ്ഞതിന് ശേഷമാണ് സൂപ്പർ കപ്പ് സംഘടിപ്പിക്കാറുള്ളത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതിൽ മാറ്റം വരുത്താനാണ് ഫെഡറേഷന്റെ തീരുമാനം.
സെപ്തംബറിലായിരുന്നു ഐഎസ്‌എലിന്റെ പുതിയ സീസൺ തുടങ്ങേണ്ടിയിരുന്നത്. എഐഎഫ്എഫും ഐഎസ്എൽ സംഘാടകരായ എഫ്എസ്ഡിഎലും തമ്മിലുള്ള കരാർ ഇൗ വർഷം അവസാനിച്ചതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. ഫെഡറേഷന്റെ ഭരണഘടനയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. ഇതിൽ വിധി വരാതെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തരുതെന്ന് കോടതി നിർദേശം നൽകിയിട്ടുണ്ട്. ഡിസംബറിൽ അവസാനിക്കുന്ന കരാറിന്റെ കാര്യത്തിൽ വ്യക്തതയില്ലാതെ ഐഎസ്എൽ നടത്താനാകില്ലെന്ന് എഫ്എസ്ഡിഎൽ നേരത്തെ അറിയിച്ചിരുന്നു.









0 comments