ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചത് 170 പേർ; ചാവിയുടെയും ഗ്വാർഡിയോളയുടെയും പേരിൽ വ്യാജ അപേക്ഷ

PHOTO: Facebook/Fabrizio Romano

Sports Desk
Published on Jul 26, 2025, 05:18 PM | 1 min read
ന്യൂഡൽഹി: പെപ് ഗ്വാർഡിയോള, ചാവി ഹെർണാണ്ടസ് എന്നിവരുടെ പേരിൽ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനത്തേക്ക് വ്യാജ അപേക്ഷകൾ ലഭിച്ചതായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്). ആകെ 170 അപേക്ഷകളാണ് പരിശീലക സ്ഥാനത്തേക്ക് ലഭിച്ചതെന്നും അതിൽ രണ്ടെണ്ണം പെപ് ഗ്വാർഡിയോള, ചാവി ഹെർണാണ്ടസ് എന്നിവരുടെ പേരിലാണെന്നും എഐഎഫ്‌എഫ് വ്യക്തമാക്കി.
ടീമിന്റെ പരിശീലകനാകാൻ ബാഴ്‌സലോണയുടേയും സ്‌പെയ്‌നിന്റെയും ഇതിഹാസ താരമായ ചാവി ഹെർണാണ്ടസ് എഐഎഫ്‌എഫിനെ സമീപിച്ചതായുള്ള വാർത്തകൾ വെള്ളിയാഴ്‌ച പുറത്തുവന്നിരുന്നു. ശമ്പളം അധികമായതിനാലാണ് ഇത് നടക്കാതിരുന്നത് എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ വാർത്തകളെ നിഷേധിച്ചുകൊണ്ട് പ്രമുഖ ഫുട്‌ബോൾ ജേർണലിസ്റ്റ് ഫാബ്രീസിയോ റൊമാനോ രംഗത്തെത്തുകയും ചെയ്തു.
Related News
ആകെ 170 അപേക്ഷകളാണ് പരിശീലക സ്ഥാനത്തേക്ക് ഫെഡറേഷന് ലഭിച്ചതെന്നും ഇതിൽ കൂടുതലും വ്യാജ അപേക്ഷകളായിരുന്നുവെന്നും എഐഎഫ്‌എഫ് പ്രസ്‌താവനയിൽ പറയുന്നു. അപേക്ഷ നൽകിയവരിൽ 10 പേരെ തെരഞ്ഞെടുത്തിട്ടുള്ളതായും പ്രസ്‌താവനയിൽ വ്യക്തമാക്കി. ഇവരിൽ നിന്ന് മൂന്ന് പേരെ തെരഞ്ഞെടുത്തുകൊണ്ട് അവസാന പട്ടിക തയ്യാറാക്കുമെന്നും അവരിൽ ഒരാളെ പരിശീലകനായി തെരഞ്ഞെടുക്കുമെന്നും പ്രസ്‌താവനയിൽ ടെക്‌നിക്കൽ കമ്മിറ്റി ചെയർമാനും മുൻ ഇന്ത്യൻ താരവും കൂടിയായ ഐ എം വിജയൻ പറഞ്ഞു.
എഐഎഫ്‌എഫിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയായിരുന്നു ചാവിയുമായി സംബന്ധിച്ച വാർത്തകൾ ആദ്യം പുറത്തുവിട്ടത്. ഈ വാർത്തകൾ തെറ്റാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് ഫാബ്രീസിയോ റൊമാനോ രംഗത്തെത്തിയിരിക്കുന്നത്. ഇതേ റൊമാനോ തന്നെ ചാവി ഫെഡറേഷനുമായി ചർച്ച നടത്തിയെന്നും റിപ്പോർട്ട് ചെയ്തിരുന്നു.
സ്‌പാനിഷ് മാധ്യമ പ്രവർത്തകനായ ഫെറാൻ കൊറെയാസ് പുറത്തുവിടുന്ന വിവരമനുസരിച്ച് എഐഎഫ്‌എഫ് മനപൂർവം ചാവിയുടെ പേര് ഉപയോഗിക്കുകയായിരുന്നു. ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക വേഷത്തിലേക്ക് സംഘടന തേടുന്നത് മികച്ച മാനേജർമാരെയാണ് എന്ന് വരുത്തിത്തീർക്കുന്നതിനായിരുന്നു ഇതെന്നും റിപ്പോർട്ടിലുണ്ട്.









0 comments