വനിതാ ഏഷ്യാ കപ്പ് ഫുട്‌ബോൾ ; ഇന്ത്യക്ക് കടുക്കും


Sports Desk
Published on Jul 30, 2025, 12:00 AM | 1 min read
ന്യൂഡൽഹി
എഎഫ്‌സി വനിതാ ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ ഇന്ത്യ കടുത്ത ഗ്രൂപ്പിൽ. ഏഷ്യൻ ഒന്നാം നമ്പർ ടീം ജപ്പാൻ ഉൾപ്പെട്ട ഗ്രൂപ്പ് സിയിലാണ് ഇന്ത്യ. വിയറ്റ്‌നാമും ചൈനീസ് തായ്‌പേയിയും ആണ് മറ്റ് ടീമുകൾ. ആകെ 12 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ. നാല് വീതം ടീമുകൾ ഉൾപ്പെട്ട മൂന്ന് ഗ്രൂപ്പാണ്. അടുത്ത വർഷം മാർച്ച് ഒന്നുമുതൽ 21വരെ ഓസ്‌ട്രേലിയയിലാണ് ഏഷ്യൻ കപ്പ്.
മാർച്ച് നാലിന് വിയറ്റ്‌നാമുമായാണ് ആദ്യ കളി. ഏഴിന് ജപ്പാനെ നേരിടും. 10നാണ് തായ്‌പേയിയുമായുള്ള അവസാന ഗ്രൂപ്പ് മത്സരം.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർക്കൊപ്പം മികച്ച രണ്ട് മൂന്നാംസ്ഥാനക്കാരും ക്വാർട്ടറിലേക്ക് മുന്നേറും. സെമിയിലെത്തുന്ന നാല് ടീമുകൾക്കും 2027 ബ്രസീൽ ലോകകപ്പിൽ കളിക്കാം. ക്വാർട്ടറിൽ തോൽക്കുന്ന ടീമുകൾക്ക് പ്ലേ ഓഫിൽ പോരടിക്കാം. അതുവഴി രണ്ട് ടീമുകൾക്കുകൂടി ലോകകപ്പിൽ കളിക്കാൻ അവസരം കിട്ടും.
2011ലെ ലോക ചാമ്പ്യൻമാരായ ജപ്പാൻ ഫിഫ റാങ്കിങ് പട്ടികയിൽ ഏഴാം സ്ഥാനക്കാരാണ്. 2014ലും 2018ലും ഏഷ്യൻ ചാമ്പ്യൻമാരായി. കഴിഞ്ഞ തവണ നിലവിലെ ചാമ്പ്യൻമാരായ ചൈനയോട് സെമിയിൽ തോറ്റു.
വിയറ്റ്‌നാം 37–-ാം റാങ്കുകാരാണ്. 2023ൽ ലോകകപ്പ് കളിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഷ്യൻ കപ്പിൽ ക്വാർട്ടറിലെത്തി.
1980ലെ ഏഷ്യൻ ചാമ്പ്യൻമാരാണ് തായ്‌പേയ്. നിലവിൽ 42–-ാം റാങ്കിൽ. ഇന്ത്യയാണ് ഗ്രൂപ്പിൽ ഏറ്റവും പിന്നിൽ. 70–-ാം സ്ഥാനം. മലയാളി താരം പി മാളവിക ഉൾപ്പെട്ട ടീം യോഗ്യതാ റൗണ്ടിൽ തകർപ്പൻ കളിയാണ് പുറത്തെടുത്തത്.
ഗ്രൂപ്പ് എയിൽ ആതിഥേയരായ ഓസ്‌ട്രേലിയക്കൊപ്പം ദക്ഷിണ കൊറിയ, ഇറാൻ, ഫിലിപ്പീൻസ് ടീമുകളാണ്. ഗ്രൂപ്പ് ബി ചാമ്പ്യൻമാരായ ചൈനയ്‌ക്കൊപ്പം ഉത്തര കൊറിയ, ബംഗ്ലാദേശ്, ഉസ്‌ബെക്കിസ്ഥാൻ ടീമുകളും കളിക്കും.
സിഡ്‌നി ടൗൺ ഹാളിൽ നടന്ന നറുക്കെടുപ്പിൽ ഇന്ത്യൻ മധ്യനിരക്കാരി സംഗീത ബാസ്‌ഫോറെ പങ്കെടുത്തിരുന്നു.









0 comments