അർജന്റീന ഫുട്ബോൾ ടീം പ്രതിനിധി കലൂർ സ്റ്റേഡിയത്തിലെത്തി

അർജന്റീന ഫുട്ബോൾ ടീം പ്രതിനിധി ഹെക്ടർ ഡാനിയേൽ കബ്രേര കലൂർ സ്റ്റേഡിയം സന്ദർശിക്കുന്നു: കായികമന്ത്രി അബ്ദുറഹ്മാനും സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് യു ഷറഫലി എന്നിവർ സമീപം. ഫോട്ടോ: വി കെ അഭിജിത്ത്
കൊച്ചി: ലോകകപ്പ് ജേതാക്കളായ അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിലെത്തുന്നതിന് മുന്നോടിയായി ടീം പ്രതിനിധി ഹെക്ടർ ഡാനിയേൽ കബ്രേര കലൂർ സ്റ്റേഡിയത്തിലെത്തി. കായികമന്ത്രി അബ്ദുറഹ്മാനും സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് യു ഷറഫലിയ്ക്കുമൊപ്പമാണ് ഹെക്ടർ കലൂർ നെഹ്റു സ്റ്റേഡിയം സന്ദർശിച്ചത്.
നവംബർ 15നും 18നും ഇടയിലായിരിക്കും അർജൻ്റീന എത്തുന്നത്. 16നും 17നുമാണ് കളി ആലോചിക്കുന്നത്. ഓസ്ട്രേലിയ ആയിരിക്കും എതിരാളി. രണ്ട് കളി നടത്താനുള്ള ചർച്ചയാണ് നടക്കുന്നത്. അർജൻ്റീനക്കും ഓസ്ട്രേലിയക്കും പുറമെ ഒരു ടീം കൂടി കളിക്കാനുള്ള സാധ്യത ചർച്ച ചെയ്യുന്നു.
ഹെക്ടർ ഡാനിയേൽ കബ്രേര കലൂർ സ്റ്റേഡിയം സന്ദർശിക്കുന്നു: കായികമന്ത്രി അബ്ദുറഹ്മാനും സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് യു ഷറഫലി എന്നിവർ സമീപം. ഫോട്ടോ: വി കെ അഭിജിത്ത്
2022 ഖത്തർ ലോകകപ്പിൽ അർജന്റീന ചാമ്പ്യൻമാരായതിന് പിന്നാലെയാണ് കേരള സന്ദർശനമെന്ന ആശയമുദിച്ചത്. കിരീടനേട്ടത്തിൽ ലോകമെങ്ങുമുള്ള ആരാധകർക്ക് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ(എഎഫ്‌എ) നന്ദി അറിയിച്ചിരുന്നു. അതിൽ കേരളവും ഇടംപിടിച്ചു. സന്തോഷമറിയിച്ച് കായികമന്ത്രി വി അബ്ദുറഹിമാൻ എഎഫ്‌എക്ക് മെയിൽ സന്ദേശമയച്ചു. അതിനുള്ള മറുപടിയിലാണ് കേരള സന്ദർശനത്തിനുള്ള സന്നദ്ധത അറിയിച്ചത്.
ഇച്ഛാശക്തിയോടെ സർക്കാരും വകുപ്പും മുന്നിട്ടിറങ്ങിയതോടെ സ്വപ്നം സാഫല്യമായി. സ്‌പോൺസറുടെ പിന്തുണയും പ്രധാനമായി. രണ്ടാംതവണയാണ് മെസിയും അർജന്റീനയും ഇന്ത്യയിലേക്ക് വരുന്നത്. 2011ൽ കൊൽക്കത്തയിൽ വെനസ്വേലയ്‌ക്കെതിരെ സൗഹൃദ മത്സരം കളിച്ചിരുന്നു.








0 comments