സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽനിന്ന് ഇന്ത്യൻ ടീമിലേക്ക് , ഇൗ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം
print edition കമാലുദ്ദീൻ മാജിക്

അജിൻ ജി രാജ്
Published on Nov 13, 2025, 12:00 AM | 1 min read
പറഞ്ഞറിയിക്കാനകാത്ത സന്തോഷം. ഒപ്പം അഭിമാനവും. സൂപ്പർ ലീഗ് കേരളയിൽ കളിക്കാൻ തീരുമാനിച്ചതാണ് നിർണായകമായത്. തൃശൂർ ടീം എന്നിൽ വിശ്വസിച്ചു. അവരോടുള്ള കടപ്പാട് എന്നുമുണ്ടാകും – എ കെ കമാലുദ്ദീൻ
കോഴിക്കോട്
എല്ലാമൊരു മായാജാലം പോലെ തോന്നുകയാണ് കമാലുദ്ദീന്. ഇൗസ്റ്റ് ബംഗാൾ വിട്ട് തൃശൂർ മാജിക് എഫ്‌സിക്കായി കാവൽ നിൽക്കുമ്പോൾ ഇന്ത്യൻ കുപ്പായത്തിലേക്കുള്ള യാത്രയാകും അതെന്ന് ഒരിക്കൽപോലും ഇരുപത്തൊന്നുകാരൻ കരുതിയിരുന്നില്ല. എന്നാൽ സൂപ്പർ ലീഗ് കേരള ഫുട്‌ബോളിലെ തകർപ്പൻ പ്രകടനത്തോടെ എ കെ കമാലുദ്ദീൻ ഇന്ത്യൻ ടീമിലെത്തിയിരിക്കുന്നു. തായ്‌ലൻഡിനെതിരായ ഇന്ത്യൻ അണ്ടർ 23 ടീമിന്റ സൗഹൃദ മത്സരത്തിനുള്ള സംഘത്തിലാണ് തൃശൂർ അക്കിക്കാവ് സ്വദേശി ഇടംപിടിച്ചത്. സൂപ്പർ ലീഗിൽനിന്ന് ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ താരം കൂടിയാണ്.
ജേഷ്ഠൻ മുഹമ്മദ് ഷാഫിക്കൊപ്പം കളിച്ചുതുടങ്ങിയതാണ് കമാലുദ്ദീൻ. കളി പിന്നീട് കാര്യമായി. ഗോൾകീപ്പറാകാനായിരുന്നു ആഗ്രഹം. ഏഴാം ക്ലാസിൽ ഗുരുവായൂർ സോക്കർ അക്കാദമിയിൽ ചേർന്നു. എരുമപെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കായികാധ്യാപകൻ മുഹമ്മദ് ഹനീഫയാണ് മിനുക്കിയെടുത്തത്. കഠിനപ്രയത്‌നം ജില്ലാ ടീമിലേക്കും സംസ്ഥാന ടീമിലേക്കുമെത്തിച്ചു. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ചാമ്പ്യൻമാരായ കേരള ടീമിന്റെ ഗോളിയായിരുന്നു. ഇൗ മികവ് കണ്ട് എഫ്‌സി കേരള വിളിച്ചു. പിന്നെ ഇൗസ്റ്റ് ബംഗാളിലേക്കും.
കൊൽക്കത്തൻ ക്ലബിന്റെ റിസർവ് ടീമിൽ ഒരു വർഷം കളിച്ചശേഷമാണ് നാട്ടിൽ മടങ്ങിയെത്തുന്നത്. സൂപ്പർ ലീഗിൽ ജന്മനാടിനായി കൈയുറ അണിഞ്ഞു. ഇന്ത്യൻ ഫുട്‌ബോളിലെ പരിചയസമ്പന്നനായ ഗോൾകീപ്പർ ലക്ഷ്‌മികാന്ത് കട്ടിമണിയെ ബെഞ്ചിലിരുത്തിയാണ് റഷ്യക്കാരനായ പരിശീലകൻ ആന്ദ്രെ ചെർണെഷോവ് കമാലുദ്ദീന് അവസരം നൽകിയത്. വിശ്വാസം കാക്കുന്ന പ്രകടനമായിരുന്നു. അഞ്ച് കളിയിൽ ആകെ രണ്ട് ഗോൾ മാത്രമാണ് വഴങ്ങിയത്. മൂന്ന് കളിയിൽ എതിരാളിയെ വലകുലുക്കാൻ അനുവദിച്ചില്ല. 14 രക്ഷപ്പെടുത്തലുകൾ നടത്തി. ഇൗ മികവാണ് ഇന്ത്യയുടെ അണ്ടർ 23 ടീമിലേക്കുള്ള വരവിന് ഉൗർജമായത്.
തൃശൂർ കേരള വർമ കോളേജിൽ രണ്ടാംവർഷ വിദ്യാർത്ഥിയാണ് കമാലുദ്ദീൻ. അക്കിക്കാവ് കുപ്പിക്കുന്ന് അത്തിക്കപ്പറമ്പിൽ കാസിമിന്റെയും ബുഷറയുടെയും മകനാണ്.








0 comments