വമ്പോടെ വമ്പൻമാർ

cristiano

ക്രൊയേഷ്യക്കെതിരെ ഗോൾ നേടിയപ്പോൾ ഫ്രഞ്ച് താരങ്ങളുടെ ആഹ്ലാദം , ഡെൻമാർക്കിനെതിരെ പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ ആഘോഷം

വെബ് ഡെസ്ക്

Published on Mar 25, 2025, 12:28 AM | 2 min read

ലിസ്‌ബൺ : നേഷൻസ്‌ ലീഗ്‌ ഫുട്ബോളിൽ നാടകീയ നിമിഷങ്ങൾക്കൊടുവിൽ വമ്പൻമാർ കുതിച്ചു. പെനൽറ്റി നഷ്‌ടവും ഷൂട്ടൗട്ടും അതിമനോഹര തിരിച്ചുവരവും കണ്ട ക്വാർട്ടർ പോരിൽ പോർച്ചുഗൽ, സ്‌പെയ്‌ൻ, ഫ്രാൻസ്‌, ജർമനി ടീമുകൾ സെമിയിലേക്ക്‌ മുന്നേറി. ഇതിൽ പോർച്ചുഗലും ഫ്രാൻസും ആദ്യപാദത്തിലെ തോൽവിയിൽ തിരിച്ചുകയറിയാണ്‌ അവസാന നാലിൽ ഇടംപിടിച്ചത്‌. പോർച്ചുഗൽ ഡെൻമാർക്കിനെ രണ്ടാംപാദ ക്വാർട്ടറിൽ 5–-2ന്‌ തകർത്തു. ഇരുപാദങ്ങളിലുമായി 5–-3. ആദ്യപാദത്തിൽ ഒരു ഗോൾ തോൽവിയായിരുന്നു. അധിക സമയത്തായിരുന്നു പോർച്ചുഗൽ ജയം പിടിച്ചത്‌.


ജർമനി–-ഇറ്റലി രണ്ടാംപാദം 3–-3നാണ്‌ അവസാനിച്ചത്‌. ആദ്യപാദത്തിൽ 2–-1ന്‌ ജയിച്ചത്‌ ജർമനിക്ക്‌ ഗുണമായി. 5–-4നാണ്‌ മുന്നേറ്റം. സ്‌പെയ്‌ൻ–-ഡച്ച്‌ രണ്ടാംപാദവും 3–-3 സ്‌കോറായിരുന്നു. ആദ്യപാദം 2–-2. ഇരുപാദങ്ങളിലുമായി 5–-5. തുടർന്ന്‌ ഷൂട്ടൗട്ട്‌. സ്‌പെയ്‌ൻ 5–-4ന്റെ ജയം നേടി. ഫ്രാൻസ്‌ രണ്ടാംപാദത്തിൽ ക്രൊയേഷ്യയെ രണ്ട്‌ ഗോളിന്‌ വീഴ്‌ത്തി. ആദ്യപാദത്തിൽ ക്രൊയേഷ്യ 2–-0ന്‌ മുന്നിലെത്തിയിരുന്നു. ഷൂട്ടൗട്ടിൽ 5–-4നാണ്‌ ഫ്രഞ്ച്‌ ജയം. സെമിയിൽ പോർച്ചുഗലും ജർമനിയും ഏറ്റുമുട്ടും. സ്‌പെയ്‌നും ഫ്രാൻസും തമ്മിലാണ്‌ മറ്റൊരു സെമി. ജൂണിലാണ്‌ മത്സരങ്ങൾ. ഡെൻമാർക്കിനെതിരെ ഫ്രാൻസിസ്‌കോ ടിൻകാവോ പോർച്ചുഗലിനായി ഇരട്ടഗോളടിച്ചു.


സൂപ്പർ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയും ലക്ഷ്യം കണ്ടു. കളിയുടെ തുടക്കത്തിൽ റൊണാൾഡോ പെനൽറ്റി പാഴാക്കിയിരുന്നു. രാജ്യാന്തര ഫുട്‌ബോളിൽ നാൽപ്പതുകാരന്‌ 136 ഗോളായി. ഡെൻമാർക്കിന്റെ ജൊയാകിം ആൻഡേഴ്‌സണിന്റെ പിഴവുഗോളാണ്‌ പോർച്ചുഗലിന്‌ ആദ്യഘട്ടത്തിൽ ലീഡ്‌ നൽകിയത്‌. ഡെൻമാർക്കിനായി റാസ്‌മുസ്‌ ക്രിസ്‌റ്റൻസണും ക്രിസ്‌റ്റ്യൻ എറിക്‌സണും ലക്ഷ്യം കണ്ടതോടെ നിശ്‌ചിത സമയം അവസാനിക്കുമ്പോൾ സ്‌കോർ 3–-3ആയി. അധികസമയത്ത്‌ ടിൻകാവോയും ഗൊൺസാലോ റാമോസും ചേർന്ന്‌ പോർച്ചുഗലിന്റെ ജയം പൂർത്തിയാക്കി. ക്രൊയേഷ്യക്കെതിരെ മൈക്കേൽ ഒലീസെയും ഉസ്‌മാൻ ഡെംബലെയും ഫ്രാൻസിനായി ലക്ഷ്യം കണ്ടു. ഇതോടെ ഇരുപാദങ്ങളിലുമായി സ്‌കോർ 2–-2. അധിക സമയത്ത്‌ ഗോൾ പിറന്നില്ല.


ഷൂട്ടൗട്ടിൽ ക്രൊയേഷ്യയുടെ മൂന്ന്‌ കിക്കുകൾ പാഴായി. ഫ്രാൻസിന്റെ രണ്ടും. സഡൻ ഡെത്തിൽ ദയോത്‌ ഉപമെകാനോ ഫ്രാൻസിന്റെ രക്ഷകനായി. ക്രൊയേഷ്യയുടെ ജോസെപ്‌ സ്‌റ്റാനിസിച്ചിന്റെ അടി പുറത്തായി. സ്‌പെയ്‌ൻ–-ഡച്ച്‌ മത്സരം ആവേശകരമായി. മിക്കേൽ ഒയർസബാലിന്റെ ഇരട്ടഗോളിൽ സ്‌പെയ്‌ൻ കുതിച്ചു. എന്നാൽ മെംഫിസ്‌ ഡിപെയുടെയും ഇയാൻ മാറ്റ്‌സെന്റെയും ഗോളിൽ ഡച്ച്‌ തിരിച്ചടിക്കുകയായിരുന്നു. അധികമയത്ത്‌ ലമീൻ യമാലിന്റെ തകർപ്പൻ ഗോളിൽ സ്‌പെയ്‌ൻ ലീഡ്‌ നേടി. ഡച്ച്‌ വിട്ടുകൊടുത്തില്ല. പെനൽറ്റിയിലൂടെ സാവി സിമ്മൺസിന്റെ മറുപടി. ഷൂട്ടൗട്ടിൽ ആദ്യ മൂന്ന്‌ കിക്കുകളും ഇരു ടീമുകളും ലക്ഷ്യത്തിലെത്തിച്ചു. നാലാം കിക്കിൽ ഡച്ചിന്റെ നോയ ലാങ്ങും സ്‌പെയ്‌നിന്റെ യമാലും പാഴാക്കി. അഞ്ചാം കിക്ക്‌ ലക്ഷ്യം കണ്ടു.


കളി സഡൻ ഡെത്തിൽ. ഡച്ചിന്റെ ഡൊണ്യെൽ മല്ലാന്‌ പിഴച്ചപ്പോൾ പെഡ്രി സ്‌പെയ്‌നിനായി മിന്നി. 5–-4ന്‌ സ്‌പെയ്‌ൻ സെമിയിൽ. ഇറ്റലിക്കെതിരെ ജൊഷ്വ കിമ്മിച്ച്‌, ജമാൽ മുസിയാല, ടിം ക്ലെയിൻഡിയെൻസ്‌റ്റ്‌ എന്നിവരിലൂടെ തുടക്കത്തിൽതന്നെ ജർമനി മുന്നിലെത്തി. എന്നാൽ ഇടവേളയ്‌ക്കുശേഷം മോയ്‌സ്‌ കീനിന്റെ ഇരട്ടഗോളിൽ ഇറ്റലി തിരിച്ചുവന്നു. അവസാന നിമിഷം ജിയാകോമോ റാസ്‌പദോരിയുടെ പെനൽറ്റിയിലൂടെ ഒപ്പമെത്തിയെങ്കിലും ആദ്യപാദത്തിലെ തോൽവി ഇറ്റലിക്ക്‌ വിനയായി.



deshabhimani section

Related News

View More
0 comments
Sort by

Home