മനസുകളെ ത്രസിപ്പിച്ച 'കൊൽക്കത്ത ഡെർബി': മോഹൻ ബഗാൻ- ഈസ്റ്റ് ബംഗാൾ പോരിന്റെ നൂറാം വർഷം

ആര്യാ കൃഷ്ണൻ
Published on May 28, 2025, 05:52 PM | 2 min read
കാൽപ്പന്തുകൊണ്ടെഴുതുന്ന കവിതയാണ് ഫുട്ബോളെന്ന് വിശേഷിപ്പിക്കാറുണ്ട്. കോടിക്കണക്കിന് ജനങ്ങളുടെ ഇഷ്ടവിനോദമായ ഫുട്ബോളിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് കളിക്കളത്തിലെ വൈരാഗ്യത്തിനും. വർഷങ്ങളായി തുടർന്നു പോരുന്ന കുടിപ്പകയും വാക്പോരുകളും ഫുട്ബോളിന്റെ ജനപ്രിയതയെ സൂചിപ്പിക്കുമെങ്കിലും ചില അവസരങ്ങളിലെങ്കിലും ഇവ അതിരുവിടുന്നതായി കാണാം. ഗാലറിയിൽ തങ്ങളുടെ ഇഷ്ട ടീമിനായി ആർത്തുവിളിക്കുന്ന ആരാധകർ ഫുട്ബോൾ മത്സരങ്ങളിലെ നിത്യ കാഴ്ചയാണ്.
ഒരേ നഗരത്തിൽ നിന്നോ പ്രദേശത്തു നിന്നോ തന്നെയുള്ള രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള മത്സരത്തെയാണ് പൊതുവെ ഡെർബി എന്ന് വിളിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡെർബികളിലൊന്ന് നടക്കുന്നത് ഇന്ത്യയിലാണ്. കൊൽക്കത്ത ഡെർബി എന്നും പ്രാദേശികമായി ബോറോ മാച്ച് എന്നും അറിയപ്പെടുന്ന ഈ പോര് ഫുട്ബോളിലെ വമ്പൻമാരായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിലുള്ളതാണ്. ചിരവൈരികളായ ഈ ടീമുകളുടെ ആദ്യ ഔദ്യോഗിക മത്സരത്തിന് ഇന്ന് 100 വർഷം പിന്നിടുകയാണ്.
1921 ആഗസ്ത് എട്ടിനാണ് മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ആദ്യമായി ഏറ്റുമുട്ടിയത്. കൂച്ച് ബിഹാർ ട്രോഫിയിലായിരുന്നു ഇത്. എന്നാൽ ഈ മത്സരം ഔദ്യോഗികമല്ല. ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ ആദ്യ ഔദ്യോഗിക മത്സരമായി കണക്കാക്കുന്നത് 1925 മെയ് 28ന് നടന്ന കൽക്കട്ട ഫുട്ബോൾ ലീഗ് മത്സരത്തെയാണ്. ഈസ്റ്റ് ബംഗാൾ അന്ന് ഒരു ഗോളിന് മോഹൻ ബഗാനെ പരാജയപ്പെടുത്തി. രണ്ട് ക്ലബ്ബുകളും വർഷത്തിൽ കുറഞ്ഞത് 3 തവണയെങ്കിലും ഏറ്റുമുട്ടാറുണ്ട്. ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ലീഗുകളിലൊന്നായ കൽക്കട്ട ഫുട്ബോൾ ലീഗ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ (വെസ്റ്റ് ബംഗാൾ ) നേതൃത്വത്തിലാണ് നടക്കുന്നത്.
ചിത്രം എഐ ഭാവനയിൽ
ബംഗാളിന്റെ രണ്ട് ഭാഗങ്ങളിലുള്ള ജനതയെ പ്രതിനിധീകരിക്കുന്നതാണ് ഈ രണ്ട് ക്ലബ്ബുകൾ. ബംഗാളിന്റെ പടിഞ്ഞാറുഭാഗത്തുള്ള ഘോട്ടി വിഭാഗത്തിലുള്ളവരാണ് മോഹൻ ബഗാന്റെ ആരാധകരിൽ ഭൂരിഭാഗവും. സ്വാതന്ത്ര്യത്തിനു മുമ്പുള്ള ബംഗാളിന്റെ കിഴക്കൻ ഭാഗത്ത് നിന്നുള്ളവരാണ് ഈസ്റ്റ് ബംഗാൾ ആരാധകർ. ബംഗാളുകൾ എന്നാണ് ഇവർ അറിയപ്പെടുന്നത്. 1889ലാണ് മോഹൻ ബഗാൻ സ്ഥാപിതമായത്. 1920ലായിരുന്നു ഈസ്റ്റ് ബംഗാളിന്റെ പിറവി.
സ്കോട്ടിഷ് പ്രൊഫഷണൽ ഫുട്ബോൾ ലീഗിന്റെ പഴയ ഫേം ഡെർബിയുമായി വളരെ സാമ്യമുള്ളതാണ് കൊൽക്കത്ത ഡെർബിയും. ആരാധകർ തങ്ങളുടെ ടീമിന്റെ വിജയം ആഘോഷിക്കുന്നതുപോലും വളരെ വ്യത്യസ്തമായ രീതിയിലാണ്. ഇലിഷ്, ഗോൽഡ ചിംഗ്റി എന്നീ പരമ്പരാഗത വിഭവങ്ങൾ തയാറാക്കിയാണ് ഒരോ ടീമിന്റെയും വിജയം ആഘോഷിക്കുന്നത്. ഈസ്റ്റ് ബംഗാളിന്റെ വിജയം ഇലിഷ് തയാറാക്കി ആരാധകർ ആഘോഷിക്കുമ്പോൾ ഗോൽഡ ചിംഗ്റി വിളമ്പിയാണ് മോഹൻ ബഗാന്റെ വിജയം ആഘോഷിക്കുന്നത്.

അനൗദ്യോഗിക കണക്ക് പ്രകാരം 353 മത്സരങ്ങളിലാണ് ഇരുടീമുകളും നേർക്കുനേർ വന്നത്. ഇതിൽ 127 കളിയിൽ ഈസ്റ്റ് ബംഗാളും 111 എണ്ണത്തിൽ ബഗാനും വിജയിച്ചു. 115 കളി സമനിലയിലായി. പ്രധാന കിരീടങ്ങളുടെ കാര്യത്തിലും ഈസ്റ്റ് ബംഗാളിന് മുൻതൂക്കമുണ്ട്. ഈസ്റ്റ് ബംഗാൾ 133 കിരീടങ്ങളും ബഗാൻ 132 എണ്ണവും നേടി. എന്നാൽ ഐ ലീഗിൽ ബഗാനാണ് നേട്ടം. അഞ്ച് തവണ ബഗാൻ ചാമ്പ്യൻമാരായപ്പോൾ ബംഗാളിന് മൂന്ന് തവണയാണ് ജയിക്കാൻ കഴിഞ്ഞത്.
പലപ്പോഴും ഫുട്ബോൾ മത്സരമെന്നതിനപ്പുറത്തേക്ക് നഗരവൈരമായും ആളുകൾ തമ്മിലുള്ള പോരാട്ടമായും കൊൽക്കത്ത ഡെർബി കടന്നുപോയിട്ടുണ്ട്. സാൾട്ട് ലേക്കും ഈഡൻ ഗാർഡനുമടക്കമുള്ള സ്റ്റേഡിയങ്ങൾ നിരവധി തവണ ആരാധകരുടെ രോഷം കണ്ടു. ഫിഫയുടെ ക്ലാസിക്കൽ നാട്ടങ്കങ്ങളുടെ പട്ടികയിൽപ്പെടുത്തിയതാണ് കൊൽക്കത്ത ടീമുകളുടെ പോരാട്ടവും. ബംഗാളി ഭാഷയിൽ 'ബോറോ മാച്ച്' എന്നാൽ വലിയ മത്സരമെന്നാണ് അർഥം. ബംഗാളി ജനതയ്ക്ക് ഈ മത്സരങ്ങളെല്ലാം കായിക ഇനം എന്നതിലുപരി അവരുടെ ജീവിതവുമായി ഇഴ ചേർന്നതുകൂടിയാണ്. ഈ ചരിത്ര ഡെർബിയുടെ അവസാന മത്സരം 2025 ജനുവരി 11 ന് ഇന്ത്യൻ സൂപ്പർ ലീഗിലും നടന്നു. മോഹൻ ബഗാൻ സൂപ്പർ ലീഗ് ക്ലബ്ബായ എടികെയിൽ ലയിച്ചതോടെ തിരശീല വീണത് ലോകം കണ്ട വലിയ ഫുട്ബോൾ വൈരത്തിനു കൂടിയാണ്. ആ നാട്ടങ്കങ്ങളെല്ലാം കേവലം ഫുട്ബോളെന്നതിനപ്പുറത്തേക്ക് കൊൽക്കത്തയുടെ സംസ്കാര പാരമ്പര്യം കൂടിയായിരുന്നു.










0 comments