ദയനീയ പ്രകടനം; ഫിഫ റാങ്കിങ്ങിൽ പിന്നോട്ടടിച്ച് ഇന്ത്യ

ന്യൂഡൽഹി: സമീപ കാലത്തെ ദയനീയ കളിയ്ക്ക് പിന്നാലെ ഫിഫ റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ആഗോള ഫുട്‌ബോൾ സംഘടനായ ഫിഫയുടെ പുതിയ റാങ്കിങ്ങിൽ ഇന്ത്യക്ക് 133-ാംസ്ഥാനമാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം സ്ഥാനമാണിത്. 2023 ജൂലൈയിൽ 99-ാം റാങ്കിലായിരുന്നു. 2023 നവംബറിനുശേഷം ഔദ്യോഗിക മത്സരങ്ങളിൽ ജയമില്ല. അവസാന 16 കളിയിൽ ഒരു ജയമുണ്ട്. അത് സൗഹൃദ മത്സരത്തിൽ ദുർബലരായ മാലദ്വീപിനെതിരെ. ഏഷ്യൻ കപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായി. ലോകകപ്പ് യോഗ്യതയിലും കാലിടറി.
ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ പരിശീലകസ്ഥാനത്തുനിന്ന് മനോലോ മാർക്വസിനെ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ പുറത്താക്കിയിരുന്നു. ഇഗർ സ്‌റ്റിമച്ചിന് പകരം കഴിഞ്ഞ വർഷം ജൂണിൽ ചുമതലയേറ്റ സ്‌പാനിഷുകാരന് കീഴിൽ എട്ട് കളിയിൽ ഒരു ജയം മാത്രമാണ് ഇന്ത്യക്ക് നേടാനായത്. ഒരു ജയം, നാല് സമനില, മൂന്ന് തോൽവി ഇങ്ങനെയാണ് പ്രകടനം.
ലോക ചാമ്പ്യൻമാരായ അർജന്റീന ഒന്നാംസ്ഥാനത്ത് തുടർന്നു. ബ്രസീൽ അഞ്ചാമതാണ്. സ്‌പെയ്‌ൻ ( 2), ഫ്രാൻസ് (3), ഇംഗ്ലണ്ട് (4), പോർച്ചുഗൽ (6), നെതർലൻഡ്‌സ് (7), ബൽജിയം (8), ജർമനി (9), ക്രൊയേഷ്യ (10) എന്നീ ടീമുകളാണ് ആദ്യ പത്തിലുള്ളത്.









0 comments