ക്ലബ്ബ് ലോകകപ്പ്: യുവന്റസിനെ വീഴ്ത്തി റയൽ; ക്വാർട്ടറിൽ എതിരാളി ഡോർട്ട്‌മുണ്ട്

ഫ്ലോറിഡ: ഫിഫ ക്ലബ് ലോകകപ്പിൽ യുവന്റസിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി റയൽ മാഡ്രിഡ് ക്വാർട്ടർ ഫൈനലിൽ. ഗോൺസാലോ ഗ്വാർസിയ നേടിയ ഗോളാണ് സ്പാനിഷ് വമ്പൻമാർക്ക് വിജയം സമ്മാനിച്ചത്. മറ്റൊരു കളിയിൽ മോൺറ്റെറിയെ 2-1ന് തകർത്ത ബൊറൂസിയ ഡോർട്ട്‌മുണ്ടാണ് ക്വാർട്ടറിൽ റയലിന്റെ എതിരാളി.
യുവന്റസിന് തുടക്കത്തിൽ നല്ല അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും പിന്നീട് റയൽ ആധിപത്യം പുലർത്തി. റയലിന്റെ 21 ഷോട്ടുകളിൽ 11 എണ്ണം ഗോൾ പോസ്റ്റിനെ ലക്ഷ്യമായപ്പോൾ യുവന്റസിന്റെ ആറ് ഷോട്ടുകളിൽ രണ്ടെണ്ണം മാത്രമാണ് പോസ്റ്റിന് നേരെ വന്നത്. വിനീഷ്യസ് ജൂനിയർ റയലിന് മികച്ച ഗോളവസരങ്ങൾ ഒരുക്കിയെങ്കിലും യുവന്റസ് ഗോൾകീപ്പറുടെ മികച്ച സേവുകൾ തിരിച്ചടിയായി. വിനീഷ്യസിന്റെ മുന്നേറ്റത്തിനൊടുവിൽ ട്രെന്റ് അലക്‌സാണ്ടർ അർനോൾഡ് നൽകിയ ക്രോസ് വലയിലാക്കിയാണ് ഗോൺസാലോ ഗാർസിയ റയലിന്റെ ജയം ഉറപ്പാക്കിയത്. കളിയുടെ രണ്ടാം പകുതിയിൽ സൂപ്പർ താരം എംബാപ്പെ പകരക്കാരനായി കളത്തിലിറങ്ങി. പരിക്കുമൂലം കഴിഞ്ഞ ഗ്രൂപ്പ് മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു.
മോൺറ്റെറിയുമായുള്ള മത്സരത്തിൽ തുടക്കത്തിൽ തന്നെ ആക്രമിച്ചാണ് ഡോർട്ട്‌മുണ്ട് കളിച്ചത്. 14-ാം മിനിറ്റിലും 24-ാം മിനിറ്റിലും സെർഹു ഗുയ്‌റാസി ബൊറൂസിയ ഡോർട്ട്‌മുണ്ടിനായി വലക്കുലുക്കി. ഇരു ഗോളുകൾക്കും കരിം അഡെയെമിയാണ് വഴിയൊരുക്കിയത്. എന്നാൽ കളിയുടെ പന്തടക്കത്തിലും പോസ്റ്റിനെ ലക്ഷ്യമായി ഷോട്ട് പായിച്ചതുമെല്ലാം മോൺറ്റെറിയാണെങ്കിലും ജയം നേടാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ 48-ാം മിനിറ്റിൽ എറിക്ക് അഗ്വിറെയുടെ അസിസ്റ്റിൽ ജെർമൻ ബെർട്ടെറേം ആണ് ടീമിനായി ആശ്വാസ ഗോൾ നേടിയത്.









0 comments