‘ലോകകപ്പിൽ 64 ടീമുകൾ വേണം’

ബ്യൂണസ്: ഐറിസ് ലോകകപ്പ് ശതാബ്‌ദിവർഷമായ 2030ൽ 64 ടീമുകൾ വേണമെന്ന നിർദേശവുമായി ലാറ്റിനമേരിക്കൻ ഫുട്‌ബോൾ ഫെഡറേഷൻ. 1998 മുതൽ 2022 ഖത്തർ ലോകകപ്പ്‌വരെ 32 ടീമുകളായിരുന്നു. അമേരിക്കയും ക്യാനഡയും മെക്‌സിക്കോയും ആതിഥേയരാവുന്ന 2026 ലോകകപ്പിൽ 48 ടീമുകളുണ്ട്.
2030 ലോകകപ്പിന് സ്‌പെയ്‌ൻ, മൊറോക്കോ, പോർച്ചുഗൽ രാജ്യങ്ങളാണ് ആതിഥേയർ. ശതാബ്‌ദി വർഷമായതിനാൽ ഉറുഗ്വേ, അർജന്റീന, പരാഗ്വേ എന്നീ രാജ്യങ്ങളിൽ ഓരോ മത്സരമുണ്ടാവും. ചരിത്രത്തിലെ ആദ്യ ലോകകപ്പിന് ഉറുഗ്വേയായിരുന്നു വേദി. ശതാബ്‌ദി വർഷത്തിൽ പരമാവധി രാജ്യങ്ങൾക്ക് ലോകകപ്പ് അനുഭവം ലഭിക്കണമെന്ന ആഗ്രഹത്തിലാണ് ഈ നിർദേശമെന്ന് ഫെഡറേഷൻ പ്രസിഡന്റ് അലെജാൻഡ്രോ ഡോമിൻഗസ് പറഞ്ഞു. ഫിഫ കോൺഗ്രസിൽ ഈ ആശയം ആദ്യം ഉയർത്തിയത് ഉറുഗ്വേ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഇഗ്‌നേഷ്യോ അലൻസോയാണ്. നിർദേശം ഫിഫ അംഗീകരിച്ചാൽ 128 മത്സരങ്ങൾ ഉണ്ടാവും.
2022 ലോകകപ്പിൽ 64 മത്സരങ്ങളായിരുന്നു. 2026ൽ 104 ആണ്. ലോകകപ്പിന്റെ നിലവാരം ഇടിയുമെന്നാണ് നിർദേശത്തോടുള്ള എതിർപ്പിന് കാരണം. യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷൻ എതിർപ്പുമായി രംഗത്തുണ്ട്. ‘മോശം ആശയം’ എന്നാണ് യുവേഫ പ്രസിഡന്റ് അലക്‌സാണ്ടർ സെഫെറിന്റെ പ്രതികരണം.









0 comments