കാഫ നേഷൻസ് കപ്പ്: ഇന്ത്യയെ തളച്ച് അഫ്‌ഗാൻ

ഹിസോർ: കാഫ നേഷൻസ് കപ്പ് ഫുട്‌ബോളിൽ ഇന്ത്യയ്ക്ക് സമനില പൂട്ട്. തജികിസ്ഥാനിലെ ഹിസോർ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് ഗോൾരഹിത സമനില വഴങ്ങുകയായിരുന്നു. 133–ാമതുള്ള ഇന്ത്യയ്ക്കെതിരെ 161 റാങ്കിലുള്ള അഫ്‌ഗാൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യയുടെ മുന്നേറ്റ നിര തിളങ്ങാതെ പോയത് ടീമിന് തിരിച്ചടിയായി.
പുതിയ കോച്ച് ഖാലിദ് ജമീലിന് കീഴിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കമായിരുന്നു. ആദ്യ മത്സരത്തിൽ റാങ്കിങ്ങിൽ മുന്നിലുള്ള ആതിഥേയരായ തജികിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. രണ്ടാമത്തെ കളിയിൽ ഇറാനോട് മൂന്ന് ഗോളിന് തോറ്റു. ഫിഫ റാങ്കിങ്ങിൽ ഇരുപതാം സ്ഥാനത്തുള്ള അറബ് ടീമിനെതിരെ ഇന്ത്യ പൊരുതി. എന്നാൽ അഫ്ഗാനെതിരെ ഈ പ്രകടനം പുറത്തെടുക്കാൻ ഇന്ത്യയ്ക്കായില്ല. നേരത്തെ 22 തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ 13ലും ഇന്ത്യയ്ക്കായിരുന്നു ജയം. രണ്ടിൽ അഫ്‌ഗാൻ ജയിച്ചു. ഏഴെണ്ണം സമനിലയായി.
സമനില കുരുക്കിൽ വീണതോടെ ഇന്ത്യയുടെ പ്ലേഓഫ് സാധ്യത മങ്ങി. നിലവിൽ മൂന്ന് കളിയിൽ നാല് പോയിന്റുമായി ബി ഗ്രൂപ്പിൽ രണ്ടാമതാണ് ഇന്ത്യ. ഒന്നാമതുള്ള ഇറാൻ ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർക്ക് പ്ലേ ഓഫ് കളിച്ച് മൂന്നാംസ്ഥാനം നേടാം. മൂന്ന് പോയിന്റുള്ള തജികിസ്ഥാൻ മൂന്നാംസ്ഥാനത്താണ്. ഇതോടെ ഇറാനെ നേരിടുന്ന തജികിസ്ഥാന്റെ മത്സരഫലം ആശ്രയിച്ചാകും ഇന്ത്യയുടെ പ്ലേഓഫ് സാധ്യത.









0 comments