ഓസീസിനെതിരെ ദയനീയ പ്രകടനം , വിൻഡീസ് ടീമിനെ രക്ഷിക്കാൻ അടിയന്തര യോഗം ,കോച്ച് സമ്മി പുറത്താകും
ഇതിഹാസങ്ങളേ മാപ്പ് ; വെസ്‌റ്റിൻഡീസ് ക്രിക്കറ്റ് ടീം സമ്പൂർണ തകർച്ചയിൽ

ഓസീസിനെതിരായ മത്സരശേഷം വിൻഡീസ് താരങ്ങൾ

Sports Desk
Published on Jul 17, 2025, 03:30 AM | 1 min read
ജമൈക്ക
ഇതിഹാസങ്ങൾ വാണിരുന്ന വെസ്‌റ്റിൻഡീസ് ക്രിക്കറ്റ് അപമാനത്തിന്റെ പടുകുഴിയിലാണിപ്പോൾ. ലോകമെങ്ങുമുള്ള ട്വന്റി20 ലീഗുകളിൽ വിൻഡീസ് ബാറ്റർമാർ വെടിക്കെട്ട് നടത്തുമ്പോൾ രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് തകർന്ന് നിലംപരിശായി. പ്രത്യേകിച്ചും ടെസ്‌റ്റ് ക്രിക്കറ്റിൽ.
കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ 27 റണ്ണിന് കൂടാരം കയറിയതോടെയാണ് വിൻഡീസ് ക്രിക്കറ്റ് വീണ്ടും ചർച്ചയായത്. അടിയന്തരയോഗം വിളിച്ചായിരുന്നു ക്രിക്കറ്റ് വെസ്‌റ്റിൻഡീസിന്റെ ആദ്യ പ്രതികരണം. അതേസമയം, ബോർഡിനെതിരെയാണ് ഏറ്റവും കൂടുതൽ വിമർശം ഉയരുന്നതും. ബോർഡിൽ അരാജകത്വമെന്നാണ് മുൻ സ്‌പിന്നർ ദിനനാഥ് രാംനരെയ്‌ൻ കുറിച്ചത്. മികവിനേക്കാളും വ്യക്തിഗത താൽപ്പര്യമാണ് കളിക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം. ജയമോ തോൽവിയോ ഇവിടെ പ്രസക്തമല്ല. അധികാരമാണ് മുഖ്യം–രാംനരെയ്‌ൻ പറഞ്ഞു.
ഓസീസിനോടുള്ള പരമ്പര തോൽവിയോടെ വിൻഡീസ് ക്രിക്കറ്റ് പ്രസിഡന്റ് ഡോക്ടർ കിഷോർ ഷാല്ലോ മുൻ താരങ്ങളെ വിളിച്ച് അടിയന്തര യോഗം ചേർന്നിരുന്നു. വിവിയൻ റിച്ചാർഡ്‌സ്, ക്ലൈവ് ലോയ്‌ഡ്, ബ്രയാൻ ലാറ, ശിവ്‌നരെയ്‌ൻ ചന്ദർപോൾ, ഡെസ്‌മണ്ട് ഹെയ്‌ൻസ്, ഇയാൻ ബ്രാഡ്‌ഷോ എന്നിവരായിരുന്നു യോഗത്തിൽ. വിൻഡീസ് ക്രിക്കറ്റിനെ രക്ഷിച്ചെടുക്കുക എന്നതാണ് ഇവർക്കുള്ള ഉത്തരവാദിത്വം.
കഴിഞ്ഞ രണ്ടര വർഷത്തിനിടെ ഒരു പരമ്പര മാത്രമാണ് ടെസ്‌റ്റിൽ സ്വന്തമാക്കിയത്. അതും സിംബാബ്‌വെയ്‌ക്കെതിരെ 1–-0. സ്വന്തം മണ്ണിൽ കഴിഞ്ഞ വർഷമായി പരമ്പര നേട്ടമില്ല. അവസാനമായി ജയിച്ചത് ബംഗ്ലാദേശിനെതിരെ 2–-0ന്.
2000നുശേഷം 88 ടെസ്‌റ്റുകളിലാണ് വിൻഡീസ് ഇറങ്ങിയത്. ഇതിൽ ജയിച്ചത് 23 എണ്ണം. 57ൽ തോറ്റു. 12 സമനില. ബംഗ്ലാദേശ്, സിംബാബ്‌വെ ടീമുകൾക്കെതിരെയാണ് കൂടുതൽ ജയം. യഥാക്രമം എട്ടും ആറും. ഇംഗ്ലണ്ടിനെ മൂന്ന് തവണയും ഇന്ത്യയെ രണ്ട് തവണയും തോൽപ്പിച്ചു.
ദക്ഷിണാഫ്രിക്കയോട് കളിച്ച ഒമ്പതിലും തോറ്റു. ഓസീസിനോട് പത്ത് തോൽവി, ഒരു സമനില. ഇന്ത്യയോട് ഒമ്പത് തോൽവി. ഓസീസിനോടുള്ള മോശം പ്രകടനത്തോടെ വിൻഡീസ് കോച്ച് ഡാരെൻ സമ്മിയുടെ സ്ഥാനം തെറിച്ചേക്കും.









0 comments