വിൻഡീസിന് ‘ഹോപ്’ ; 32 വർഷത്തിനുശേഷം പാകിസ്ഥാനെതിരെ വിൻഡീസിന് പരമ്പര

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വീഴ്--ത്തിയ വിൻഡീസ് പേസർ ജെയ്ഡൻ സീൽസ് പന്തുയർത്തി ആഹ്ലാദം പ്രകടിപ്പിക്കുന്നു
ട്രിനിഡാഡ്
തോൽവികളിൽ തളർന്നുവീണ വെസ്‌റ്റിൻഡീസ് ക്രിക്കറ്റിന് പുതുജീവൻ. പാകിസ്ഥാനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയാണ് കരീബിയൻ ക്രിക്കറ്റിന്റെ തിരിച്ചുവരവ്. മൂന്നാം മത്സരത്തിൽ 202 റണ്ണിന്റെ വമ്പൻ ജയം നേടിയാണ് പരമ്പര 2–1ന് സ്വന്തമാക്കിയത്. സെഞ്ചുറിയുമായി ക്യാപ്‌റ്റൻ ഷായ് ഹോപും (94 പന്തിൽ 120*) ആറ് വിക്കറ്റുമായി പേസർ ജെയ്‌ഡൻ സീൽസുമാണ് ജയത്തിന് ചുക്കാൻപിടിച്ചത്. 34 വർഷത്തിനുശേഷമാണ് പാകിസ്ഥാനെതിരെ ഏകദിന പരമ്പര സ്വന്തമാക്കുന്നത്. റണ്ണടിസ്ഥാനത്തിലുള്ള മികച്ച ജയവുമായി.
ആദ്യം ബാറ്റ് ചെയ്‌ത വിൻഡീസ് ആറിന് 294 റണ്ണെടുത്തു. പാകിസ്ഥാൻ 29.2 ഓവറിൽ 92 റണ്ണിന് പുറത്തായി. എട്ട് റണ്ണെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ പാകിസ്ഥാന് പിന്നെ തിരിച്ചുവരാനായില്ല. 7.2 ഓവറിൽ 18 റൺ വഴങ്ങി ആറ് വിക്കറ്റെടുത്ത സീൽസാണ് തകർത്തത്. ഏകദിന ബൗളിങ്ങിൽ വിൻഡീസിന്റെ മികച്ച മൂന്നാമത്തെ പ്രകടനം. പരമ്പരയിലാകെ പത്ത് വിക്കറ്റ് നേടിയ ഇരുപത്തിമൂന്നുകാരനാണ് മാൻ ഓ-ഫ് ദി സീരിസ്. ഹോപ് മാൻ ഓഫ് ദി മാച്ചായി.
68 റണ്ണെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ വിൻഡീസിനെ ഹോപും റോസ്‌റ്റൺ ചേസും (29 പന്തിൽ 36) ജസ്‌റ്റിൻ ഗ്രീവ്‌സും (24 പന്തിൽ 43) ചേർന്നാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. മുപ്പതാം ഓവറിൽ മൂന്നിന് 111 റണ്ണെന്നനിലയിലായിരുന്നു വിൻഡീസ്. അവസാന പത്തോവറിലായിരുന്നു കടന്നാക്രമണം. 119 റൺ അടിച്ചുകൂട്ടി. അഞ്ച് സിക്‌സറും പത്ത് ഫോറുമായിരുന്നു ക്യാപ്‌റ്റന്റെ ഇന്നിങ്‌സിൽ. ഏകദിനത്തിലെ പതിനെട്ടാം സെഞ്ചുറി. കൂടുതൽ സെഞ്ചുറി നേടിയ വിൻഡീസുകാരിൽ മൂന്നാമനുമായി. ക്രിസ് ഗെയ്‌ൽ (25), ബ്രയാൻ ലാറ (19) എന്നിവരാണ് മുന്നിൽ.
മറുപടിക്കെത്തിയ പാകിസ്ഥാന് സയിം അയൂബിനെയും (0) അബ്‌ദുള്ള ഷഫീഖിനെയും (0) കണ്ണടച്ചുതുറക്കുംമുമ്പ് നഷ്ടമായി. സീൽസിനായിരുന്നു വിക്കറ്റ്. 30 റണ്ണെടുത്ത സൽമാൻ ആഗയാണ് ടോപ് സ്‌കോറർ. മുൻ ക്യാപ്‌റ്റൻ ബാബർ അസം 23 പന്തിൽ ഒമ്പത് റണ്ണുമായി മടങ്ങി. പാക് നിരയിലെ അഞ്ചുപേർ പൂജ്യത്തിന് പുറത്തായി.









0 comments