സൂപ്പർ സ്റ്റാർക് 7.3–4–9–6
വേരറ്റ് വിൻഡീസ് ; ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ കുറഞ്ഞ സ്കോർ

വെസ്റ്റിൻഡീസിനെതിരെ ആറ് വിക്കറ്റ് വീഴ്ത്തിയ ഓസീസ് പേസർ മിച്ചെൽ സ്--റ്റാർക്

Sports Desk
Published on Jul 16, 2025, 12:02 AM | 2 min read
ജമൈക്ക
ആറ് തീയുണ്ടകൾ തൊടുത്ത് മിച്ചെൽ സ്‌റ്റാർക് വെസ്‌റ്റിൻഡീസ് ക്രിക്കറ്റിന്റെ അടിവേരിളക്കി. ടെസ്‌റ്റ് ക്രിക്കറ്റിൽ വെറും 27 റണ്ണിന് കൂടാരം കയറിയതിന്റെ അപമാനം വിൻഡീസിന്റെ ശിരസ്സിൽ പതിച്ചു.
ടെസ്‌റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കിരാതമായ ബൗളിങ് ആക്രമണമായിരുന്നു ജമൈക്കയിൽ. പന്തെടുത്തവരെല്ലാം ഉഗ്രരൂപികളായി. സ്‌റ്റാർക്കായിരുന്നു നായകൻ. വിൻഡീസിന്റെ ആറ് വിക്കറ്റാണ് പിങ്ക് പന്തിലെ മായാജാലക്കാരൻ എറിഞ്ഞിട്ടത്. വിൻഡീസ് അപമാനത്തിന്റെ കണക്കുമായി അവിടെ കൂപ്പുകുത്തി. ഏറ്റവും കുറഞ്ഞ സ്‌കോറുകളിൽ രണ്ടാമത്. 1955ൽ ഇംഗ്ലണ്ടിനെതിരെ 26 റണ്ണിന് പുറത്തായ ന്യൂസിലൻഡിന്റെ പേരിലാണ് റെക്കോഡ്. വിൻഡീസിന്റെ ഏറ്റവും മോശം പ്രകടനമാണിത്. 2004ൽ ഇംഗ്ലണ്ടിനെതിരെ 47 റണ്ണിന് പുറത്തായതായിരുന്നു ടെസ്‌റ്റിൽ ഇതുവരെയുള്ള കുറഞ്ഞ സ്‌കോർ.
176 ജയവുമായി ഓസീസ് പരമ്പര 3–-0ന് തൂത്തുവാരി. 204 റൺ ലക്ഷ്യവുമായാണ് മൂന്നാംദിനം വിൻഡീസ് ജമൈക്കയിൽ ബാറ്റുമായി ഇറങ്ങിയത്. 14.3 ഓവർ മാത്രമേ പിടിച്ചുനിൽക്കാനായുള്ളൂ. ജസ്‌റ്റിൻ ഗ്രീവ്‌സ് (11) ആണ് രണ്ടക്കം കണ്ട ഏക ബാറ്റർ. ഏഴ് പേർ പൂജ്യത്തിന് പുറത്തായി. 7.3 ഓവറിൽ നാല് മെയ്‌ഡൻ ഉൾപ്പെടെ ഒമ്പത് റൺ വിട്ടുകൊടുത്തായിരുന്നു സ്‌റ്റാർക്കിന്റെ ആറ് വിക്കറ്റ് പ്രകടനം. ഹാട്രിക്കുമായി സ്‌കോട് ബോളണ്ടും കുരുതിയിൽ കൂട്ടായി. ഒരു വിക്കറ്റ് ജോഷ് ഹാസെൽവുഡിനാണ്. സ്‌റ്റാർക്കാണ് മാൻ ഓഫ് ദി മാച്ച്. ആകെ 15 വിക്കറ്റും 46 റണ്ണും നേടി പരമ്പരയുടെ താരമായും മുപ്പത്തഞ്ചുകാരൻ തെരഞ്ഞെടുക്കപ്പെട്ടു.
സ്‌കോർ: ഓസ്‌ട്രേലിയ 225, 121; വെസ്‌റ്റിൻഡീസ് 143, 27
വിക്കറ്റ് കൊയ്‌ത്തിനൊപ്പം ഒരുപിടി റെക്കോഡുകളും കടപുഴകി. നൂറാം ടെസ്‌റ്റിനിറങ്ങിയ സ്‌റ്റാർക് 15 പന്തിലാണ് അഞ്ച് വിക്കറ്റ് തികച്ചത്. ടെസ്‌റ്റിലെ ഏറ്റവും വേഗമേറിയ അഞ്ച് വിക്കറ്റ് പ്രകടനം. 402 വിക്കറ്റുമായി ഇടംകൈയൻ പേസർക്ക്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഓസീസുകാരൻ.
മൂന്നാംദിനം ഓസീസിനെ രണ്ടാം ഇന്നിങ്‌സിൽ 121ന് പുറത്താക്കിയ വിൻഡീസ് പ്രതീക്ഷയോടെയാണ് ഇറങ്ങിയത്. എന്നാൽ ആദ്യ പന്തിൽതന്നെ ജോൺ കാംബെലിനെ പുറത്താക്കിയ സ്‌റ്റാർക് വിൻഡീസിനെ ഉലച്ചു. ആ ഓവറിൽ രണ്ട് വിക്കറ്റും കൂടി പതിച്ചു. ഒന്നാം ഓവർ അവസാനിക്കുമ്പോൾ റൺ കോളത്തിൽ പൂജ്യവും വിക്കറ്റ് കോളത്തിൽ മൂന്നും ആയിരുന്നു നമ്പർ. സ്‌റ്റാർക്കിന്റെ മൂന്നാം ഓവർ വീണ്ടും നാശം വിതച്ചു. രണ്ട് വിക്കറ്റ് കൂടി ആ ഓവറിൽ നിലംപതിച്ചു. സ്‌കോർ 7/5. അടുത്ത ഓവറിൽ ക്യാപ്‌റ്റൻ റോസ്‌റ്റൺ ചേസിനെ (0) ഹാസെൽവുഡും മടക്കി. സ്‌കോർ 11/6.
രണ്ട് ഫോറുമായി ഗ്രീവ്‌സാണ് വിൻഡീസിനെ 20 കടത്തിയത്. ഇതിനിടെ സ്‌റ്റാർക്കിന്റെ പന്തിൽ രണ്ട് തവണ സാം കോൺസ്‌റ്റാസ് ക്യാച്ച് പാഴാക്കി. പിന്നാലെ പന്തെറിയാനെത്തിയ ബോളണ്ട് ആദ്യ മൂന്ന് പന്തിലും വിക്കറ്റ് കൊയ്‌ത് ഹാട്രിക് കുറിച്ചു. സ്‌കോർ 26/9. ടെസ്‌റ്റ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്‌കോർ. ഓസീസിന്റെ ഫീൽഡിങ് പിഴവാണ് അപമാനത്തിൽനിന്ന് വിൻഡീസിനെ രക്ഷിച്ചത്.
പിന്നാലെ സ്‌റ്റാർക്കിന്റെ യോർക്കർ അവസാന ബാറ്ററായ ജയ്‌ഡൻ ഷീൽസിന്റെ (0) കുറ്റിപിഴുതു. എക്‌സ്‌ട്രാസായി കിട്ടിയ ആറ് റണ്ണാണ് വിൻഡീസ് നിരയിലെ രണ്ടാമത്തെ മികച്ച സ്‌കോർ.
ടെസ്‌റ്റ് ക്രിക്കറ്റിലെ ചെറിയ സ്‌കോറുകൾ
26– ന്യൂസിലൻഡ് (ഇംഗ്ലണ്ടിനെതിരെ 1955)
27–വെസ്‌റ്റിൻഡീസ് (ഓസ്‌ട്രേലിയ, 2025)
30–ദക്ഷിണാഫ്രിക്ക (ഇംഗ്ലണ്ട്, 1896)
30–ദക്ഷിണാഫ്രിക്ക (ഇംഗ്ലണ്ട്, 1924)
35 –ദക്ഷിണാഫ്രിക്ക (ഇംഗ്ലണ്ട്, 1899)
36–ദക്ഷിണാഫ്രിക്ക (ഓസ്‌ട്രേലിയ, 1932)
36–ഓസ്‌ട്രേലിയ (ഇംഗ്ലണ്ട്, 1902)
36–ഇന്ത്യ (ഓസ്‌ട്രേലിയ, 2020)









0 comments