രഞ്ജി ട്രോഫി; വിദർഭ ചാമ്പ്യൻമാർ, കേരളത്തിന്റെ സ്വപ്‌നം പൊലിഞ്ഞു

നാഗ്‌പൂർ: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ ചാമ്പ്യൻമാർ. കേരളവുമായുള്ള ഫൈനൽ സമനിലയിലായതോടെയാണ് വിദർഭ രഞ്ജിയിൽ വീണ്ടും കിരീടമണിഞ്ഞത്. ആദ്യ ഇന്നിങ്‌സിൽ നേടിയ 37 റൺസിന്റെ ലീഡാണ് കേരളത്തിനെതിരെ വിദർഭയ്‌ക്ക് സഹായമായത്.
വിദർഭയുടെ മൂന്നാം രഞ്ജി ട്രോഫി കിരീടമാണിത്. 2018, 2019 വർഷങ്ങളിലായിരുന്നു രഞ്ജിയിലെ വിദർഭയുടെ ഇതിന് മുന്നേയുള്ള കിരീട നേട്ടം. കഴിഞ്ഞ തവണ ഫൈനൽ വരെയെത്താനും ടീമിന് സാധിച്ചിരുന്നു.
വിദർഭയുടെ ഒൻപത് വിക്കറ്റുകൾ കേരളത്തിന് വീഴ്‌ത്താൻ സാധിച്ചെങ്കിലും അവസാന വിക്കറ്റ് എടുക്കുന്നതിൽ താമസമുണ്ടായപ്പോൾ കേരളം സമനിലയ്‌ക്ക് സമ്മതിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സിൽ വിദർഭയുടെ പത്താം വിക്കറ്റ് നീണ്ടുപോയതാണ് കേരളത്തിന് മത്സരത്തിൽ തിരിച്ചടിയായത്.
രണ്ടാം ഇന്നിങ്സിൻ്റെ തുടക്കത്തിൽ തന്നെ വിദർഭയുടെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി കേരള ബൗളർമാർ പ്രതീക്ഷ നൽകി. ഒരു റണ്ണെടുത്ത പാർഥ് റെഖാഡെയെ ജലജ് സക്സേനയും അഞ്ച് റൺസെടുത്ത ധ്രുവ ഷോറെയെ നിധീഷും പുറത്താക്കി.
രണ്ട് വിക്കറ്റിന് ഏഴ് റൺസെന്ന നിലയിൽ തകർച്ചയെ നേരിട്ട വിദർഭയ്ക്ക് രണ്ടാം ഇന്നിങ്സിലും രക്ഷകരായത് ഡാനിഷ് മലേവാർ-കരുൺ നായർ കൂട്ടുകെട്ടാണ്.
അതീവ ശ്രദ്ധയോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് കേരളത്തിൻ്റെ വിജയപ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. 182 റൺസാണ് മൂന്നാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത്. 73 റൺസെടുത്ത ഡാനിഷ് മലേവാറിനെ അക്ഷയ് ചന്ദ്രനാണ് പുറത്താക്കിയത്. മറുവശത്ത് ഉറച്ച് നിന്ന കരുൺ നായർ സെഞ്ചുറി പൂർത്തിയാക്കി. 135 റൺസാണ് താരം നേടിയത്. ആദ്യ ഇന്നിങ്‌സിൽ സെഞ്ചുറി നേടിയ ഡാനിഷാണ് കളിയിലെ താരം.
Updating...









0 comments