ക്രിക്കറ്റ് ടൂറിസവുമായി കെസിഎ; ‘ഇനി കളി മാറും'


സ്വന്തം ലേഖകൻ
Published on Jul 13, 2025, 02:42 AM | 1 min read
തിരുവനന്തപുരം: ക്രിക്കറ്റിനെ വിനോദസഞ്ചാര മേഖലയുമായി കോർത്തിണക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. കൂടുതൽ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ ‘ക്രിക്കറ്റ് ടൂറിസം’ പദ്ധതി ആരംഭിക്കും. സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ചാണ് നടപ്പാക്കുക. ക്രിക്കറ്റിനെ സാംസ്‌കാരിക അനുഭവമാക്കി സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഉണർവേകുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം ആരംഭിച്ച കേരള ക്രിക്കറ്റ് ലീഗ് ആണ് പദ്ധതിയുടെ നട്ടെല്ല്. പ്രാദേശിക ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ, ജില്ലകൾക്കിടയിൽ വലിയ ആരാധക പ്രവാഹമുണ്ടാകുമെന്നാണ് കെസിഎയുടെ കണക്കുകൂട്ടൽ. തിരുവനന്തപുരത്തെ മത്സരം കാണാൻ സംസ്ഥാനത്തെമ്പാടുനിന്നും ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമികളെത്തും. ഇവരുടെ യാത്ര, താമസം, ഭക്ഷണം എന്നിവയിലൂടെ പ്രാദേശിക വിപണിക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. മത്സരങ്ങൾ കാണാനെത്തുന്നവരെ കൂടുതൽ ദിവസം തങ്ങാൻ ഉതകുന്ന തരത്തിലുള്ള വിനോദ പരിപാടികൾ ഉൾപ്പെടുത്തി ആകർഷകമാക്കും. കെസിഎൽ നടക്കുന്ന മാസങ്ങളിൽ പ്രത്യേക നിരക്ക് അനുവദിക്കാൻ ഹോട്ടൽ, റെസ്റ്റോറന്റ് ഉടമകളുമായി ചർച്ച നടക്കുകയാണ്. മത്സര ടിക്കറ്റിനൊപ്പം ഹോട്ടൽ താമസം, കായൽ യാത്ര, മറ്റ് വിനോദങ്ങൾ എന്നിവ ചേർത്ത് ‘ക്രിക്കറ്റ് പാക്കേജുകൾ' നൽകാനും ട്രാവൽ ഏജൻസികൾക്ക് കഴിയും. പദ്ധതി മറ്റു ജില്ലകളിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ സ്റ്റേഡിയങ്ങൾക്ക് പുറമെ മറ്റു ക്രിക്കറ്റ് ഗ്രൗണ്ടുകളിൽ ലീഗ് മത്സരങ്ങൾ വ്യാപിപ്പിക്കാൻ തയ്യാറെടുപ്പുകൾ തുടങ്ങിയതായി കെസിഎ പ്രസിഡന്റ് ജയേഷ് ജോർജും സെക്രട്ടറി വിനോദ് എസ് കുമാറും പറഞ്ഞു.









0 comments