ആലപ്പി റിപ്പിൾസിനെതിരെ തൃശൂർ ടൈറ്റൻസിന് വിജയം

Thrissur Titans
വെബ് ഡെസ്ക്

Published on Sep 01, 2025, 06:52 PM | 2 min read

തിരുവനന്തപുരം: കെസിഎല്ലിൽ ആലപ്പി റിപ്പിൾസിനെതിരെ തൃശൂർ ടൈറ്റൻസ് വിജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 20 ഓവറുകളിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂർ അവസാന ഓവറിൽ ലക്ഷ്യത്തിലെത്തി. തൃശൂരിന് വേണ്ടി നാല് വിക്കറ്റുകൾ വീഴ്ത്തിയ സിബിൻ ഗിരീഷാണ് പ്ലെയർ ഓഫ് ദി മാച്ച്. വിജയത്തോടെ പത്ത് പോയിൻ്റുമായി തൃശൂർ രണ്ടാം സ്ഥാനത്തേയ്ക്ക് മുന്നേറി.


ആദ്യ പന്തിൽ തന്നെ ആലപ്പിയ്ക്ക് പ്രഹരമേല്പിച്ചായിരുന്നു തൃശൂർ ടൈറ്റൻസ് തുടങ്ങിയത്. ഇല്ലാത്ത റണ്ണിനായോടിയ മുഹമ്മദ് അസറുദ്ദീൻ പുറത്തായത് ആലപ്പിയ്ക്ക് വലിയ തിരിച്ചടിയായി. നാലാം ഓവറിൽ അഭിഷേകിനെയും ജലജ് സക്സേനയെയും വിനോദ് കുമാർ പുറത്താക്കിയതോടെ കളിയുടെ നിയന്ത്രണം തൃശൂരിന്റേതായി. അഞ്ചാം വിക്കറ്റിൽ ഒത്തു ചേർന്ന ശ്രീരൂപിൻ്റെയും അക്ഷയ് ടി കെയുടെയും പ്രകടനമാണ് ആലപ്പിയെ മാന്യമായ സ്കോറിലെത്തിച്ചത്. ശ്രീരൂപ് 24 റൺസുമായി മടങ്ങി. എന്നാൽ അവസാന ഓവർ വരെ ഉറച്ച് നിന്ന അക്ഷയ് ആണ് ആലപ്പിയുടെ ടോപ് സ്കോറർ. അക്ഷയ് 38 പന്തുകളിൽ നിന്ന് 49 റൺസ് നേടി. നാല് വിക്കറ്റുകൾ വീഴ്ത്തിയ സിബിൻ ഗിരീഷാണ് തൃശൂർ ബൗളിങ് നിരയിൽ തിളങ്ങിയത്.


മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് വേണ്ടി അഹ്മദ് ഇമ്രാനൊപ്പം ഇന്നിങ്സ് തുറന്നത് പതിനേഴുകാരനായ കെ ആർ രോഹിതാണ്. ടൂർണ്ണമെൻ്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് രോഹിത്. ആറ് റൺസെടുത്ത അഹ്മദ് ഇമ്രാനും റണ്ണെടുക്കാതെ ആനന്ദ് കൃഷ്ണനും തുടക്കത്തിൽ തന്നെ മടങ്ങി. മുഹമ്മദ് നാസിലായിരുന്നു ഇരുവരുടെയും വിക്കറ്റുകൾ നേടിയത്. എന്നാൽ തുടക്കക്കാരൻ്റെ പതർച്ചകളില്ലാതെ ബാറ്റ് വീശിയ രോഹിത്, ഷോൺ റോജർക്കൊപ്പം ചേർന്ന് അനായാസം ഇന്നിങ്സ് മുന്നോട്ട് നീക്കി. മൈതാനത്തിൻ്റെ നാലു ഭാഗത്തേയ്ക്കും ആധികാരികതയോടെ ഷോട്ടുകൾ പായിച്ച രോഹിത് 30 റൺസെടുത്തു. തുടർന്നെത്തിയ അക്ഷയ് മനോഹറും ഷോൺ റോജറും ചേർന്നുള്ള കൂട്ടുകെട്ടിൽ 43 റൺസ് പിറന്നു. അക്ഷയ് മനോഹർ 16 റൺസെടുത്ത് പുറത്തായി. കളി അവസാനത്തോടടുക്കെ തുടരെ വിക്കറ്റുകൾ വീണെങ്കിലും നാല് പന്തുകൾ ബാക്കി നില്ക്കെ തൃശൂർ ലക്ഷ്യത്തിലെത്തി. ഷോൺ റോജർ 49 റൺസുമായി പുറത്താകാതെ നിന്നു. ആലപ്പിയ്ക്കായി മൊഹമ്മദ് നാസിൽ മൂന്നും ജലജ് സക്സേന രണ്ടും വിക്കറ്റുകൾ വീഴ്ത്തി.



deshabhimani section

Related News

View More
0 comments
Sort by

Home