കെസിഎൽ ; ജയത്തോടെ തൃശൂർ സെമിക്കടുത്ത്

കളിയിലെ താരമായ തൃശൂർ ടെെറ്റൻസ് പേസർ സിബിൻ ഗിരീഷ്

Sports Desk
Published on Sep 02, 2025, 12:40 AM | 2 min read
തിരുവനന്തപുരം
കേരള ക്രിക്കറ്റ് ലീഗിൽ അഞ്ചാം ജയത്തോടെ തൃശൂർ ടൈറ്റൻസ് സെമി ഫൈനലിന് അടുത്തെത്തി. ആലപ്പി റിപ്പിൾസിനെ നാല് വിക്കറ്റിന് തോൽപ്പിച്ചു. നാല് ഓവറിൽ 16 റൺ വഴങ്ങി നാല് വിക്കറ്റെടുത്ത പേസ് ബൗളർ സിബിൻ ഗിരീഷാണ് കളിയിലെ താരം.
സ്‌കോർ: ആലപ്പി 128/9, തൃശൂർ 134/6 (19.2)
ആദ്യ പന്തിൽ ക്യാപ്‌റ്റൻ മുഹമ്മദ് അസ്‌ഹറുദ്ദീൻ റണ്ണൗട്ടായത് ആലപ്പിയുടെ താളംതെറ്റിച്ചു. കൂറ്റൻ ഷോട്ടുകളിലൂടെ അഭിഷേക് പി നായർ (22) സ്‌കോർ ഉയർത്താൻ ശ്രമിച്ചു. നാലാം ഓവറിൽ അഭിഷേകിനെയും ജലജ് സക്‌സേനയെയും (1) പേസർ വിനോദ് കുമാർ പുറത്താക്കിയതോടെ കളിയുടെ നിയന്ത്രണം തൃശൂരിന്റെ കൈകളിലായി. തുടർന്നെത്തിയ മുഹമ്മദ് കൈഫും നാല് റണ്ണുമായി മടങ്ങി. അഞ്ചാം വിക്കറ്റിൽ എം പി ശ്രീരൂപും (24) ടി കെ അക്ഷയും (49) നടത്തിയ രക്ഷാപ്രവർത്തനമാണ് സ്‌കോർ 100 കടത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിനായി അഹമ്മദ് ഇമ്രാനൊപ്പം ഇന്നിങ്സ് തുറന്നത് പതിനേഴുകാരനായ കെ ആർ രോഹിതാണ്. ലീഗിലെ ഏറ്റവും പ്രായംകുറഞ്ഞ താരമാണ്. അഞ്ച് ഫോറിന്റെ അകമ്പടിയിൽ 26 പന്തിൽ 30 റണ്ണുമായി അരങ്ങേറ്റം ശ്രദ്ധേയമാക്കി. അഹമ്മദ് ഇമ്രാനും (6) ആനന്ദ് കൃഷ്ണനും (0) തിളങ്ങിയില്ല. ക്യാപ്‌റ്റന്റെ റോളിലെത്തിയ ഷോൺ റോജർ 50 പന്തിൽ 49 റണ്ണുമായി വിജയത്തിലേക്ക് നയിച്ചു. മൂന്ന് വിക്കറ്റുകൾ പെട്ടെന്ന് വീണെങ്കിലും നാല് പന്ത് ശേഷിക്കെ തൃശൂർ ലക്ഷ്യത്തിലെത്തി. ആലപ്പിക്കായി മുഹമ്മദ് നാസിൽ മൂന്നും ജലജ് സക്‌സേന രണ്ടും വിക്കറ്റെടുത്തു.
കൊച്ചി സെമിയിൽ
കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കേരള ക്രിക്കറ്റ് ലീഗിൽ സെമിയിലെത്തിയ ആദ്യ ടീമായി. രണ്ട് കളി ശേഷിക്കെ 12 പോയിന്റോടെ ഒന്നാമതെത്തി. എട്ട് കളിയിൽ ആറ് ജയമുണ്ട്. ഇന്ന് കലിക്കറ്റ് ഗ്ലോബ്‌സ്‌റ്റാർസിനെയും നാളെ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെയും നേരിടും. എല്ലാ ടീമുകൾക്കും രണ്ട് കളി ബാക്കിയുണ്ട്.
എട്ട് കളിയിൽ രണ്ടെണ്ണംമാത്രം ജയിച്ച ട്രിവാൻഡ്രം റോയൽസ് പുറത്തായി. നാല് പോയിന്റാണ് സമ്പാദ്യം. ലീഗ് റൗണ്ടിൽ ആറ് കളിയാണ് ബാക്കി. വെള്ളിയാഴ്‌ച സെമിയും ഞായർ ഫൈനലും നടക്കും.
കലിക്കറ്റും മുന്നേറി
കേരള ക്രിക്കറ്റ് ലീഗിൽ ചാമ്പ്യൻമാരായ ഏരീസ് കൊല്ലം സെയ്‌ലേഴ്സിനെ 14 റണ്ണിന് തോൽപ്പിച്ച് കലിക്കറ്റ് ഗ്ലോബ് സ്‌റ്റാർസ് സെമിയിൽ. ആദ്യം ബാറ്റ് ചെയ്ത കലിക്കറ്റ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 202 റണ്ണെടുത്തു. അവസാന ഓവറുകളിൽ കൂറ്റനടികളിലൂടെ കളിയിലെ താരമായ കൃഷ്ണദേവനാണ് മികച്ച സ്‌കോർ ഒരുക്കിയത്. 11 പന്തിൽ ഒരു ഫോറും ഏഴ് സിക്‌സറുമടക്കം 49 റണ്ണുമായി കൃഷ്ണദേവൻ പുറത്താകാതെ നിന്നു. ഷറഫുദ്ദീന്റെ അവസാന ഓവറിൽ അഞ്ച് സിക്‌സറുകൾ പറത്തി. മറുപടിയിൽ കൊല്ലം 188 റണ്ണിൽ അവസാനിച്ചു.
പോയിന്റ് പട്ടിക
(ടീം, കളി, ജയം, തോൽവി, പോയിന്റ്)
കൊച്ചി 8 6 2 12
കലിക്കറ്റ് 8 5 3 10
തൃശൂർ 8 5 3 10
കൊല്ലം 7 4 3 8
ആലപ്പി 8 3 5 4
ട്രിവാൻഡ്രം 8 1 7 2.









0 comments