കാത്തിരിപ്പ് തീർന്നു കരുണിന്

മുംബൈ: നീണ്ട കാത്തിരിപ്പിനുശേഷം ഒരിക്കൽക്കൂടി കരുൺ നായർക്ക് ഇന്ത്യൻ ടീമിലേക്ക് പ്രവേശം. എട്ട് വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ് തിരിച്ചുവരവ്. പാതിമലയാളിയായ കരുൺ 2017ലാണ് അവസാനമായി ഇന്ത്യക്കുവേണ്ടി ടെസ്‌റ്റ് കളിച്ചത്. ഇരുപത്തിനാലാം വയസ്സിലായിരുന്നു അരങ്ങേറ്റം. ഇംഗ്ലണ്ടിനെതിരെ ആദ്യ കളിയിൽ നാല് റണ്ണെടുത്ത് ദൗർഭാഗ്യകരമായി റണ്ണൗട്ടായി. തുടർന്ന് രണ്ട് അർധ സെഞ്ചുറികൾ. അവസാന മത്സരത്തിൽ ട്രിപ്പിൾ സെഞ്ചുറിയുമായി ചരിത്രംകുറിച്ചു.
വിരേന്ദർ സെവാഗിനുശേഷം 300 കടക്കുന്ന ആദ്യ ഇന്ത്യൻ താരം. തുടർന്നുള്ള ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ നാല് ഇന്നിങ്‌സുകളിൽ പരാജയമായതോടെ ടീമിന് പുറത്തായി. 2022ലാണ് കരുൺ സമൂഹമാധ്യമമായ എക്‌സിൽ ഒരു കുറിപ്പിടുന്നത് ‘പ്രിയ ക്രിക്കറ്റ്, എനിക്കൊരു അവസരം കൂടി തരുമോ’ എന്ന്. ഒടുവിൽ ഏകദേശം 3000 ദിവസത്തിനുശേഷം 33-ാം വയസ്സിൽ മറ്റൊരു അവസരംകൂടി കൈവന്നിരിക്കുന്നു. രഞ്‌ജി ട്രോഫി കഴിഞ്ഞ സീസണിൽ വിദർഭയ്‌ക്കായി പുറത്തെടുത്ത തകർപ്പൻ കളിയാണ് വഴിയൊരുക്കിയത്.
നാല് സെഞ്ചുറി ഉൾപ്പെടെ 863 റണ്ണടിച്ച് വിദർഭയ്‌ക്ക് കിരീടവും നൽകി. വിജയ് ഹസാരെ ട്രോഫിയിൽ എട്ട് ഇന്നിങ്‌സിൽ അഞ്ച് സെഞ്ചുറി ഉൾപ്പെടെ 779 റണ്ണുമടിച്ചു. രോഹിത് ശർമയും വിരാട് കോഹ്‌ലിയും പോയതോടെ ശൂന്യമായ ബാറ്റിങ് നിരയിലേക്കാണ് യുവതാരം സായ് സുദർശൻ കടന്നുവരുന്നത്. ഐപിഎൽ ഈ സീസണിലെ മികച്ച റൺ വേട്ടക്കാരനാണ് ഇരുപത്തിമൂന്നുകാരൻ. ശുഭ്‌മാൻ ഗില്ലുമായി ചേർന്ന് ഗുജറാത്ത് ടൈറ്റൻസിനെ പ്ലേ ഓഫിൽ എത്തിച്ചു. ഇന്ത്യക്കായി ഏകദിനത്തിൽ മൂന്ന് കളിയിൽ രണ്ട് അർധ സെഞ്ചുറി നേടിയിട്ടുണ്ട്.









0 comments