വിൻഡീസിനെ എറിഞ്ഞിട്ട് ഓസീസ് ; ഹാസെൽവുഡിന് അഞ്ച് വിക്കറ്റ്

വെസ്റ്റിൻഡീസിന്റെ കീസി കാർട്ടിയെ ബൗൾഡാക്കുന്ന ഹാസെൽവുഡ്
ബ്രിഡ്‌ജ്‌ടൗൺ
വെസ്‌റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഓസ്‌ട്രേലിയക്ക് 159 റൺ ജയം. മൂന്ന് ദിവസത്തിനുള്ളിലാണ് മത്സരം അവസാനിച്ചത്. മൂന്നാംദിനം 301 റൺ ലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് 141ന് കൂടാരം കയറുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത പേസർ ജോഷ് ഹാസെൽവുഡ് ഓസീസ് ജയം വേഗത്തിലാക്കി. ഓസീസ് രണ്ടാം ഇന്നിങ്‌സിൽ 310 റണ്ണെടുത്തു. രണ്ട് ഇന്നിങ്‌സിലും അർധസെഞ്ചുറി കുറിച്ച ഓസീസ് ബാറ്റർ ട്രാവിസ് ഹെഡ് ആണ് മാൻ ഓഫ് ദി മാച്ച്. സ്‌കോർ: ഓസ്‌ട്രേലിയ 180, 310; വെസ്‌റ്റിൻഡീസ് 190, 141.
മൂന്നാംദിനത്തിലെ അവസാന ഓവറിലായിരുന്നു ഓസീസിന്റെ ജയം. സ്‌പിന്നർ നതാൻ ല്യോൺ തുടർച്ചയായ പന്തുകളിൽ വിൻഡീസിന്റെ അവസാന രണ്ട് ബാറ്റർമാരെയും പറഞ്ഞയച്ചു.
ഒരു ഘട്ടത്തിൽ എട്ടിന് 86 റണ്ണെന്ന നിലയിലായിരുന്നു വിൻഡീസ്. ഇതോടെ കളിസമയം അരമണിക്കൂർ ദീർഘിപ്പിക്കുകയായിരുന്നു. ഒമ്പതാം വിക്കറ്റിൽ ജസ്‌റ്റിൻ ഗ്രീവ്‌സ് (പുറത്താകാതെ 38), ഷമർ ജോസഫ് (44) സഖ്യം ഓസീസ് വിജയം വൈകിപ്പിച്ചു. ഷമർ 22 പന്തിലാണ് 44 റണ്ണടിച്ചത്. നാല് വീതം സിക്‌സറും ഫോറും പറത്തി. ഷമറിനെ ഉസ്‌മാൻ ഖവാജയുടെ കൈയിലെത്തിച്ച് ല്യോൺ ഈ സഖ്യം വേർപെടുത്തി. അടുത്ത പന്തിൽ ജയ്‌ഡൻ ഷീൽസിനെയും(0) മടക്കി ജയവുമൊരുക്കി. വിൻഡീസ് നിരയിൽ ഏഴുപേർ രണ്ടക്കം കണ്ടില്ല.
മൂന്നാംദിനം നാലിന് 92 റണ്ണെന്ന നിലയിൽ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഓസീസിനെ ഹെഡും (61) ബ്യൂ വെബ്‌സ്‌റ്ററും (63) അലെക്‌സ് കാരിയും (65) ചേർന്ന് മികച്ച സ്‌കോറിലെത്തിക്കുകയായിരുന്നു. വാലറ്റവും പൊരുതി. വിൻഡീസിനായി ഷമർ രണ്ടാം ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റ് വീഴ്‌ത്തി. രണ്ട് ഇന്നിങ്‌സിലുമായി ഒമ്പതെണ്ണം. ജൂലൈ മൂന്നിനാണ് രണ്ടാം ടെസ്‌റ്റ്.









0 comments