വീണ്ടും ടെസ്‌റ്റ് ലോകം ; ലങ്കയ്‌ക്കെതിരെ തകർത്തടിച്ച് ബംഗ്ലാദേശ്

ലങ്കയ്--ക്കെതിരെ സെഞ്ചുറി നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്‌മുൾ ഹൊസൈൻ ഷാന്റോയുടെ ആഘോഷം

Sports Desk
Published on Jun 18, 2025, 12:00 AM | 2 min read
ഗാലെ
ദക്ഷിണാഫ്രിക്ക ലോക ടെസ്‌റ്റ് ക്രിക്കറ്റ് കിരീടം ചൂടി മൂന്നാംനാൾ പുതിയ ചാമ്പ്യൻഷിപ്പിന് തുടക്കം. ശ്രീലങ്ക–ബംഗ്ലാദേശ് ടെസ്‌റ്റ് പരമ്പരയോടെയാണ് ആരംഭം. 20ന് ഇന്ത്യ–-ഇംഗ്ലണ്ട് പരമ്പരയോടെ ലോക ക്രിക്കറ്റ് വീണ്ടും ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിന്റെ ആവേശത്തിലാകും. വെസ്‌റ്റിൻഡീസ്, ഓസ്‌ട്രേലിയ ടീമുകളും ഈമാസം കളത്തിലുണ്ട്. പാകിസ്ഥാൻ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ ഒക്‌ടോബറിലാണ് ഇറങ്ങുക.
ശ്രീലങ്കയ്‌ക്കെതിരെ മിന്നുന്ന തുടക്കം കുറിച്ചാണ് ബംഗ്ലാദേശിന്റെ വരവ്. ഗാലെയിൽ നടക്കുന്ന ആദ്യ ടെസ്‌റ്റിന്റെ ആദ്യദിനം മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 292 റണ്ണെടുത്തു. രണ്ട് മത്സരമാണ് പരമ്പരയിൽ.
ആദ്യദിനം കളിനിർത്തുമ്പോൾ സെഞ്ചുറികളുമായി ക്യാപ്‌റ്റൻ നജ്‌മുൾ ഹൊസൈൻ ഷാന്റോയും (136) മുഷ്‌ഫിക്കർ റഹീമുമാണ് (105) ക്രീസിൽ. 45 റണ്ണെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായശേഷമാണ് ബംഗ്ലാദേശിന്റെ തിരിച്ചുവരവ്. നാലാം വിക്കറ്റിൽ 247 റണ്ണാണ് ഇരുവരും കൂട്ടിച്ചേർത്തത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് തുടക്കം പാളി. അഞ്ചാം ഓവറിൽ ഓപ്പണർ അനാമുൾ ഹഖ് (0) പുറത്തായി. അസിത ഫെർണാണ്ടോയ്‌ക്കായിരുന്നു വിക്കറ്റ്. 14 റണ്ണെടുത്ത ഷദ്‌മാൻ ഇസ്ലാമിനെ അരങ്ങേറ്റക്കാരൻ സ്‌പിന്നർ തരീണ്ടു രത്‌നനായകെയും മടക്കി. 29 റണ്ണെടുത്ത മൊമിനുൾ ഹഖിനെയും പറഞ്ഞയച്ച് രത്‌നനായകെ അരങ്ങേറ്റം മികച്ചതാക്കി.
നേരിട്ട നാലാം പന്ത് തന്നെ സിക്‌സർ പറത്തി തുടങ്ങിയ ഷാന്റോയ്‌ക്ക് മുന്നിൽ ലങ്കൻ ബൗളർമാർ പകയ്‌ക്കുകയായിരുന്നു പിന്നീട്. തരീണ്ടുവായിരുന്നു പ്രധാന ലക്ഷ്യം. ആകെ നേടിയ 15 ബൗണ്ടറികളിൽ പത്തും ഈ സ്‌പിന്നർക്കെതിരെയായിരുന്നു. 2023 നവംബറിനുശേഷമുള്ള ആദ്യ സെഞ്ചുറിയാണ് ഷാന്റോയ്‌ക്ക്. മുപ്പത്തെട്ടുകാരനായ മുഷ്‌ഫിക്കറിന്റെ പന്ത്രണ്ടാം സെഞ്ചുറിയാണ്. അഞ്ച് ഫോറുകളായിരുന്നു ഇന്നിങ്‌സിൽ.
ഈ ടെസ്‌റ്റോടെ വിരമിക്കുന്ന ഓൾ റൗണ്ടർ ഏഞ്ചലോ മാത്യൂസിന് മത്സരത്തിനിടെ ലങ്കൻ താരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി.
കഴിഞ്ഞ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിൽ ലങ്ക ആറാമതും ബംഗ്ലാദേശ് ഏഴാമതുമായിരുന്നു.
ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്‌റ്റുകളാണുള്ളത്. ഒക്‌ടോബറിൽ സ്വന്തം തട്ടകത്തിൽ വെസ്‌റ്റിൻഡീസിനെ നേരിടും. രണ്ട് മത്സരങ്ങളാണ് പരമ്പരയിൽ. നവംബറിൽ ദക്ഷിണാഫ്രിക്കയും രണ്ട് മത്സരം കളിക്കാനെത്തും. ആഗസ്‌തിൽ രണ്ട് മത്സര പരമ്പരയ്‌ക്കായി ശ്രീലങ്കയിലേക്ക് പറക്കുന്ന ഇന്ത്യൻ ടീം ഒക്‌ടോബറിൽ ന്യൂസിലൻഡിലും കളിക്കും. രണ്ട് മത്സരങ്ങളാണ്. 2027 ജനുവരിയിൽ അഞ്ച് മത്സര പരമ്പരയ്‌ക്കായി ഓസ്‌ട്രേലിയ എത്തും.
ഓസ്‌ട്രേലിയ ഈമാസം വെസ്‌റ്റിൻഡീസുമായുള്ള രണ്ട് മത്സര പരമ്പരയോടെ ആരംഭിക്കുക. നിലവിലെ റണ്ണറപ്പുകളായ ഓസീസ് മുൻ ചാമ്പ്യൻമാരുമാണ്. നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്ക ഒക്‌ടോബറിൽ പാകിസ്ഥാനിൽ കളിക്കും. നവംബറിൽ വെസ്‌റ്റിൻഡീസുമായാണ് പ്രഥമ ചാമ്പ്യൻമാരായ ന്യൂസിലൻഡിന്റെ ആദ്യ പോരാട്ടം.
ഇന്ത്യ ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിൽ
അഞ്ച് ടെസ്‌റ്റ്: ഇംഗ്ലണ്ട് (ജൂൺ)
രണ്ട് ടെസ്‌റ്റ്: ശ്രീലങ്ക (ആഗസ്‌ത്)
രണ്ട് ടെസ്‌റ്റ്: വെസ്‌റ്റിൻഡീസ് (ഒക്‌ടോബർ)
രണ്ട് ടെസ്‌റ്റ്: ന്യൂസിലൻഡ് (ഒക്‌ടോബർ)
രണ്ട് ടെസ്‌റ്റ്: ദക്ഷിണാഫ്രിക്ക (നവംബർ)
അഞ്ച് ടെസ്‌റ്റ്: ഓസ്‌ട്രേലിയ (2027 ജനുവരി)









0 comments