നിസങ്കയ്ക്ക് സെഞ്ചുറി; ബംഗ്ലാദേശിനെതിരെ ലങ്ക ശക്തമായ നിലയിൽ

കൊളംബോ: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക ശക്തമായ നിലയിൽ. ബംഗ്ലാദേശിൻറെ ഒന്നാം ഇന്നിംങ്സ് സ്കോറായ 247 റൺസ് ശ്രീലങ്ക അനായാസം മറികടന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 78 ഓവറില്‍ 290/2 എന്ന നിലയിലാണ് ലങ്ക. ഓപ്പണർ പതും നിസങ്കയുടെ (238 പന്തിൽ പുറത്താകാതെ 146) സെഞ്ചുറിയാണ് ടീമിനെ മുന്നോട്ട് നയിച്ചത്. നിസങ്കയ്ക്കൊപ്പം പ്രബാത് ജയസൂര്യയുമാണ് (13 പന്തിൽ 5) ക്രീസിലുള്ളത്.
ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത ബംഗ്ലദേശ് രണ്ടാം ടെസ്റ്റിൽ 247 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 46 റൺസെടുത്ത ഓപ്പണർ ഷദ്മാൻ ഇസ്ലാമാണ് ടോപ് സ്കോറർ. മുഷ്‌ഫിക്കർ റഹീം (35), ലിറ്റൺ ദാസ് (34), മെഹ്ദി ഹസൻ മിറാസ് (31) എന്നിവരാണ് ലങ്കൻ ബോളർമാർക്ക് മുന്നിൽ പിടിച്ചു നിന്നത്. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയ തിളങ്ങിയ ക്യാപ്റ്റൻ നജ്‌മുൾ ഹൊസൈൻ ഷാന്റോ എട്ട് റൺസിന് പുറത്തായി.
ശ്രീലങ്കക്കായി അസിത ഫെർണാണ്ടോയും സോനാൽ ദിനുഷയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ വിശ്വ ഫെർണാണ്ടോ രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക മികച്ച രീതിയിൽ ബാറ്റ് ചെയ്തു. സ്കോർ 88 റൺസിലെത്തി നിൽക്കെ ലഹിരു ഉദാരയുടെ (65 പന്തിൽ 40) വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായത്. എന്നാൽ പിന്നീട് ക്രീസിലെത്തിയ ദിനേശ് ചണ്ഡിമലും (153 പന്തിൽ 93) പതും നിസങ്കയും ചേർന്ന് ടീം സ്കോർ ഉയർത്തുകയായിരുന്നു. സ്കോർ 282 ൽ എത്തി നിൽക്കെയാണ് ദിനേശ് ചണ്ഡിമൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയത്. രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയായിരുന്നു.









0 comments