ശ്രീലങ്ക- ബംഗ്ലാദേശ് ടെസ്റ്റ് സമനിലയിലേക്ക്

ഗാലേ: ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റ് സമനിലയിലേക്ക്. മഴ കൂടി കളിച്ചതോടെ അവസാനദിനമായ ഇന്ന് രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 237 എന്ന നിലയിലാണ് ബംഗ്ലാദേശ്. അർദ്ധ സെഞ്ചുറിയുമായി ക്യാപ്‌റ്റൻ നജ്‌മൽ ഹുസൈൻ ഷാന്റോ (89) ക്രീസിലുണ്ട്. സ്‌കോർ: ബംഗ്ലാദേശ് 495, 237/4. ശ്രീലങ്ക 485.
പത്ത് റൺ ലീഡുമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ബംഗ്ലാദേശിന് ഓപ്പണർ ഹദ്‌മാൻ ഇസ്ലാം (76) നല്ല തുടക്കമാണ് നൽകിയത്. അഞ്ചാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 177 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ടീമിന് മുഷ്‌ഫിഖർ റഹീമിന്റെ (49) വിക്കറ്റാണ് നഷ്ടമായത്. ക്യാപ്റ്റനൊപ്പം നാലാം വിക്കറ്റിൽ റഹീം 109 റൺസ് കൂട്ടിച്ചേർത്തിരുന്നു. നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സിൽ 495 റൺസെടുത്തിരുന്നു. സെഞ്ചുറികളുമായി ക്യാപ്‌റ്റൻ നജ്‌മുൾ ഹൊസൈൻ ഷാന്റോയും (148) മുഷ്‌ഫിക്കർ റഹീമുമാണ് (163) സ്‌കോർ ഉയർത്തിയത്. ലിറ്റൺ ദാസ് 90 റണ്ണെടുത്തു.
മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക ആദ്യ ഇന്നിങ്സിൽ 485 റൺസിൽ എല്ലാവരും പുറത്തായി. ഓപ്പണർ പതും നിസങ്കയുടെ (187) തകർപ്പൻ സെഞ്ചുറി ലങ്കയ്ക്കും കരുത്തായി. അർദ്ധ സെഞ്ചുറിയുമായി കമിന്ദു മെൻഡിസും (87) തിളങ്ങി. നാലാം ദിവസം ലങ്കയുടെ അവസാന ആറ് വിക്കറ്റുകൾ 117 റണ്ണിനിടെ വീഴുകയായിരുന്നു.









0 comments