ശ്രീലങ്കയോട് ഇന്നിങ്സ് തോൽവി; പരമ്പരയും നഷ്ടമായി: ബംഗ്ലാദേശ് നായകൻ രാജിവെച്ചു

കൊളംബോ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ ബംഗ്ലദേശ് ക്യാപ്റ്റൻ സ്ഥാനം നജ്‌മുൾ ഹൊസൈൻ ഷാന്റോ രാജിവെച്ചു. കൊളംബോയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്നിങ്സിനും 78 റൺസിനും ദയനീയമായി തോറ്റതിന് പിന്നാലെയാണ് പ്രഖ്യാപനം. 'ടെസ്റ്റ് ഫോർമാറ്റിൽ നായകനായി തുടരാൻ ഇനി താൽപര്യമില്ല. ടീമിന്റെ നല്ലതിനുവേണ്ടിയാണ് രാജിവെയ്ക്കുന്നത്'- മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ ഷാന്റോ പറഞ്ഞു.
ആദ്യ ടെസ്റ്റ് പരമ്പര സമനിയിൽ കലാശിച്ചിരുന്നു. എന്നാൽ രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശ് ചിത്രത്തിലെ ഇല്ലാതായി. നാലാം ദിനം ആറു വിക്കറ്റ് നഷ്ടത്തിൽ 115 റൺസുമായി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് 133 റൺസ് ഓൾഔട്ടായി. സ്‌കോർ: ബംഗ്ലാദേശ് 247, 133; ശ്രീലങ്ക 458. സെഞ്ചുറിയുമായി ശ്രീലങ്കൻ നിരയിൽ തിളങ്ങിയ ഓപ്പണർ പതും നിസങ്കയാണ് കളിയിലെ കേമൻ. ആദ്യ ടെസ്റ്റിലും സെഞ്ചുറി നേടിയ നിസ്സങ്ക തന്നെ പരമ്പരയുടെ താരവും. നാലാം ദിനം 18 റൺസ് കൂട്ടിചേർക്കുമ്പോഴേക്കും ബംഗ്ലാദേശിന്റെ ശേഷിച്ച നാലു വിക്കറ്റുകളും നഷ്ടമായി. ലിറ്റൻ ദാസ് (14), നയീം ഹസൻ (5), തയ്ജുൽ ഇസ്‍ലാം (6), എബാദത്ത് ഹുസൈൻ (6) എന്നിവരാണ് പുറത്തായത്.
ആദ്യ ഇന്നിങ്സിൽ 247 റണ്ണിന് ബംഗ്ലാദേശ് പുറത്താവുകയായിരുന്നു. ക്യാപ്റ്റൻ അടക്കമുള്ള താരങ്ങൾ താളം കണ്ടെത്താതെന വന്നപ്പോഴാണ് ടീമിന് പിഴച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക നിസ്സങ്കയുടെ തുടർച്ചയായ രണ്ടാം സെഞ്ചറിയുടെ (158) മികവിൽ 458 റൺെസെടുത്തു. ദിനേഷ് ചണ്ഡിമൽ(93), കുശാൽ മെൻഡിസ് (84) എന്നിവരും ലങ്കയ്ക്കായി തിളങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ചയായിരുന്നു. 26 റൺസ് നേടി മുഷ്‌ഫിക്കർ റഹീമാണ് ടോപ് സ്കോറർ. ശ്രീലങ്കയ്‌ക്കായി പ്രഭാത് ജയസൂര്യ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.









0 comments