print edition ഗിൽ കളിച്ചേക്കില്ല, പന്ത് ക്യാപ്‌റ്റനാകും ; രണ്ടാം ടെസ്‌റ്റ് നാളെ

ശുഭ്‌മാൻ ഗിൽ
ഗുവാഹത്തി
ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്‌മാൻ ഗിൽ കളിക്കാൻ സാധ്യതയില്ല. ആദ്യ ടെസ്‌റ്റിനിടെ കഴുത്തിന് പരിക്കേറ്റ ഗിൽ പൂർണമായും ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ലെന്നാണ് സൂചന. കൂടുതൽ വിശ്രമമാണ് ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുന്നത്.
വൈസ് ക്യാപ്‌റ്റൻ ഋഷഭ് പന്ത് പകരം ക്യാപ്‌റ്റനായേക്കും. നാളെ ഗുവാഹത്തിയിലാണ് രണ്ടാം ടെസ്‌റ്റ്. ആദ്യ കളി തോറ്റ ഇന്ത്യ പിന്നിലാണ്. ഗിൽ കളിക്കുന്നില്ലെങ്കിൽ ബി സായ് സുദർശൻ, ദേവ്‌ദത്ത് പടിക്കൽ, നിതീഷ് കുമാർ റെഡ്ഡി എന്നിവരിലൊരാൾ പകരമിറങ്ങും. 30ന് ആരംഭിക്കുന്ന ഏകദിന പരന്പരയിലും ഗിൽ വിട്ടുനിൽക്കാനാണ് സാധ്യത. ഞായറാഴ്‌ച ഏകദിന ടീമിനെ പ്രഖ്യാപിക്കും. പന്തോ കെ എൽ രാഹുലോ ക്യാപ്‌റ്റനാകും.
കൊൽക്കത്ത ടെസ്‌റ്റിന്റെ രണ്ടാംദിനമാണ് ക്യാപ്‌റ്റന് കഴുത്തിന് പരിക്കേറ്റത്. ബാറ്റിങ് പൂർത്തിയാക്കാതെ മടങ്ങിയ വലംകൈയൻ ബാറ്റർ പിന്നെ കളത്തിലിറങ്ങിയില്ല. കളി ഇന്ത്യ തോൽക്കുകയും ചെയ്‌തു.
ആദ്യ ടെസ്‌റ്റിൽ ദക്ഷിണാഫ്രിക്കൻ ബൗളിങ് ആക്രമണത്തിന് മുന്നിലാണ് ഇന്ത്യ തോറ്റത്. ആദ്യമായി ടെസ്‌റ്റിന് വേദിയാകുന്ന ഗുവാഹത്തിയിൽ കാര്യങ്ങൾ മാറിയേക്കും. ബാറ്റർമാർക്കും ബൗളർമാർക്കും ഒരു പോലെ പിന്തുണ നൽകുന്നതായിരിക്കും പിച്ച്. ഇൗ സാഹചര്യത്തിൽ നാല് സ്‌പിന്നർമാരെ ഒരേ സമയം ഇന്ത്യ കളിപ്പിച്ചേക്കില്ല. അക്‌സർ പട്ടേലിന് പകരം പേസ് ഓൾ റൗണ്ടർ നിതീഷിനാണ് സാധ്യത. ഗുവാഹത്തിയിൽ നിതീഷിന്റെ ബൗളിങ്ങും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇടംകൈയൻ ബാറ്റർമാരെയാണ് പരിഗണിക്കുന്നതെങ്കിൽ സായ് സുദർശനോ ദേവ്ദത്തിനോ ആയിരിക്കും അവസരം കിട്ടുക.
ആദ്യ ടെസ്‌റ്റിലെ തോൽവി പരിശീലകൻ ഗൗതം ഗംഭീറിനെയും സമ്മർദത്തിലാക്കിയിട്ടുണ്ട്. അതിനാൽ അമിത പരീക്ഷണത്തിന് ഗംഭീർ മുതിർന്നേക്കില്ല. മഞ്ഞുവീഴ്‌ചക്ക് സാധ്യതയുള്ളതിനാൽ ഗുവാഹത്തിയിൽ രാവിലെ ഒന്പത് മണിക്കാണ് കളി തുടങ്ങുക.








0 comments