ലൈംഗികാതിക്രമം: വനിതാ താരത്തിന്റെ പരാതി അന്വേഷിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

ധാക്ക: മുൻ സെലക്ടർ മഞ്ജുരുൾ ഇസ്ലാം അടക്കമുള്ളവർക്കെതിരായ വനിതാ താരത്തിന്റെ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി). ബംഗ്ലാദേശ് വനിതാ താരം ജഹനാര ആലയുടെ ആരോപണങ്ങൾ അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചതായും കമ്മറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും ബിസിബി അറിയിച്ചു.
2022-ലെ വനിതാ ലോകകപ്പിനിടെ ടീം മാനേജ്‌മെന്റിലെ പലരിൽനിന്നും മോശം സമീപനം നേരിട്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് താരം വെളിപ്പെടുത്തിയത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. ഒരിക്കൽ മഞ്ജുരുൾ ഇസ്ലാം തന്റെ അടുത്തുവന്ന് കൈ പിടിച്ചു. തോളിൽ കൈവെച്ചു, നെഞ്ചോട് ചേർത്തമർത്തി ചെവിയോട് ചേർന്ന് നിങ്ങളുടെ ആർത്തവം എത്ര ദിവസമായി എന്ന് ചോദിച്ചു. നിങ്ങളുടെ ആർത്തവം കഴിയുമ്പോൾ, എന്നോട് പറയൂ എന്നും പറഞ്ഞെന്നും താരം വീഡിയോയിൽ പറഞ്ഞു. ടീം മാനേജ്‌മെന്റിന്റെ ഭാഗമായ ഒരാളാണ് തന്നെ ആദ്യം മോശമായി സമീപിച്ചതെന്നും ജഹനാര പറയുന്നു.
തനിക്ക് പലതവണ മോശം പ്രകടനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഒരു ടീമെന്ന നിലയിൽ നിൽക്കുമ്പോൾ തങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ പോലും പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കാൻ കഴിയില്ലെന്നും അവർ പറയുന്നു. നിലവിൽ ബംഗ്ലാദേശ് വനിതാ ടീമിന്റെ ഭാഗമല്ലാത്ത ജഹനാര ക്രിക്കറ്റിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. ഓസ്ട്രേലിയയിലാണ് താമസം.









0 comments