സൽമാൻ നിസാറിനും അഖിൽ സ്കറിയയ്ക്കും അർധസെഞ്ചുറി; കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് ആദ്യ ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് ആദ്യ ജയം. ട്രിവാൻഡ്രം റോയൽസിനെ ഏഴു വിക്കറ്റിനാണ് ടീം തകർത്തത്. വൈസ് ക്യാപ്റ്റൻ സൽമാൻ നിസാറും 51(34), അഖിൽ സ്കറിയയും 67( 31) പുറത്താവാതെ നേടിയ അർധസെഞ്ചുറിയുടെ കരുത്തിലാണ് കാലിക്കറ്റിന്റെ വിജയം.
ടോസ് നേടിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ട്രിവാൻഡ്രം റോയൽസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അർധസെഞ്ചുറിയാമായി ക്യാപ്റ്റൻ കൃഷ്ണ പ്രസാദ് 78 (54) തിളങ്ങിയതോടെ 20 ഓവറിൽ ട്രിവാൻഡ്രം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. സബിൻ എസ് 23 (12), അബ്ദുൾ ബാസിത് 24 (22) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. കാലിക്കറ്റിനായി അഖിൽ സ്ഖറിയ മൂന്നും മോനു കൃഷ്ണ രണ്ടും മനു കൃഷ്ണ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിനെയും 12 (6) എം അജ്നാസിനെയും 5 (12) തുടക്കത്തിലെ നഷ്ടമായി. സച്ചിൻ സുരേഷിനെ 28 (32) കൂടി നഷ്ടമായതോടെ പത്ത് ഓവറിൽ 68/3 റൺസ് എന്ന നിലയിലേക്ക് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് കൂപ്പുകുത്തി. എന്നാൽ പിന്നീട് കളത്തിലെത്തിയ സൽമാൻ നിസാറും അഖിൽ സ്കറിയയും ഒമ്പത് ഓവറിൽ 106 റൺസ് അടിച്ചെടുത്ത് കാലിക്കറ്റിന് വിജയം സമ്മാനിക്കുകയായിരുന്നു.









0 comments