ഇംഗ്ലണ്ടിൽ പരിശീലനത്തിനിടെ ഋഷഭ് പന്തിന് പരിക്ക്

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തിന് പരിക്ക്. ഞായറാഴ്ച പരിശീലനിത്തിനിടെ താരത്തിന്റെ ഇടത് കൈയ്ക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. ശനിയാഴ്ചയാണ് ശുഭ്‌മാൻ ഗില്ലിന് കീഴിലുള്ള ഇന്ത്യൻ സംഘം ഇംഗ്ലണ്ടിലെത്തിയത്. അഞ്ച് മത്സര പരമ്പരയ്‌ക്ക് 20നാണ് തുടക്കം. ലീഡ്‌സിലാണ് ആദ്യ കളി.
പേസർമാരായ ജസ്‌പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്‌ണ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിങ്, വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ എന്നിവരാണ് ക്യാപ്‌റ്റനൊപ്പം ഞായറാഴ്ച പരിശീലനത്തിന് ഇറങ്ങിയത്. പരിശീലകൻ ഗൗതം ഗംഭീറുമുണ്ടായിരുന്നു. ഇന്ത്യൻ ടീമിന്റെ ഭാഗമായ ചില കളിക്കാർ എ ടീമിനൊപ്പം സന്നാഹ മത്സരങ്ങളിൽ കളിക്കുന്നുണ്ട്.
രോഹിത് ശർമ, വിരാട് കോഹ്‌ലി, ആർ അശ്വിൻ എന്നിവർ വിരമിച്ചശേഷമുള്ള ആദ്യ ടെസ്‌റ്റ് പരമ്പരയിലാണ് ഇരുപത്തഞ്ചുകാരൻ ശുഭ്‌മാൻ ഗിൽ ക്യാപ്‌റ്റനായി അരങ്ങേറുന്നത്. പതിനെട്ടംഗ ടീമിൽ മലയാളിതാരം കരുൺ നായരും ഉൾപ്പെട്ടു. എട്ട് വർഷത്തിനുശേഷമാണ് കരുൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്നത്. ബി സായ് സുദർശനും അർഷ്‌ദീപ് സിങ്ങുമാണ് പുതുമുഖങ്ങൾ.
ഇന്ത്യക്കെതിരായ ടെസ്‌റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനെ ബെൻ സ്‌റ്റോക്‌സാണ് നയിക്കുന്നത്. മൂന്ന് വർഷത്തിനുശേഷം പേസർ ജാമി ഒവർട്ടൺ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ തിരിച്ചെത്തി. 2022 ജൂണിൽ ന്യൂസിലൻഡിനെതിരെയാണ് ഒവർട്ടൺ ഏക ടെസ്റ്റ് കളിച്ചത്. സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിൽനിന്നും പരിക്കുകാരണം പിൻമാറിയ പേസർ ക്രിസ് വോക്‌സും മടങ്ങിയെത്തി. ജോഫ്ര ആർച്ചർ, മാർക് വുഡ് എന്നിവർ പുറത്താണ്. ഇരുവർക്കും പരിക്കാണ്.









0 comments