ഐപിഎല്ലിൽ തിളങ്ങാനാകുന്നില്ല

മാറ്റുകുറഞ്ഞ്‌ പന്ത്‌ ; പത്ത് ഇന്നിങ്സിൽ 128 റൺമാത്രം

rishabh pant
avatar
Sports Desk

Published on May 06, 2025, 04:06 AM | 2 min read


ലഖ്‌നൗ :

ഋഷഭ്‌ പന്തിന്‌ എന്തുപറ്റി?

ഐപിഎൽ ക്രിക്കറ്റ്‌ ഈ സീസൺ അവസാനത്തോട്‌ അടുക്കുമ്പോൾ ഇന്ത്യൻ വിക്കറ്റ്‌ കീപ്പറാണ്‌ ചർച്ചാവിഷയം. സമീപകാലത്ത്‌ ഇന്ത്യൻ ക്രിക്കറ്റിലെ താരോദയമായി വന്ന ഇടംകൈയൻ ബാറ്റർ ഐപിഎല്ലിൽ തുടർ പരാജയങ്ങളിൽ പതറുകയാണ്‌. തിരിച്ചുവരാൻ കഴിയാത്തവിധം ആത്മവിശ്വാസം നഷ്ടപ്പെട്ട രീതിയിലാണ്‌ കളി. കാറപകടം സംഭവിച്ചശേഷമുള്ള രണ്ടാം സീസണാണ്‌ പന്തിന്‌. ഇക്കുറി പത്ത്‌ ഇന്നിങ്‌സിൽ നേടിയത്‌ 128 റൺമാത്രം. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ക്യാപ്‌റ്റൻ എന്ന രീതിയിലും പരാജയം.


തുടർച്ചയായ മൂന്നാം തോൽവിയോടെ ലഖ്‌നൗവിന്റെ പ്ലേഓഫ്‌ സാധ്യത മങ്ങി. പന്തിന്റെ പുറത്താകൽ രീതികൾ കണ്ടാൽ കളിജീവിതം തകർച്ചയിലേക്കാണെന്ന തോന്നലുണ്ടാകും. അത്രയും ആത്മവിശ്വാസമില്ലാത്ത രീതിയിലാണ്‌ ബാറ്റ്‌ വീശുന്നത്‌. പലപ്പോഴും തെരഞ്ഞെടുക്കുന്ന ഷോട്ടുകൾ അമ്പരിപ്പിക്കുന്നതാണ്‌. ബൗണ്ടറികൾക്കുവേണ്ടി അസാധാരണ ഷോട്ടുകൾക്ക്‌ ശ്രമിച്ചാണ്‌ ഏറെയും പുറത്താകലുകൾ.


പന്ത്‌ ബാറ്റ്‌ ചെയ്യുന്ന സ്ഥാനം മാറണമെന്നായിരുന്നു മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡുവിന്റെ വിലയിരുത്തൽ. ട്വന്റി 20യിൽ ഓപ്പണർ വേഷമായിരിക്കും പന്തിന്‌ ചേരുകയെന്നും റായുഡു പറഞ്ഞു. ഈ സീസണിൽ പല സ്ഥാനങ്ങളിലും ഇടംകൈയൻ ഇറങ്ങിയിട്ടുണ്ട്‌. നാലാം നമ്പറിലായിരുന്നു തുടക്കം. പിന്നാലെ ആറാം നമ്പറിൽ ഒരു കളിയിൽ ഇറങ്ങി. അടുത്ത കളിയിൽ ഓപ്പണർ. മറ്റൊന്നിൽ ഏഴാമത്‌. തുടർന്ന്‌ നാലിലേക്ക്‌ വീണ്ടുമെത്തി. ഇതിനിടെ നേടിയത്‌ ഒരു അർധസെഞ്ചുറിമാത്രം. അഞ്ച്‌ കളിയിൽ ഒറ്റയക്കത്തിന്‌ പുറത്തായി. രണ്ട്‌ കളിയിൽ റണ്ണില്ല. പതിനൊന്ന്‌ കളിയിൽ പത്തെണ്ണത്തിൽ ബാറ്റ്‌ ചെയ്‌തു. ഉയർന്ന സ്‌കോർ 63. ബാറ്റിങ്‌ ശരാശരി 12.80. പ്രഹരശേഷി 99.22. ബാറ്റർമാരുടെ പട്ടികയിൽ 100ന് താഴെ പ്രഹരശേഷിയുള്ള കളിക്കാരില്ല. ആറ്‌ സിക്‌സറും 11 ഫോറുമാണ്‌ ആകെ നേടിയത്‌.


അവസാന കളിയിൽ പഞ്ചാബ്‌ കിങ്‌സിനെതിരെ നാലാമനായി ഇറങ്ങി 17 പന്തിൽ 18 റണ്ണാണ്‌ നേടിയത്‌. അഷ്‌മത്തുള്ള ഒമർസായിയുടെ പന്തിൽ പുറത്തായി. 237 റൺ ലക്ഷ്യവുമായി ഇറങ്ങിയ ലഖ്‌നൗ 37 റണ്ണിന്‌ തോൽക്കുകയും ചെയ്‌തു.

ഐപിഎല്ലിലെ റെക്കോഡ്‌ തുകയായ 27 കോടി രൂപയ്‌ക്കാണ്‌ താരലേലത്തിൽ ലഖ്‌നൗ പന്തിനെ സ്വന്തമാക്കിയത്‌. ഈ സമ്മർദവും ഇന്ത്യൻ വിക്കറ്റ്‌ കീപ്പറുടെ കളിയെ ബാധിച്ചു. തുടർന്ന്‌ ക്യാപ്‌റ്റൻസിക്കും മാറ്റുകുറഞ്ഞു. ഒമ്പതിന്‌ റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരുവുമായാണ്‌ ലഖ്‌നൗവിന്റെ അടുത്ത കളി.



deshabhimani section

Related News

View More
0 comments
Sort by

Home